ഇശൈ ജ്ഞാനി ഇളയരാജ
ദൈവികമാണ് ഇളയരാജയുടെ സംഗീതം എന്നാണ് പറയാറ്. അതുകൊണ്ടാണ് അദ്ദേഹത്തെ 'ഇശൈജ്ഞാനി' എന്ന് വിശേഷിപ്പിക്കുന്നതും. ഭാഷാഭേദമെന്യേ ലോകമെമ്പാടുമുള്ള സംഗീതപ്രേമികള്‍ കൊണ്ടാടുന്ന ഇളയരാജയുടെ സ്വകാര്യ ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ച്...
ഇളയരാജയ്ക്ക് തമിഴ്നാട്ടിലെ ഓരോ മുക്കും മൂലയും സുപരിചിതമാണ്. ആ സ്ഥലങ്ങളെല്ലാം തുടക്കകാലത്ത് എങ്ങനെയായിരുന്നു എന്നതിനെക്കുറിച്ച് ഇന്നും നല്ല ഓര്‍മ്മയാണ് അദ്ദേഹത്തിന്. വളരെ നാളുകള്‍ക്കുശേഷം എവിടെ ചെന്നാലും ആദ്യം തിരക്കുക അവിടങ്ങളിലുള്ള ശിവക്ഷേത്രങ്ങളെക്കുറിച്ചായിരിക്കും. അവിടെ ദര്‍ശനം നടത്തുക പതിവാണ്. തന്‍റെ ജ്യേഷ്ഠന്‍ പാവലര്‍ വരദരാജനൊപ്പം കച്ചേരികള്‍ നടത്തുവാനായി തമിഴകമാകെ പ്രയാണം നടത്തിയതുകൊണ്ടാണ് ഓരോ നാടിനെക്കുറിച്ചും അദ്ദേഹത്തിന് ഇത്രമാത്രം ഭൂമിശാസ്ത്രജ്ഞാനം.
എവിടെയാണെങ്കിലും ഏത് സാഹചര്യത്തിലും ബ്രാഹ്മമുഹൂര്‍ത്തത്തില്‍ എഴുന്നേല്‍ക്കുക എന്നത് ശീലമാണ്. പ്രകൃതി സ്നേഹിയാണ് ഇശൈജ്ഞാനി. തേനി ഭാഗത്തുള്ള പശ്ചിമഘട്ട മലകളില്‍ ചെന്ന് ഇവിടെ ശാന്തമായ ഒരിടം തിരഞ്ഞെടുത്ത്, ഒപ്പം ഉള്ളവര്‍ അത്ഭുതപ്പെടുംവിധം മണിക്കൂറുകളോളം പ്രകൃതി ഭംഗി ആസ്വദിക്കും.
ആഹാരത്തിന്‍റെ വിഷയത്തില്‍ തീവ്രമായ സസ്യഭുക്കാണ് ഇളയരാജ. പ്രാതലായി കണ്ട്
ഇഡ്ഢലി, ഒരു ദോശ, ഒരു വട. ഉച്ചയ്ക്ക് ചോറ്, സാമ്പാറ്, രസം വൈകുന്നേരം കൊറിക്കാന്‍ നിലക്കടല. അത്താഴത്തിന് രണ്ട് ഇഡ്ഢലി ഇതാണ് ഒരു ദിവസത്തെ മെനു.
അന്തരിച്ച ഡോ. ബാലമുരളി കൃഷ്ണയെ ഗുരുതുല്യനായിട്ടാണ് അദ്ദേഹം കണക്കാക്കിയിരുന്നത്. ആഷാ ബോണ്‍സ്ലേയുടെ ശബ്ദത്തിന്‍റെ ആരാധകനാണ്. ഹിന്ദിയില്‍ സംഗീതസംവിധായകരായ ആര്‍.ഡി. ബര്‍മ്മന്‍, റോഷന്‍ എന്നിവരോടും ആരാധനയാണ്. റോഷന്‍ ചിട്ടപ്പെടുത്തിയ 'ബര്‍സാത് കി ഏക് രാത്'ലെ ഗാനങ്ങള്‍ ഇടയ്ക്കിടെ ഇളയരാജ കേള്‍ക്കുന്നു.
പഴന്തമിഴ് സാഹിത്യങ്ങള്‍ വായിക്കുന്നതില്‍ അതീവ താല്‍പ്പര്യമാണ്. കീരവാണിയും കല്യാണിയുമാണ് ഇശൈജ്ഞാനിയുടെ ഇഷ്ടരാഗങ്ങള്‍. ഈ രാഗങ്ങളിലാണ് അദ്ദേഹം ഏറിയ പങ്കും ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ എല്ലാ രാഗവും തനിക്ക് ഒന്നാണെന്നാണ് പറയുക.
എല്ലാവരും പറയുന്നതുപോലെ ഇളയരാജ അന്തര്‍മുഖനോ മുരടനോ അല്ല. ഹാസ്യം പറയാനും കേള്‍ക്കുവാനും ഇഷ്ടമുള്ള ആളാണ്. കവുണ്ടമണി, വടിവേലു എന്നിവരാണ് ഇഷ്ടപ്പെട്ട ഹാസ്യതാരങ്ങള്‍.
പുതിയ മോഡല്‍ ആപ്പിള്‍ ഫോണ്‍ വിപണിയിലെത്തിയാല്‍ അടുത്തദിവസം തന്നെ ഇളയരാജ സ്വന്തമാക്കും. വെളുത്ത കര്‍ച്ചീഫും ആപ്പിള്‍ ഫോണും പുറത്തിറങ്ങുമ്പോള്‍ എപ്പോഴും കൈവശമുണ്ടാവും. കൈവശം പണം കൊണ്ടുനടക്കുന്ന ശീലമില്ല.
'ഇശൈജ്ഞാനി'യ്ക്ക് എപ്പോഴെങ്കിലും മാനസികമായ ക്ഷീണം തോന്നിയാല്‍ അദ്ദേഹം മുല്ല ആറിന്‍റെ കരയിലെ ലോവര്‍ ക്യാമ്പിലുള്ള അമ്മയുടെ സമാധിയിലെത്തുന്നു. ശാന്തമായ അന്തരീക്ഷത്തോടുകൂടിയ അവിടെ മണിക്കൂറുകളോളം ചെലവിടും. ആ സമയത്ത് അദ്ദേഹം തന്നെ അവിടമാകെ തൂത്തുവൃത്തിയാക്കുകയും ചെയ്യും.
തിരുവണ്ണാമലൈയാണ് മാനസികമായി അടുപ്പമുള്ള സ്ഥലം. അവിടെ രമണാശ്രമത്തില്‍ ഇളയരാജയ്ക്കുവേണ്ടി മാത്രമായ ഒരു മുറിയുണ്ട്.