Wednesday, 10 June 2026 | 04:13 PM

Interviews

ഇനി എങ്ങനെയുള്ള സിനിമകള്‍ ചെയ്യണം, ഏതുതരം കഥാപാത്രങ്ങളില്‍ അഭിനയിക്കണം, ഏത് പാതയിലൂടെ സഞ്ചരിക്കണം എന്നിങ്ങനെ എല്ലാ വിഷയങ്ങളിലും തീരുമാനമെടുക്കുന്നത് ആ ബ്രേക്ക് ടൈമിലാണ്... -മഞ്ജിമാ മോഹന്‍

അജയ്കുമാര്‍ 05 May 2026 12:30 PM
ഇനി എങ്ങനെയുള്ള സിനിമകള്‍ ചെയ്യണം, ഏതുതരം കഥാപാത്രങ്ങളില്‍ അഭിനയിക്കണം, ഏത് പാതയിലൂടെ സഞ്ചരിക്കണം എന്നിങ്ങനെ എല്ലാ വിഷയങ്ങളിലും തീരുമാനമെടുക്കുന്നത് ആ ബ്രേക്ക് ടൈമിലാണ്... -മഞ്ജിമാ മോഹന്‍

ആരാധകമനസ്സില്‍ വീണ്ടും ഇടം നേടിയിരിക്കയാണ് മഞ്ജിമാ മോഹന്‍. 'സുഴല്‍ 2' എന്ന തമിഴ് വെബ്സീരീസിലെ നാഗമ്മ എന്ന അരയത്തി കഥാപാത്രം മഞ്ജിമയ്ക്ക് വലിയ പ്രശംസയാണ് നേടിക്കൊടുത്തിരിക്കുന്നത്. ആ വേളയില്‍ തന്‍റെ ഇഷ്ടാനിഷ്ടങ്ങള്‍, താന്‍ കണ്ട ഇഷ്ടപ്പെട്ട സിനിമകള്‍, സിനിമാ ഇന്‍ഡസ്ട്രിയുടെ വളര്‍ച്ച എന്നിവയെക്കുറിച്ച് മഞ്ജിമ 'നാന'യോടൊപ്പം...

എങ്ങനെ പോകുന്നു വിവാഹജീവിതം?

സന്തോഷകരമായി മുന്നോട്ടുപോകുന്നു. ഞാന്‍ സിനിമയിലെത്തിയിട്ട് പത്തുവര്‍ഷം കഴിഞ്ഞു. തമിഴിലാണ് അധികം സിനിമകള്‍ ചെയ്തത്. അതുകൊണ്ട് അവര്‍ അകമഴിഞ്ഞ് എന്നെ സ്നേഹിക്കുന്നു. അവരെ ഞാനും. വലിയ സ്നേഹവും ബഹുമാനവുമാണ് തമിഴ് പ്രേക്ഷകര്‍ എനിക്ക് നല്‍കുന്നത്. ഐ ലവ് തമിഴ് സിനിമ.

വിവാഹശേഷം രണ്ടുവര്‍ഷത്തെ ജീവിതം എങ്ങനെയുണ്ടായിരുന്നു. തമിഴ്നാടിന്‍റെ മരുമകളായി എങ്ങനെ ഫീല്‍ ചെയ്യുന്നു..?

എന്നെ സ്നേഹവാത്സല്യങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടിക്കുന്നത് വളരെ സന്തോഷം നല്‍കുന്നു. 2022 ല്‍ വിവാഹം പ്ലാന്‍ ചെയ്തിരുന്നില്ല. പുറമേയ്ക്ക് ഓവര്‍ വെല്‍മിങ്ങാണെങ്കിലും ഉള്ള് വളരെയധികം കംഫര്‍ട്ടബിളാണ്. അച്ഛനോട് സംസാരിക്കുമ്പോള്‍, വിവാഹശേഷം സിനിമ വേണമെന്നില്ല, സാധാരണ ജീവിതം മതി എന്ന് പറഞ്ഞിരുന്നു. പക്ഷെ വീണ്ടും സിനിമയിലേക്ക് വരും, അഭിനയിക്കും എന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല.

ഈ രണ്ടുവര്‍ഷത്തെ ബ്രേക്കില്‍ എന്ത് ചെയ്യുകയായിരുന്നു. ലൈഫ് എന്‍ജോയ് ചെയ്യാന്‍ കഴിഞ്ഞുവോ..?

ബ്രേക്കൊന്നും ഇല്ലായിരുന്നു. വിവാഹം കഴിഞ്ഞ് ആറുമാസത്തെ ഗ്യാപ്പേ ഉണ്ടായിരുന്നുള്ളൂ. ആറാം മാസം 'സുഴല്‍' എന്ന വെബ് സീരീസില്‍ അഭിനയിക്കാന്‍ തുടങ്ങി. 2023 നവംബറിലാണ് ഷൂട്ടിങ് തുടങ്ങിയത്. അതിനുശേഷം പോസ്റ്റ് പ്രൊഡക്ഷന്‍ തീരാന്‍ ഒരു വര്‍ഷമെടുത്തു. വലിയ ബ്രേക്ക് ഒന്നും ഉണ്ടായിരുന്നില്ല. 

ആ സമയത്താണ് അച്ഛനും ഭര്‍ത്താവ് ഗൗതം കാര്‍ത്തിക്കും അടുത്ത പ്ലാന്‍ എന്താണെന്ന് ചോദിച്ചത്. ശരി ഇത്ര ദിവസം റിലാക്സ് ചെയ്തു, ഇനി അഭിനയിക്കാം എന്ന് തീരുമാനിച്ചു. ആ ആറുമാസം ഞാന്‍ വളരെയധികം എന്‍ജോയ് ചെയ്തു. ഒരു കാര്യത്തിലും ടെന്‍ഷന്‍ ഇല്ലായിരുന്നു. ഇനി എന്തുചെയ്യും എന്ന പ്രഷര്‍ ഇല്ലായിരുന്നു. സ്പോട്ട് ലൈറ്റില്‍ തന്നെ ഉണ്ടാവണം എന്ന് ചിന്തിച്ചില്ല. ഒരു ഫങ്ഷനും പുറത്തുപോയില്ല. പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടില്ല. വീട്ടിലിരുന്ന് ആരോഗ്യത്തില്‍ ശ്രദ്ധ ചെലുത്തി.

തിയേറ്ററില്‍ കാണാത്ത സിനിമകള്‍ ഒടിടിയില്‍ കണ്ട് സുഖിച്ചിരിക്കയായിരുന്നു. ധാരാളം യാത്രകള്‍ ചെയ്തു. ക്ഷേത്രങ്ങളില്‍ പോയി. എന്‍റെ പെറ്റായിട്ടുള്ള പൂച്ചകളുമായി സമയം ചെലവഴിച്ചു. ഇതിനുമുമ്പും ഞാന്‍ ബ്രേക്ക് എടുത്തിട്ടുണ്ട്. ബ്രേക്ക് എനിക്ക് വളരെയധികം ഇഷ്ടമാണ്. ചിലപ്പോള്‍ വളരെയധികം ഓടിക്കൊണ്ടേയിരിക്കും, നമ്മള്‍ എത്രദൂരം സഞ്ചരിച്ചു. ഇനി എന്തുചെയ്യണം എന്ന് ചിന്തിക്കും. അതാണ് എനിക്ക് ടേണിംഗ് പോയിന്‍റ്. ഇനി എങ്ങനെയുള്ള സിനിമകള്‍ ചെയ്യണം, ഏതുതരം കഥാപാത്രങ്ങളില്‍ അഭിനയിക്കണം, ഏത് പാതയിലൂടെ സഞ്ചരിക്കണം എന്നിങ്ങനെ എല്ലാ വിഷയങ്ങളിലും തീരുമാനമെടുക്കുന്നത് ആ ബ്രേക്ക് ടൈമിലാണ്.

ഇനി എങ്ങനെയുള്ള സിനിമകള്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്?

രണ്ട് വര്‍ഷത്തിലൊരിക്കല്‍ സിനിമ മാറിക്കൊണ്ടിരിക്കയാണ്. ഒടിടിയില്‍ ധാരാളം സിനിമകള്‍ വരുന്നു. അതിനായി എടുക്കുന്ന സിനിമകളില്‍ ഒട്ടേറെപ്പേര്‍ നന്നായി അഭിനയിക്കുന്നുണ്ട്. അതൊക്കെ കാണുമ്പോള്‍ ആവറേജായ ക്യാരക്ടര്‍ ചെയ്യരുത് എന്ന് തോന്നുന്നു. നല്ല ക്യാരക്ടറുകള്‍ ചെയ്യണം എന്നാണ് തീരുമാനം. എല്ലാവര്‍ക്കും അങ്ങനെ കിട്ടുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും എനിക്ക് കിട്ടുമെന്ന് വിശ്വസിക്കുന്നു. ഒടിടിയെ സംബന്ധിച്ചിടത്തോളം ധാരാളം അവസരങ്ങളുണ്ട്. ജ്യോതിക, സായ്പല്ലവി, നിമിഷാ സജയന്‍ പോലുള്ളവര്‍ ചെയ്യുന്ന ക്യാരക്ടറുകള്‍ കാണുമ്പോള്‍, അത്തരം കഥാപാത്രങ്ങള്‍ കിട്ടിയാല്‍ കൊള്ളാം എന്ന് തോന്നും.

Tags
manjima mohan suzhal 2 gautham karthik