അഭിനയത്തോട് വളരെയധികം പാഷന്‍ ഉള്ള ഒരു നടനാണ് ജഗദീഷ് ഏട്ടന്‍...
രേഖാചിത്രം, കിഷ്കിന്ധാകാണ്ഡം എന്നീ ഹിറ്റ് സിനിമകള്‍ക്കുശേഷം മലയാളികളുടെ പ്രിയനടന്‍ ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രമാണ് ആഭ്യന്തര കുറ്റവാളി. നവാഗതനായ സേതുനാഥ് പത്മകുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം ഈ അവധിക്കാലത്ത് നല്ലൊരു ഫാമിലി എന്‍റര്‍ടെയ്നര്‍ ആകുമെന്ന് ഉറപ്പ് തരുന്നു. സിനിമയുടെ വിശേഷങ്ങളുമായി ആസിഫ് അലി.
ഒരു കുറ്റാന്വേഷണ സിനിമയാണ് എന്ന് തോന്നിക്കുന്ന ഒരു ടൈറ്റിലാണ് ആഭ്യന്തര കുറ്റവാളി. ശരിക്കും എന്താണ് ആഭ്യന്തര കുറ്റവാളി?
ആഭ്യന്തര കുറ്റവാളി എന്ന സിനിമ ഇന്നത്തെ സമൂഹത്തില്‍ വളരെ അത്യാവശ്യമായി പറയപ്പെടേണ്ട ഒരു വിഷയമാണ്. അതുകൊണ്ടാണ് ഞാന്‍ ഈ സിനിമ തെരഞ്ഞെടുത്തത്. ഇതൊരു പുരുഷ പക്ഷ സിനിമയാണെന്നും മറ്റുമുള്ള വ്യാഖ്യാനങ്ങള്‍ ട്രെയിലര്‍ ഇറങ്ങിയതിനുപിറകെ ഉയര്‍ന്നുവന്നിരുന്നു. സമൂഹത്തില്‍ പുരുഷന്മാര്‍ അനുഭവിക്കുന്ന ചില പ്രശ്നങ്ങള്‍ അഡ്രസ് ചെയ്യുന്ന, പുരുഷന്മാര്‍ക്ക് വേണ്ടി സംസാരിക്കുന്ന ഒരു സിനിമയാണിത്. എന്നാല്‍ ഇതൊരു പുരുഷപക്ഷ സിനിമയല്ല. സിനിമയുമായി കുറേപ്പേര്‍ക്ക് കണക്ട് ചെയ്യാന്‍ പറ്റും എന്നുതന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.
നടന്‍ ജഗദീഷിന്‍റെ അഭിനയമികവ് പുതിയ തലമുറ വളരെ കൂടുതലായി ചര്‍ച്ചചെയ്യുന്ന ഒരു സമയമാണിത്. അദ്ദേഹത്തിന്‍റെ കൂടെയുള്ള വര്‍ക്കിംഗ് എങ്ങനെയുണ്ടായിരുന്നു?
വളരെ നല്ല അനുഭവമായിരുന്നു അത്. ഇത്രയും അഭിനയപരിചയവും പല വലിയ അഭിനേതാക്കളുടെ കൂടെ വര്‍ക്ക് ചെയ്ത അനുഭവവും ഉള്ള ഒരു വ്യക്തി എന്ന നിലയില്‍ അദ്ദേഹത്തിന്‍റെ കൂടെ അഭിനയിക്കുമ്പോള്‍ നമ്മള്‍ക്ക് സ്വാഭാവികമായും കുറെ കാര്യങ്ങള്‍ പഠിക്കാന്‍ പറ്റും. സ്ക്രിപ്റ്റില്‍ ഇല്ലാത്ത പല സംഭാഷണങ്ങളും അദ്ദേഹം പല സമയത്തും പ്രയോഗിച്ചുകണ്ടിട്ടുണ്ട്. ഒരു വക്കീല്‍ വേഷമാണ് അദ്ദേഹം സിനിമയില്‍ ചെയ്യുന്നത്.
അവിടെയുള്ള ചില കോടതി കീഴ്വഴക്കങ്ങളില്‍ സ്ക്രിപ്റ്റില്‍ ഇല്ലാത്ത കാര്യങ്ങള്‍ കയ്യില്‍ നിന്ന് ഇടുന്നത് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. അതെല്ലാം ഈ സീനിനെ മികച്ചതാക്കിയിട്ടേയുള്ളൂ. എനിക്ക് കോടതിയില്‍ നിന്നുള്ള ഒരുപാട് ലെങ്തി ഷോട്ടുകള്‍ ഉണ്ടായിരുന്നു. അതിന്‍റെ പല സമയങ്ങളിലും ജഗദീഷ് ഏട്ടന്‍ അദ്ദേഹത്തിന് ഷോട്ട് ഇല്ലെങ്കില്‍ പോലും എനിക്ക് സപ്പോര്‍ട്ടീവായി ഇരിക്കാറുണ്ടായിരുന്നു. കുറെ ഇമ്പ്രോവൈസേഷന്‍ പറഞ്ഞുതരുമായിരുന്നു. അതുകൊണ്ട് എനിക്ക് കൂടുതല്‍ മെച്ചപ്പെട്ട അഭിനയം കാഴ്ച വയ്ക്കാന്‍ അദ്ദേഹത്തിന് സാന്നിധ്യം കൊണ്ട് സാധിച്ചിട്ടുണ്ട്. അഭിനയത്തോട് അത്രയധികം പാഷന്‍ ഉള്ള ഒരു നടനാണ് ജഗദീഷ് ഏട്ടന്‍.