Wednesday, 10 June 2026 | 06:29 PM

Interviews

കണ്ണൂര്‍ ശ്രീലത എന്ന അഭിനേത്രിയുടെ കാലം കഴിഞ്ഞു എന്ന് പലരും വിധിയെഴുതിയപ്പോഴാണ് പ്രകാശന്‍ എന്ന ആത്മമിത്രം കണ്ണൂര്‍ ശ്രീലതയുടെ ഹൃദയത്തിലേക്ക് പ്രതീക്ഷയുടെ നിലാവായി പെയ്തിറങ്ങിയത്.

എ.എന്‍. മനയ്ക്കല്‍ 05 May 2026 12:30 PM
കണ്ണൂര്‍ ശ്രീലത എന്ന അഭിനേത്രിയുടെ കാലം കഴിഞ്ഞു എന്ന് പലരും വിധിയെഴുതിയപ്പോഴാണ് പ്രകാശന്‍ എന്ന ആത്മമിത്രം കണ്ണൂര്‍ ശ്രീലതയുടെ ഹൃദയത്തിലേക്ക് പ്രതീക്ഷയുടെ നിലാവായി പെയ്തിറങ്ങിയത്.

മാനസികമായി തളര്‍ന്നു. മനസ്സിന്‍റെ താളം തെറ്റുന്നതിനിടയില്‍ തന്നെ മനസ്സിലാക്കാനോ, സ്നേഹിക്കുവാനോ, സഹായിക്കുവാനോ ആരുമില്ലെന്ന് മനസ്സിലാക്കിയ നിമിഷം.

ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനമെടുത്ത് കണ്ണൂര്‍ കോടതി ബസ് സ്റ്റോപ്പില്‍ ആരോടൊക്കെയോ ഉള്ള അമര്‍ഷവും പുകഞ്ഞ് ബസ്സ് കാത്തുനില്‍ക്കുമ്പോഴാണ് പ്രകാശന്‍ വീണ്ടും മുന്നിലെത്തുന്നത്.

സുഖമല്ലേ... എന്ന ചോദ്യത്തിന് മുന്നില്‍ ഒരു പൊട്ടിത്തെറിയായിരുന്നു പ്രകാശന് ലഭിച്ചത്. വളരെ ശാന്തനായി നിന്നുകൊണ്ട് പ്രകാശന്‍ ശ്രീലതയോട് പറഞ്ഞു. ഞാന്‍ നിന്‍റെ ആ പഴയ ആത്മമിത്രമാണ്. നിന്‍റെ ദുരന്തവും അവസ്ഥയും മനസ്സിലായി. വിശ്വാസമുണ്ടെങ്കില്‍ കൂടെ വരിക, കുറച്ച് സംസാരിക്കാനുണ്ട്. ശ്രീലത തണുത്തു.

നാടകത്തില്‍ നിന്നും സിനിമയിലെത്തിയ മലയാളികളുടെ പ്രിയനടി കണ്ണൂര്‍ ശ്രീലത തന്‍റെ ജീവിതാനുഭവങ്ങള്‍ വായനക്കാരുമായി പങ്കുവയ്ക്കുന്നു.

കണ്ണൂര്‍ മുഴപ്പിലങ്ങാട് സ്വദേശിയായ പ്രശസ്ത നാടകരചയിതാവും സംവിധായകനുമായിരുന്ന രാജന്‍റെയും കല്ലാളം ശാന്തയുടെയും നാല് മക്കളില്‍ മൂത്തമകള്‍. വളരെ ചെറിയ പ്രായത്തില്‍ തന്നെ അച്ഛന്‍റെ നാടകസംഘമായ രാജാ തിയേറ്റേഴ്സില്‍ അഭിനയിച്ചു തുടങ്ങി. പതിമൂന്നാമത്തെ വയസ്സില്‍ തന്നെ നാടകരംഗത്ത് അറിയപ്പെടുന്ന നടിയായി ശ്രീലത വളര്‍ന്നു. അലവില്‍ ദേശീയ കലാസമിതി നാടകസംഘത്തിലൂടെയാണ് കൂടുതലും അറിയപ്പെട്ടത്.

നന്ദി വീണ്ടും വരിക എന്ന നാടകത്തിലൂടെ സംസ്ഥാന സര്‍ക്കാരിന്‍റെ അവാര്‍ഡും ശ്രീലതയെ തേടിയെത്തി. ആ സമയത്താണ് ബാലചന്ദ്രമേനോന്‍റെ പ്രശ്നം ഗുരുതരം എന്ന സിനിമയുടെ ഷൂട്ടിംഗ് കണ്ണൂരില്‍ നടക്കുന്നത്. കണ്ണൂര്‍ ശ്രീലതയുടെ ഫോട്ടോ പത്രത്തില്‍ കണ്ട ബാലചന്ദ്രമേനോന്‍ ശ്രീലതയ്ക്ക് സിനിമയില്‍ അവസരം നല്‍കി. അങ്ങനെ നാടകത്തില്‍ നിന്നും സിനിമയില്‍ ഹരിശ്രീ കുറിച്ചു. തുടര്‍ന്ന് കാണാമറയത്ത്, അപ്പുണ്ണി, തമ്മില്‍ തമ്മില്‍. 80 കളിലും 90 കളിലും ചലച്ചിത്രലോകത്ത് സജീവമായ കണ്ണൂര്‍ ശ്രീലത ടെലിവിഷന്‍ പരമ്പരകളിലും തന്‍റെ കയ്യൊപ്പ് ചാര്‍ത്തി.

കണ്ണൂര്‍ ശ്രീലത എന്ന അഭിനേത്രിയുടെ കാലം കഴിഞ്ഞു എന്ന് പലരും വിധിയെഴുതിയപ്പോഴാണ് പ്രകാശന്‍ എന്ന ആത്മമിത്രം കണ്ണൂര്‍ ശ്രീലതയുടെ ഹൃദയത്തിലേക്ക് പ്രതീക്ഷയുടെ നിലാവായി പെയ്തിറങ്ങിയത്.

ഉയിര്‍പ്പിന്‍റെ നാളുകള്‍

ഒരു നിമിഷം പോലും പാഴാക്കാതെ ശ്രീലതയെ പ്രകാശന്‍ നൃത്തം, അക്കൗണ്ടന്‍സി, തയ്യല്‍ എന്നിവയെല്ലാം പഠിപ്പിച്ചു.

ഇതിനിടയില്‍ കൊല്ലൂരില്‍ യേശുദാസിന്‍റെ അനുഗ്രഹവും വാങ്ങി ശ്രീലത, സരസ്വതി മണ്ഡപത്തില്‍ നൃത്ത അരങ്ങേറ്റവും നടത്തി. കണ്ണൂര്‍ കോവിലില്‍ നവരാത്രിനാളുകളില്‍ നൃത്തവും പ്രകാശനോടൊപ്പം പഴയ പാട്ടുകളുടെ ഗാനമേളയും നടത്തി. തനിക്ക് ആടാനും പാടാനും വീണ്ടും കഴിയുമെന്ന് കണ്ണൂര്‍ ശ്രീലത അങ്ങനെ തെളിയിച്ചു.

എല്ലാം കൊല്ലൂരമ്മയുടെ അനുഗ്രഹം

എന്‍റെ ബാല്യകാല സുഹൃത്ത്, ഞാന്‍ സിനിമാരംഗത്ത് ചുവടുറപ്പിച്ചത് മുതല്‍ ആത്മമിത്രം, എന്‍റെ ഉപദേശകന്‍, വഴികാട്ടി എല്ലാമായിരുന്നു പ്രകാശേട്ടന്‍.

എന്‍റെ അച്ഛന്‍റെ ആത്മമിത്രവും സോഷ്യലിസ്റ്റ് തൊഴിലാളി പ്രസ്ഥാനത്തിന്‍റെ നേതാവും കണ്ണൂര്‍ നഗരത്തില്‍ തെരുവോരങ്ങളില്‍ കഴിയാന്‍ വിധിക്കപ്പെട്ട തെരുവുമക്കള്‍ക്ക് രക്ഷകനായും അവര്‍ക്ക് വിദ്യാഭ്യാസം നല്‍കിയും പാര്‍പ്പിടസൗകര്യം ഒരുക്കിക്കൊടുത്തും സാമൂഹ്യപരിവര്‍ത്തനത്തിന് വിധേയമാക്കി സാധാരണ മനുഷ്യര്‍ക്കൊപ്പം ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്ത സാമൂഹ്യപരിഷ്ക്കര്‍ത്താവും ജനതാദള്‍ ജില്ലാ പ്രസിഡന്‍റുമായിരുന്ന എ.പി. കൃഷ്ണന്‍റെ മകനാണ് പ്രകാശന്‍ കിഴുത്തള്ളി.

1994 ല്‍ കെ.പി. അഹമ്മദ് സംവിധാനം ചെയ്ത ചുഴി എന്ന ഹ്രസ്വചിത്രത്തില്‍ എനിക്ക് അഭിനയിക്കാന്‍ അവസരം നല്‍കിയത് പ്രകാശേട്ടനായിരുന്നു. ഏട്ടന്‍ അതില്‍ അഭിനയിക്കുകയും സ്റ്റണ്ട് ഡയറക്ടറായും പ്രൊഡക്ഷന്‍ മാനേജരായും പ്രവര്‍ത്തിച്ചു. ഹലോ ഇന്‍സ്പെക്ടര്‍ എന്ന ടെലിഫിലിമില്‍ പ്രൊഡക്ഷന്‍ മാനേജര്‍ പ്രകാശേട്ടനായിരുന്നു. അതില്‍ നായികാപ്രാധാന്യമുള്ള വേഷം എനിക്ക് ചെയ്യാനും സാധിച്ചു. 1995 ല്‍ രാജകീയം എന്ന സിനിമയിലൂടെയാണ് ഞാന്‍ അഭിനയരംഗത്ത് വീണ്ടും സജീവമായത്.

ജീവിതത്തിന്‍റെ സത്യാന്വേഷണത്തിന്‍റെ ഭാഗമായി പ്രകാശേട്ടന്‍ കൊല്ലൂര്‍ മൂകാംബിക ഭക്തനായി മാറുകയും അവിടെ സൗപര്‍ണ്ണിക നദിക്കടുത്ത് വിദ്യാധരസ്വാമിയുടെ ആശ്രമത്തില്‍ കുറേക്കാലം താമസിക്കുകയും ചെയ്തു.

എ.എന്‍. മനയ്ക്കല്‍,
ഫോട്ടോ: പുഷ്പജന്‍ തളിപ്പറമ്പ്

Tags
Kannur Sreelatha