കീർത്തി സുരേഷ് വീണ്ടും ഹിന്ദിയിലേക്ക്...
തെന്നിന്ത്യൻ സിനിമയിലെ മുൻനിര നടിയായ കീർത്തി സുരേഷ് നായകിയായി അഭിനയിച്ച് ഈയിടെ റിലീസായ ഹിന്ദി ചിത്രമാണ് 'ബേബി ജാൻ'. തമിഴിൽ അറ്റ്‌ലി സംവിധാനത്തിൽ, വിജയ് നായകനായി അഭിനയിച്ച് പുറത്തുവന്ന് സൂപ്പർഹിറ്റായ 'തെറി'യുടെ റീമേക്കാണ് 'ബേബി ജാൻ'. അറ്റ്‌ലി നിർമ്മിച്ച ഈ ചിത്രം വൻ പരാജയമായിരുന്നു. 'രഘു താത്ത' എന്ന ചിത്രമാണ് കീർത്തിയുടേതായി തമിഴിൽ അവസാനമായി റിലീസായ ചിത്രം. ഈ രണ്ടു ചിത്രങ്ങളുടെ റിലീസിന് ശേഷമാണ് കീർത്തി സുരേഷ് വിവാഹിതയായത്. വിവാഹത്തിന് ശേഷം കീർത്തി സുരേഷ് പുതിയ സിനിമകളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ല. 'അക്ക' എന്ന വെബ് സീരീസിലാണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. Netflix OTT പ്ലാറ്റ്‌ഫോമിലാണ് ഈ വെബ് സീരീസ് റിലീസാകുന്നത്. ചരിത്ര കഥയെ ആസ്പദമാക്കി ഒരുക്കുന്ന ഈ വെബ് സീരീസിൻ്റെ ടീസർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് കീർത്തി സുരേഷ് വീണ്ടും ഒരു ഹിന്ദി സിനിമയിൽ അഭിനയിക്കാൻ പോകുന്നു എന്നുള്ള വാർത്ത പുറത്തുവന്നിരിക്കുന്നത്. റൊമാൻ്റിക് കോമഡി ചിത്രമായി ഒരുങ്ങാനിരിക്കുന്ന ഈ ചിത്രത്തിന്റെ അണിയറപ്രവർത്തകർ കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. എന്നാൽ കീർത്തി സുരേഷ് ഈ ചിത്രത്തിൽ അഭിനയിക്കാൻ കരാറിൽ ഒപ്പിട്ടു എന്നാണ് പറയപ്പെടുന്നത്.