Friday, 09 October 2026 | 09:20 AM

Interviews

ടൊവിനോ ചേട്ടന്‍ നല്‍കിയ പിന്തുണ ശരിക്കും മറക്കാന്‍ കഴിയില്ല... -മുഹമ്മദ് സിനാന്

ബിന്ദു പി.പി 09 October 2026 08:30 AM
ടൊവിനോ ചേട്ടന്‍ നല്‍കിയ പിന്തുണ ശരിക്കും മറക്കാന്‍ കഴിയില്ല... -മുഹമ്മദ് സിനാന്

Highlights

തിയേറ്ററുകളില്‍ വലിയ തരംഗമായി മുന്നേറുന്ന 'ബാലന്‍' എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സ് കവര്‍ന്ന പുതിയ ബാലതാരമാണ് ഫോര്‍ട്ട് കൊച്ചിക്കാരനായ മുഹമ്മദ് സിനാന്‍. ടൊവിനോ തോമസിനൊപ്പം ശക്തമായ കഥാപാത്രത്തെ അതിഗംഭീരമായി വെള്ളിത്തിരയില്‍ എത്തിച്ച സിനാന്‍, സിനിമയിലേക്കുള്ള തന്‍റെ അപ്രതീക്ഷിത വരവിനെക്കുറിച്ചും ഷൂട്ടിങ് അനുഭവങ്ങളെക്കുറിച്ചും 'നാന'യോട് മനസ്സുതുറക്കുന്നു.

 

ഒരു സാധാരണ ഫോര്‍ട്ട് കൊച്ചി പയ്യനായ സിനാന്‍ എങ്ങനെയാണ് 'ബാലന്‍' എന്ന സിനിമയിലേക്ക് എത്തുന്നത്?

ഒരു ദിവസം സാധാരണ പോലെ വീട്ടിലിരുന്ന് മൊബൈല്‍ ഫോണ്‍ നോക്കിക്കൊണ്ടിരിക്കുമ്പോഴാണ് ഗണപതി ചേട്ടന്‍റെ നേതൃത്വത്തില്‍ പതിനാലിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികള്‍ക്കായി ഒരു കാസ്റ്റിംഗ് കോള്‍ കാണുന്നത്. ചെറുപ്പം മുതലേ മനസ്സില്‍ സിനിമയോട് വലിയൊരു പ്രണയം ഉണ്ടായിരുന്നതുകൊണ്ട് ഒന്നും ആലോചിച്ചില്ല. പെട്ടെന്ന് തന്നെ എന്‍റെ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയും ഒരു ഫോട്ടോയും നല്‍കിയിരുന്ന നമ്പറിലേക്ക് അയച്ചുകൊടുത്തു.

അതിശയം എന്തെന്നുവച്ചാല്‍, അന്ന് ഉച്ചയ്ക്ക് തന്നെ തേവരയിലേയ്ക്ക് ഓഡിഷന് വരാന്‍ ആവശ്യപ്പെട്ടുകൊണ്ട് തിരികെ വിളി വന്നു. അവിടെ ചെന്നപ്പോള്‍ ഒരു സ്ക്രിപ്റ്റ് തന്ന് അഭിനയിച്ചുനോക്കി. അങ്ങനെയാണ് ഒട്ടും പ്രതീക്ഷിക്കാതെ 'ബാലന്‍' എന്ന ചിത്രത്തിലേക്ക് എനിക്ക് വഴിതുറക്കുന്നത്.

കുടുംബത്തില്‍ ആര്‍ക്കെങ്കിലും സിനിമയുമായി ബന്ധമുണ്ടോ? ഇതിനുമുന്‍പ് അഭിനയത്തില്‍ എന്തെങ്കിലും മുന്‍പരിചയം ഉണ്ടായിരുന്നോ?

എന്‍റെ കുടുംബത്തില്‍ ആര്‍ക്കും തന്നെ സിനിമയുമായി ഒരു ബന്ധവുമില്ല. ഞാന്‍ ഒരു സാധാരണ ചുറ്റുപാടില്‍ നിന്ന് വരുന്ന ആളാണ്. പക്ഷേ ചെറുപ്പം മുതലേ സിനിമകള്‍ ഒരുപാട് കാണുമായിരുന്നു. ആ കണ്ട സിനിമകളൊക്കെ മനസ്സില്‍ ഉണ്ടാക്കിയ ഒരു വലിയ ആഗ്രഹമായിരുന്നു ഒരിക്കലെങ്കിലും സിനിമയില്‍ മുഖം കാണിക്കണം എന്നത്.

ഇതിനുമുന്‍പ് നാട്ടിലെ കുറച്ച് കുട്ടികളെ വെച്ച് ഞാന്‍ സ്വന്തമായി ഒരു ചെറിയ ഷോര്‍ട്ട് ഫിലിം എടുത്തിരുന്നു. സിനിമയോടുള്ള താല്‍പ്പര്യം കാരണം ചെയ്തതാണ്. ഓഡിഷന് പോയപ്പോള്‍ ആ വീഡിയോ ഗണപതി ചേട്ടനെ കാണിക്കുകയും  അദ്ദേഹം നല്ല അഭിപ്രായം പറയുകയും ചെയ്തിരുന്നു. ആ അഭിനയമോഹം തന്നെയാണ് ഒടുവില്‍ എന്നെ ഇവിടെ എത്തിച്ചത്.

ടൊവിനോ തോമസ് എന്ന വലിയ താരത്തിനൊപ്പമാണ് കോമ്പിനേഷന്‍ സീനുകള്‍ ഭൂരിഭാഗവും. ഡയലോഗുകളെക്കാള്‍ കൂടുതല്‍ ദേഷ്യവും അഗ്രഷനും നിറഞ്ഞ എക്സ്പ്രഷനുകളാണല്ലോ ചെയ്യേണ്ടിയിരുന്നത്. ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയപ്പോള്‍ പേടി തോന്നിയിരുന്നോ?

ഡയലോഗുകള്‍ വളരെ കുറവും എന്നാല്‍ ശക്തമായ ഭാവങ്ങള്‍ മുഖത്ത് കൊണ്ടുവരേണ്ടതുമായ ഒരു കഥാപാത്രമായിരുന്നു എന്‍റേത്. തുടക്കത്തില്‍ ടൊവിനോ ചേട്ടനെപ്പോലൊരു വലിയ താരത്തിന്‍റെ മുഖത്തുനോക്കി ദേഷ്യപ്പെടുക എന്നത് ചെറിയൊരു വെല്ലുവിളി തന്നെയായിരുന്നു. എന്നാല്‍ സംവിധായകന്‍ ചിദംബരം സാര്‍ കഥാപാത്രത്തിന്‍റെ കൃത്യമായ അവസ്ഥയും ശൈലിയും എനിക്ക് പറഞ്ഞുതന്നു. കൂടാതെ 'സിറ്റി ഓഫ് ഗോഡ്' പോലുള്ള മികച്ച സിനിമകള്‍ റഫറന്‍സിനായി കാണിച്ചുതരികയും ചെയ്തു.

ടൊവിനോ ചേട്ടന്‍ നല്‍കിയ പിന്തുണ ശരിക്കും മറക്കാന്‍ കഴിയില്ല. എന്തെങ്കിലും തെറ്റ് പറ്റിയാല്‍ പോലും അദ്ദേഹം ഒട്ടും അസ്വസ്ഥനാവാതെ 'കുഴപ്പമില്ലെടാ, നീ അടിപൊളിയായി ചെയ്യുന്നുണ്ട്' എന്നുപറഞ്ഞ് ആത്മവിശ്വാസം തരും. സെറ്റില്‍ എല്ലാവരും തന്ന ആ വലിയ ധൈര്യമാണ് പേടിയില്ലാതെ പെര്‍ഫോം ചെയ്യാന്‍ എന്നെ സഹായിച്ചത്.

Tags
muhammed zinaan Balan the boy