Wednesday, 10 June 2026 | 06:31 PM

Interviews

പ്രണയം മനോഹരം -നിമിഷാ സജയന്‍

അജയ്കുമാര്‍ 05 May 2026 12:30 PM
പ്രണയം മനോഹരം -നിമിഷാ സജയന്‍

 

നിമിഷാ സജയന്‍ മലയാളികള്‍ക്ക് മാത്രമല്ല തമിഴ് സിനിമാപ്രേമികള്‍ക്കും പ്രിയങ്കരിയായ അഭിനേത്രിയാണ്. മലയാളം, തമിഴ്, മറാത്തി, ഹിന്ദി എന്നിങ്ങനെ ഒട്ടുമിക്ക ഭാഷാസിനിമകളിലും താരം തന്‍റെ സാന്നിധ്യം അറിയിച്ചുകഴിഞ്ഞു. തമിഴില്‍ അഭിനയിച്ച നാല് സിനിമകളും ശ്രദ്ധ നേടി. വളരെ സെലക്ടീവായി അഭിനയസാധ്യതയുള്ള കഥാപാത്രങ്ങള്‍ മാത്രം അഭിനയിക്കുന്ന നിമിഷയുടെ ഏറ്റവും ഒടുവിലത്തെ സിനിമയായ 'DNA' ഹിറ്റ് പട്ടികയിലാണ്. അടുത്തിടെ ചെന്നൈയില്‍ എത്തിയ നിമിഷയെ കണ്ടപ്പോള്‍ ചോദിച്ചു.

തമിഴില്‍ ഡി.എന്‍.എ എന്ന സിനിമയ്ക്ക് ലഭിച്ച പ്രതികരണം എങ്ങനെയുണ്ടായിരുന്നു..?

നല്ല റെസ്പോണ്‍സാണ് കിട്ടിയത്. അതില്‍ ഞാന്‍ സന്തുഷ്ടയാണ്. എന്‍റെ കഥാപാത്രവും ഞാന്‍ അഭിനയിക്കുന്ന സിനിമയുടെ കഥയും പ്രേക്ഷകരുമായി കണക്ട് ആവണം എന്നുകരുതിയാണ് ഞാന്‍ ഓരോ സിനിമയും കമിറ്റ് ചെയ്യുന്നത്.

തമിഴില്‍ അഭിനയിച്ച ആദ്യസിനിമ 'ചിത്താ' ആയിരുന്നുവല്ലോ. അതിന് വലിയ സ്വീകരണം ലഭിച്ചിരുന്നു?

അതെ, ഞാന്‍ ആദ്യമായി അഭിനയിച്ച സിനിമയ്ക്കുതന്നെ ഇത്രയും വലിയ ജനപ്രീതി ലഭിച്ചതിലുള്ള എന്‍റെ സന്തോഷം വിവരണാതീതമാണ്. ആ സിനിമ കാരണമാണ് തമിഴില്‍ തുടര്‍ച്ചയായി സിനിമകള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഞാന്‍ വളരെ ഹാപ്പിയാണ്.

നിങ്ങള്‍ ഇതുവരെ അഭിനയിച്ച സിനിമകളുടെ സംവിധായകരില്‍ ഇനി അവരില്‍ ആരുടെ സിനിമയിലാണ് വീണ്ടും അഭിനയിക്കണം എന്ന് ആഗ്രഹിക്കുന്നത്..?

തമിഴില്‍ ഞാന്‍ അഭിനയിച്ച നാല് സിനിമകളും നല്ല സിനിമകള്‍ തന്നെയാണ്. എല്ലാ സംവിധായകര്‍ക്കൊപ്പവും വീണ്ടും ജോലി ചെയ്യണം. തമിഴില്‍ മാത്രമല്ല മലയാളത്തിലും.. തമിഴില്‍ പാ.രഞ്ജിത്, മാരിസെല്‍വരാജ് എന്നിവരുടെ സിനിമകളില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ട്.

നിമിഷ ജനിച്ചുവളര്‍ന്നതും പഠിച്ചതുമൊക്കെ മഹാരാഷ്ട്ര(മുംബൈ)യില്‍. പക്ഷേ അഭിനയിച്ചുതുടങ്ങിയത് മലയാളത്തിലാണല്ലോ..?

എന്നെ ഒറ്റനോട്ടത്തില്‍ തന്നെ മലയാളിയാണെന്ന് ഐഡന്‍റിഫൈ ചെയ്യാന്‍ കഴിയും. എന്‍റെ രൂപഘടന അങ്ങനെയാണ്. അതുകൊണ്ട് സൗത്ത് ഇന്‍ഡ്യന്‍ സിനിമകള്‍ എനിക്ക് യോജിച്ചതായിരിക്കുമെന്ന് തോന്നി. പിന്നെ മലയാളത്തിലും തമിഴിലും കഥയ്ക്ക് പ്രാധാന്യം നല്‍കി സിനിമയെടുക്കുന്നു. നടീനടന്മാര്‍ക്ക് പ്രാധാന്യം നല്‍കില്ല. കഥ നല്ലതാണെങ്കില്‍ അഭിനയവും അവതരണവും നല്ലതാണെങ്കില്‍ ആ സിനിമയെ തീര്‍ച്ചയായും സ്വീകരിക്കും.. ഹൃദയത്തിലേറ്റും. അതും പ്രധാന കാരണമാണ്.

മലയാളത്തിലൂടെ നടിയായ നിങ്ങള്‍ അടുത്തകാലത്ത് മലയാളത്തില്‍ സിനിമകളൊന്നും ചെയ്തില്ലല്ലോ...?

തമിഴില്‍ തുടര്‍ച്ചയായി അവസരങ്ങള്‍ എന്നെ തേടിവരുന്നുണ്ട്. മലയാളത്തില്‍ ഏഴുവര്‍ഷം ഞാന്‍ അഭിനയിച്ചുവെങ്കിലും ഡി.എന്‍.എയിലെ ദിവ്യയെപ്പോലൊരു ക്യാരക്ടര്‍ ഇപ്പോഴാണ് കിട്ടിയത്. അതുപോലെതന്നെ 'ജിഗര്‍ദാണ്ഡാ ഡബിള്‍ എക്സ്' എന്ന സിനിമയിലെ മലയരശി എന്ന കഥാപാത്രവും തമിഴില്‍ നിന്നുമാണ് കിട്ടിയത്. തുടര്‍ച്ചയായി തമിഴില്‍ അഭിനയിക്കുന്നതുകൊണ്ട് മലയാളത്തില്‍ സിനിമ ചെയ്യാന്‍ എനിക്ക് കഴിഞ്ഞില്ല. തമിഴില്‍ സജീവ് പാഴൂര്‍ സംവിധാനം ചെയ്ത 'എന്നവിലൈ' എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു. അതിനെത്തുടര്‍ന്ന് മറ്റൊരു വലിയ പ്രോജക്ടിലും അഭിനയിക്കുന്നുണ്ട്. അതിനെക്കുറിച്ചൊക്കെ വഴിയേ അനൗണ്‍സ്മെന്‍റ് ഉണ്ടാവും. അതുകൂടാതെ ഒരു ഹിന്ദി സിനിമയും കമ്മിറ്റ് ചെയ്തിട്ടുണ്ട്.

ശബാനാ ആസ്മി, ജ്യോതിക എന്നിവര്‍ക്കൊപ്പം ഡബ്ബാകാര്‍ടെല്‍ എന്ന വെബ്സീരീസില്‍ അഭിനയിച്ചിരുന്നുവല്ലോ?

അതില്‍ അഭിനയിച്ചത് എനിക്ക് അനുഭൂതികരമായ അനുഭവമായിരുന്നു. രണ്ടുപേരും സീനിയര്‍ ആണെങ്കിലും അവര്‍ ഒരിക്കല്‍പ്പോലും പെരുമാറ്റത്തില്‍ അത് പ്രകടിപ്പിച്ചിരുന്നില്ല. ലൊക്കേഷനില്‍ വെച്ച് ഞങ്ങള്‍ കാരവനിലേയ്ക്ക് പോകാറേ ഇല്ലായിരുന്നു. എല്ലാവരും ഒന്നിച്ചിരുന്ന് കളിതമാശകള്‍ പറഞ്ഞുകൊണ്ടേയിരിക്കുമായിരുന്നു. ജ്യോതികാ മാഡം വളരെ എളിമയും യഥാര്‍ത്ഥ സ്നേഹവും ഉള്ളവരായിരുന്നു. ആ സീരീസ് കഴിയുന്നതുവരെ എനിക്ക് അവരായിരുന്നു ഏറ്റവും വലിയ സപ്പോര്‍ട്ട്. അവര്‍ സീനിയര്‍ ആണെങ്കിലും സംവിധായകന്‍ എന്തുപറയുന്നുവോ അത് ശ്രദ്ധാപൂര്‍വ്വം കേട്ട് അദ്ദേഹം പ്രതീക്ഷിച്ച രീതിയിലുള്ള അഭിനയം തന്നെ കാഴ്ചവയ്ക്കുമായിരുന്നു. അത് വളരെ ഇന്‍ഡസ്ട്രിങ് ആയിരുന്നു.

ഒട്ടേറെ ഭാഷകളില്‍ നിമിഷ അഭിനയിക്കുന്നു. ഏത് ഭാഷയാണ് ഏറ്റവും കംഫര്‍ട്ടബിള്‍..?

എല്ലാ ഭാഷയും എനിക്ക് കംഫര്‍ട്ടബിള്‍ തന്നെയാണ്. നല്ല സിനിമകളില്‍ ഞാനും ഒരു ഭാഗമായിരിക്കണം എന്നാണെന്‍റെ ആഗ്രഹം. അത് ഏത് ഭാഷയാണെങ്കിലും പ്രശ്നമില്ല. എനിക്ക് ആ ഭാഷ അറിയില്ലെങ്കിലും സാരമില്ല.

സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ എന്തെങ്കിലും അളവുകോല്‍ പുലര്‍ത്തുന്നുണ്ടോ?

കഥയും കഥാപാത്രവും നന്നായിരിക്കണം. സിനിമയിലെ ഇമോഷന്‍സ് ഓഡിയന്‍സിന് കണക്ടാവണം. ഡി.എന്‍.എ കണ്ട പലരും ദിവ്യാ എന്ന കഥാപാത്രം 'ഞങ്ങളുടെ വീട്ടിലെ പെണ്ണാണെന്ന് തോന്നി' എന്നുപറഞ്ഞു. അത്തരം ക്യാരക്ടര്‍ കിട്ടിയാല്‍ ഞാന്‍ ഒഴിവാക്കുകയേ ഇല്ല. 

പ്രണയത്തെക്കുറിച്ചുള്ള നിമിഷയുടെ അഭിപ്രായം..?

പ്രണയം നല്ലതല്ലേ... എല്ലാവരും പ്രണയിക്കട്ടെ..

 

Tags
nimisha sajayan