Wednesday, 10 June 2026 | 04:06 PM

Interviews

മമ്മൂട്ടി നിര്‍ബന്ധിച്ചിട്ടാണ് തിരിച്ചുവരവ് നടത്തിയത്... -ശാന്തികൃഷ്ണ

05 May 2026 12:30 PM
മമ്മൂട്ടി നിര്‍ബന്ധിച്ചിട്ടാണ് തിരിച്ചുവരവ് നടത്തിയത്... -ശാന്തികൃഷ്ണ

മലയാളസിനിമയില്‍ മുഖഐശ്വര്യമുള്ള ചേതോഹരിയായ ഒരു പെണ്‍കുട്ടിയായാണ് ശാന്തികൃഷ്ണ വര്‍ഷങ്ങള്‍ക്കുമുമ്പ് കടന്നുവന്നത്. അതിന് നിമിത്തമായത് ഭരതന്‍ സംവിധാനം ചെയ്ത 'നിദ്ര' എന്ന ചിത്രമായിരുന്നു. തുടര്‍ന്ന് പല ചിത്രങ്ങളിലും ശാന്തികൃഷ്ണ നായികയായി തുടര്‍ന്നു. അതിനിടയിലാണ് ശാന്തി നടന്‍ ശ്രീനാഥുമായി പ്രണയത്തിലാകുന്നതും വിവാഹത്തിലെത്തുന്നതും. ആ ബന്ധത്തിന് പക്ഷേ  കൂടുതല്‍ ആയുസ്സുണ്ടായിരുന്നില്ല. രണ്ടുപേരും ഇരുവഴിക്ക് പിരിഞ്ഞു. തുടര്‍ന്ന് ശാന്തികൃഷ്ണ ചലച്ചിത്രജീവിതത്തില്‍ നിന്നകന്ന് മൗനജീവിതത്തില്‍ ഒതുങ്ങി. കാലം പിന്നിട്ടപ്പോള്‍ ആ നിശ്ശബ്ദതയെ തകര്‍ത്തുകൊണ്ട് ശാന്തികൃഷ്ണ വീണ്ടും ചലച്ചിത്രരംഗത്ത് സജീവമാകുകയായിരുന്നു. രണ്ടാം വരവില്‍ ശാന്തി, നിവിന്‍പോളി ഉള്‍പ്പെടെയുള്ള നടന്മാരുടെ അമ്മവേഷം ചെയ്ത് ശ്രദ്ധേയയായി. ഇവിടെ ശാന്തികൃഷ്ണ 'നാന'യ്ക്കുവേണ്ടി മനസ്സുതുറക്കുന്നു.

 

മമ്മൂട്ടി നിര്‍ബന്ധിച്ചിട്ടാണ് തിരിച്ചുവരവ് നടത്തിയത്. അല്ലേ?

എന്‍റെ ആദ്യത്തെ കുഞ്ഞിന്‍റെ വേര്‍പാട് ആയിരുന്നു ഞാന്‍ ഒരു ബ്രേക്ക് എടുത്തതിനുള്ള കാരണം. അന്ന് ഞാന്‍ ഡിപ്രഷനില്‍ ആയിരുന്നു. നയം വ്യക്തമാക്കുന്നു സിനിമയില്‍ ഒരു അവസരം വന്നിരുന്നു. പക്ഷേ എനിക്കത് ചെയ്യാനുള്ള ഒരു ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. സെറ്റില്‍വന്ന് ചെയ്തുനോക്ക് എന്നാണ് പറഞ്ഞത്. പിന്നെ ഞാന്‍ പോയി. ആദ്യംതന്നെ വലിയൊരു രംഗമാണ് അഭിനയിക്കാന്‍ പറഞ്ഞത്. അത് അഭിനയിച്ചു. ഈ സിനിമ ഞാന്‍ തന്നെ ചെയ്യണമെന്ന് അപ്പോള്‍ അവര്‍ പറഞ്ഞു. പിന്നെ നല്ലൊരു കഥാപാത്രം ആയിരുന്നുവല്ലോ.

വിവാഹത്തിനുശേഷമുള്ള ആദ്യത്തെ ബ്രേക്ക് എടുത്ത് തിരിച്ചുവന്നപ്പോള്‍ എങ്ങനെയായിരുന്നു ഫീല്‍ ചെയ്തത്?

ആ്വ്യം സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഒരു കൗമാരപ്രായക്കാരി ആയിരുന്നുവല്ലോ ഞാന്‍. അന്ന് ഒന്നും അറിയില്ലായിരുന്നു. ഭാഷ പോലും അറിയില്ലായിരുന്നു. സിനിമ എന്താണെന്ന് അറിയില്ലായിരുന്നു. പക്ഷേ ക്യാമറയുടെ മുന്നില്‍ നില്‍ക്കാനോ അഭിനയിക്കാനോ ഒന്നും ഒരു പേടിയോ ടെന്‍ഷനോ ഒന്നും ഉണ്ടായിരുന്നില്ല. സംവിധായകര്‍ക്ക് എന്താണ് ആവശ്യം അത് അതുപോലെ ചെയ്യുമായിരുന്നു. വിവാഹത്തിനുശേഷം എന്‍റെ വ്യക്തിത്വം തന്നെ മാറിപ്പോയി. ശരീരപ്രകൃതം മാറി. എന്തുകൊണ്ടോ എനിക്ക് അഭിനയിക്കാന്‍ ടെന്‍ഷന്‍ തോന്നി. നയം വ്യക്തമാക്കുന്നു, വിഷ്ണുലോകം, എന്നും നന്മകള്‍, സവിധം, ചകോരം എന്നീ നല്ല സിനിമകളൊക്കെ അന്ന് എനിക്ക് ലഭിച്ചിരുന്നു. ഒരു കന്നട സിനിമ കൂടി ചെയ്തിരുന്നു. പിന്നീട് ഞാന്‍ വീണ്ടും ഒരു ബ്രേക്ക് എടുക്കുകയായിരുന്നു. അതിനുശേഷമാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള ചെയ്തത്.

വര്‍ഷങ്ങള്‍ക്കുശേഷവും ശാന്തികൃഷ്ണയെ കാണാന്‍ പഴയപോലെ തന്നെയുണ്ട്. എന്താണ് സൗന്ദര്യരഹസ്യം?

ഞാന്‍ അതിനുത്തരം പറഞ്ഞാല്‍ ക്ലീഷെ ആയിപ്പോകും. പ്രേക്ഷകരുടെ സ്നേഹം തന്നെയാണ് അതിന് കാരണം. പിന്നെ ഞാന്‍ എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്ന, സന്തോഷിച്ചുകൊണ്ടിരിക്കുന്ന ഒരാളാണ്. അതുകൊണ്ടായിരിക്കാം അങ്ങനെ തോന്നുന്നത്.

Tags
Shanthi Krishna Mammootty