മരണം വരെ കൂടെയുണ്ടാകുമെന്ന ഉറപ്പാണ് തനിക്ക് മാഷ് തന്നത് അതദ്ദേഹം പാലിച്ചു... - ശോഭാ രവീന്ദ്രന്‍
സംഗീതസംവിധായകന്‍ രവീന്ദ്രന്‍ മാസ്റ്ററില്‍ നിന്ന് ഭാര്യ ശോഭാ രവീന്ദ്രനിലേക്കുള്ള അടുപ്പം കുറിക്കുന്നുണ്ട് ഈ വരികള്‍ -'ആനന്ദം അനന്താനന്ദം ജഗദാനന്ദം സംഗീതം.' സ്വന്തം ജീവിതത്തില്‍ മാത്രമല്ല മറ്റുള്ളവരുടെ ജീവിതത്തിലേക്കും ഹാര്‍മോണിയം കട്ടകള്‍ സ്പര്‍ശിച്ച് സംഗീതമെത്തിച്ച രവീന്ദ്രന്‍ മാസ്റ്ററെ ഓര്‍ത്തുവെക്കാന്‍ സംഗീത സാന്ദ്രമായ ദിനങ്ങള്‍ ഒരുക്കുന്ന കേന്ദ്രത്തിന് ശോഭാ രവീന്ദ്രന്‍ നല്‍കിയ പേരാണ് ആനന്ദ ഭവനം.
പാലക്കാടിന് സമീപം കോങ്ങാട്ട് സംഗീതസാന്ദ്രമായ അന്തരീക്ഷത്തില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി തയ്യാറാകുന്ന ഭവനമാണിത് ആനന്ദഭവനം. പേരുപോലെ ആനന്ദകരമായ അന്തരീക്ഷം തീര്‍ത്ത് അവിടം സംഗീതസാന്ദ്രമായി ജീവിതം നയിക്കാന്‍ സാധിക്കുന്ന ഇടം.

വാര്‍ധക്യത്തില്‍ ദമ്പതികള്‍ക്കോ ഒറ്റപ്പെട്ടു പോകുന്ന മഹിളകള്‍ക്കോ താമസിക്കാനുള്ള സൗകര്യങ്ങളാണ് ആനന്ദ ഭവനത്തില്‍ ഒരുക്കുന്നത്. അറുപത് വയസ്സു കഴിഞ്ഞാല്‍ അറിവ് കുറയുകയല്ല ആര്‍ജ്ജിച്ചെടുത്ത അറിവ് മറ്റുള്ളവരിലേക്ക് പകരാനും മരണം വരെ വിരാമമില്ലെന്ന ചിന്ത നല്‍കുന്നതുമായിരിക്കും ആനന്ദഭവനം.
സന്തോഷത്തോടെയും സാതന്ത്ര്യത്തോടെയും ആത്മാഭിമാനത്തോടെയും സമൂഹത്തില്‍ ഞങ്ങള്‍ക്കും സ്ഥാനമുണ്ട് എന്ന ചാരിതാര്‍ഥ്യത്തോടെ ആനന്ദകരമായി വസിക്കാനുള്ള ഇടമായിരിക്കും ആനന്ദഭവനം. സ്ഥിരമായി താമസിക്കാമെന്നത് മാത്രമല്ല, ഡേ കെയര്‍ സംവിധാനവും ആനന്ദഭവനത്തിന്‍റെ പ്രത്യേകതയായിരിക്കും. പ്രായമായ മാതാപിതാക്കളെ സുരക്ഷിതമായി ആനന്ദഭവനത്തില്‍ ഏല്‍പ്പിച്ച് കുടുംബാംഗങ്ങള്‍ക്ക് സന്തോഷത്തോടെ ഉല്ലാസയാത്രയും തീര്‍ഥാടനവും നടത്താനുമാവും. എല്ലാ മാസവും സംഗീതാദി കലാപരിപാടികള്‍, യോഗ, ആത്മീയ പ്രഭാഷണങ്ങള്‍ തുടങ്ങിയവയെല്ലാം ആനന്ദഭവനത്തിന്‍റെ പ്രത്യേകതയായിരിക്കും.
ചിന്തയില്‍ പണ്ടേയുണ്ടായിരുന്നു ആനന്ദഭവനം
ആനന്ദഭവനമെന്ന സ്വപ്നം ശോഭാ രവീന്ദ്രന് ഇപ്പോഴുണ്ടായതല്ല, രവീന്ദ്രന്‍ മാസ്റ്ററുടെ ജീവിത കാലത്തു തന്നെ ഈ ചിന്തയുണ്ടായിരുന്നു. മക്കളൊക്കെ വലുതാവുകയും അവര്‍ അവരുടെ തിരക്കുകളിലേക്ക് പോവുകയും ചെയ്യുമ്പോള്‍ താനും മാഷും മാത്രമായി ഒരു ലോകമെന്ന സ്വപ്നമായിരുന്നു ശോഭ താലോലിച്ചത്. പക്ഷേ, രവീന്ദ്രന്‍ മാസ്റ്റര്‍ 20 വര്‍ഷങ്ങള്‍ക്കു മുമ്പ്, 2005 മാര്‍ച്ച് മൂന്നിന് ഈ ലോകത്തു നിന്നും വിടപറഞ്ഞു. രവീന്ദ്രന്‍ മാസ്റ്റര്‍ മരിക്കുമ്പോള്‍ നാല്‍പ്പത്തിയെട്ടുകാരിയായിരുന്നു ശോഭ. എന്തു ചെയ്യണമെന്നും എങ്ങനെ പ്രവര്‍ത്തിക്കണ മെന്നൊന്നും അന്ന് ഒരു കാര്യവും അറിയില്ലായിരുന്നു.
ശോഭ രവീന്ദ്രന്‍ തന്നെ തിരിച്ചറിയുന്നു
രവീന്ദ്രന്‍ മാസ്റ്റര്‍ക്കും ശോഭയ്ക്കും മൂന്ന് ആണ്‍മക്കളാണുള്ളത്. മൂത്ത രണ്ടുപേരും ഇരട്ടകളാണ് സാജന്‍ മാധവും രാജന്‍ മാധവും. സാജന്‍ സംഗീതസംവിധായകനും രാജന്‍ ചലച്ചിത്ര സംവിധായകനുമാണ്. മൂന്നാമന്‍ നവീന്‍ മാധവന്‍ ഗായകനാണെങ്കിലും ഇപ്പോള്‍ യു. കെയിലാണുള്ളത്.
'യക്ഷിയും ഞാനും' എന്ന ചിത്രത്തിനാണ് സാജന്‍ ആദ്യമായി സംഗീതം നല്‍കിയത്. രഘുവിന്‍റെ സ്വന്തം റസിയ, മുരന്‍, കത്രിവേല്‍, ചിത്തിരം പേസുതടി 2, ആറണം തുടങ്ങിയ സിനിമകള്‍ക്കും നിരവധി ആല്‍ബങ്ങള്‍ക്കും സംഗീതം നല്‍കിയിട്ടുണ്ട് അദ്ദേഹം. ശ്രാവണാണ് സാജന്‍റെ മകന്‍.
ഷാജി കൈലാസിന്‍റെ സംവിധാന സഹായിയായി ആരംഭിച്ച രാജന്‍ മാധവ് മുരന്‍ എന്ന സിനിമയാണ് ആദ്യം സംവിധാനം നിര്‍വഹിച്ചത്. ചിത്തിരം പേസുതടി 2, കട്ടം തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം നിര്‍വഹിച്ച രാജന്‍റെ ഭാര്യ സന്ധ്യയും സഹസംവിധായികയാണ്.
ഗായകനായ നവീന്‍ മാധവിന്‍റെ സൂപ്പര്‍ ഹിറ്റായ ഒരു ഗാനം പാടിയിട്ടില്ലാത്ത ആരും ദക്ഷിണേന്ത്യയിലുണ്ടാവില്ല. ഡാഡി മമ്മി വീട്ടില്‍ ഇല്ല എന്ന ഗാനം മംമ്ത മോഹന്‍ദാസും നവീന്‍ മാധവും ചേര്‍ന്നാണ് ആലപിച്ചത്. തമിഴിനും മലയാളത്തിനും പുറമേ തെലുങ്കിലും കന്നഡയിലുമെല്ലാം നവീന്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ഭാര്യ ഷൈനി അലക്സാണ്ടറിനും മകള്‍ തനിഷയ്ക്കുമൊപ്പം യു കെയിലാണ് നവീനുള്ളത്.
രവീന്ദ്രന്‍ മാസ്റ്റര്‍ ജീവിച്ചിരുന്ന കാലത്തു തന്നെ ശോഭ അദ്ദേഹത്തോടു പറഞ്ഞിരുന്നു കുട്ടികള്‍ മുതിര്‍ന്നാല്‍ തങ്ങള്‍ക്കിരുവര്‍ക്കും ശാന്തമായൊരു സ്ഥലത്ത് ജീവിക്കണമെന്നും ഇതുപോലൊരു സ്ഥാപനം ഉണ്ടാക്കണമെന്നും. പക്ഷേ, മാഷതിന് കാത്തുനിന്നില്ല. ശോഭയാവട്ടെ മാഷുടെ ഓര്‍മയിലേക്ക് തന്‍റെ സ്വപ്നപദ്ധതിയെ ചേര്‍ത്തുവെക്കുകയും ചെയ്തുഅതാണ് ആനന്ദഭവനം.
ശോഭ രവീന്ദ്രനായ കഥ
ശോഭയും രവീന്ദ്രനും ഒരേ നാട്ടുകാരും അടുത്തടുത്ത വീട്ടുകാരുമായിരുന്നു. രവീന്ദ്രന്‍ ചെന്നൈയില്‍ സംഗീതവുമായി ബന്ധപ്പെട്ട് എന്തൊക്കെയോ ചെയ്യുന്നു എന്നല്ലാതെ മറ്റു വിവരങ്ങളൊന്നും ശോഭയ്ക്കുണ്ടായിരുന്നില്ല. അക്കാലത്ത് കുളത്തൂപ്പുഴ രവി എന്നാണ് രവീന്ദ്രന്‍ മാസ്റ്റര്‍ അറിയപ്പെട്ടിരുന്നതെന്ന കാര്യം പോലും ശോഭയ്ക്ക് അറിയില്ലായിരുന്നു.
രവീന്ദ്രന്‍റെ അച്ഛന്‍ മരിച്ചപ്പോഴാണ് രവീന്ദ്രന്‍ തുടര്‍ച്ചയായി കുറേനാള്‍ വീട്ടിലുണ്ടായിരുന്നത്. അക്കാലത്ത് ശോഭയ്ക്ക് പ്രായം 16 വയസ്സായിരുന്നു. തുടര്‍ച്ചയായി 16 ദിവസം കണ്ടപ്പോള്‍ പരിചയവും പിന്നീട് ഇഷ്ടവുമായെന്നാണ് ശോഭ പറയുന്നത്. അയല്‍ക്കാരായതുകൊണ്ടുതന്നെ ഇരുവീട്ടുകാര്‍ക്കും അവരുടെ വിവാഹക്കാര്യത്തില്‍ താത്പര്യമുണ്ടായിരുന്നില്ല. എന്നിട്ടും ശോഭയുടെ 17-ാം വയസ്സില്‍ രവീന്ദ്രനും ശോഭയും വിവാഹിതരായി. പതിനെട്ടാം വയസ്സില്‍ ശോഭ മാഷോടൊപ്പം ചെന്നൈയിലേക്കും തീവണ്ടി കയറി.
അയല്‍വാസി രവീന്ദ്രന്‍ സിനിമയിലാണെന്നും സംഗീത സംവിധായകനാണെന്നുമൊക്കെ ശോഭ അറിഞ്ഞതുതന്നെ വിവാഹശേഷമായിരുന്നു. മരണം വരെ കൂടെയുണ്ടാകുമെന്ന ഉറപ്പാണ് തനിക്ക് മാഷ് തന്നതെന്നും അതദ്ദേഹം പാലിച്ചുവെന്നും ശോഭ പറയുന്നു.
മാഷിന്‍റെ വിയോഗത്തിന് ശേഷം വീട്ടിനകത്ത് അടച്ചുപൂട്ടിയിരിക്കുന്ന ശോഭയെ ചേര്‍ത്തലയിലെ കൂട്ടുകാരി പത്മജയും മക്കളും പുറത്തിറങ്ങാന്‍ നിര്‍ബന്ധിച്ചു. ഭാഗവത സപ്താഹം കേള്‍ക്കാന്‍ പോകാമെന്ന് പല തവണ പറഞ്ഞിട്ടും ശോഭ അംഗീകരിച്ചില്ല. എന്നാല്‍ മക്കളും കൂടി നിര്‍ബന്ധിക്കുകയും പത്മജയോടൊപ്പം മറ്റൊരു സുഹൃത്ത് സുധയും കൂടി ചേര്‍ന്നതോടെ ഒരിക്കല്‍ സപ്താഹം കേള്‍ക്കാമെന്ന ചിന്ത വന്നു. ഭാഗവത സപ്താഹമല്ല അതിനു മുമ്പുള്ള മാഹാത്മ്യം മാത്രം കേട്ടാല്‍ മതിയെന്നും ഇഷ്ടപ്പെട്ടാല്‍ മാത്രം തുടര്‍ന്നാല്‍ മതിയെന്നും പത്മജ പറഞ്ഞത് ശോഭ അംഗീകരിച്ചു. അങ്ങനെയാണ് സപ്താഹത്തിന് മുമ്പുള്ള മാഹാത്മ്യം കേള്‍ക്കാന്‍ പോയത്. ശോഭ കൃത്യമായി ഓര്‍ത്തുവെക്കുന്നുണ്ട് 2007 ഫെബ്രുവരി 17 ആയിരുന്നു ആ തീയതി.
സ്വാമി ഉദിത് ചൈതന്യയാണ് ഭാഗവത സപ്താഹം അവതരിപ്പിക്കുന്നത്. ആദ്യ ദിവസത്തെ മാഹാത്മ്യം കേട്ടപ്പോള്‍ തന്നെ അത് തന്‍റെ പ്രശ്നങ്ങളാണല്ലോയെന്ന് ശോഭയ്ക്ക് തോന്നി. അതോടെ ഭാഗവത സപ്താഹം മുഴുവന്‍ കേട്ടു. അവസാന ദിവസം സ്വാമിയെ പോയി പരിചയപ്പെടുകയും തന്‍റെ ഹൃദയഭാരം ലഘുവായൊന്ന് പറയുകയും ചെയ്തു. അങ്ങനെ പലരും പറയാറുള്ളതുകൊണ്ട് സ്വാമിയത് കാര്യമാക്കിയില്ല. എന്നാല്‍ സംഗീത സംവിധായകന്‍ രവീന്ദ്രന്‍ മാഷിന്‍റെ ഭാര്യയാണ് താനെന്ന് പറഞ്ഞപ്പോള്‍ സ്വാമി അത്ഭുതപ്പെട്ടു. മാഷിന്‍റെ പാട്ടുകള്‍ ചോദിച്ച്,
സംഗീത സംവിധായകന്‍ രവീന്ദ്രന്‍ മാഷാണോ എന്ന് ചോദിച്ചു. അതെ എന്ന മറുപടിക്ക് സ്വാമി തിരിച്ചു ചോദിച്ചത് കരഞ്ഞിരുന്നാല്‍ മരിച്ചു പോയ രവീന്ദ്രന്‍ മാഷ് തിരിച്ചു വരുമോ എന്നായിരുന്നു. ദൈവമാണ് സമയം നിശ്ചയിക്കുന്നതെന്നും സ്വന്തവും മറ്റുള്ളവര്‍ക്കും ഭാരമാകാതെയും 10 പേര്‍ക്കെങ്കിലും ഗുണം ചെയ്യാനാവുമോ എന്നു നോക്കിയും മുമ്പോട്ടു പോയാല്‍ മതിയെന്ന സ്വാമിയുടെ ഉപദേശം കിട്ടിയതോടെ ശോഭയുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിച്ചു.

ഭാഗവതത്തോട് താത്പര്യം തോന്നിയതോടെ ഗുരുവായൂരില്‍ നിന്നും ഭാഗവതം വങ്ങി. സ്വാമി ഉദിത് ചൈതന്യയുടെ സപ്താഹങ്ങള്‍ സ്ഥിരമായി കേള്‍ക്കാന്‍ തുടങ്ങി. തുടര്‍ന്ന് മറ്റുള്ളവരുടെ സപ്താഹങ്ങളും കേള്‍ക്കുന്നത് ശീലമായി.
2007-ല്‍ തന്നെ ഹിമാലയത്തിലേക്കുള്ള തീര്‍ഥാടന യാത്രയിലും പങ്കെടുത്തു. ബദരീനാഥിലും ഗംഗോത്രിയിലും കേദാര്‍നാഥിലുമെല്ലാം പോയി. പിന്നെ ഭാഗവതവും ആത്മീയയാത്രകളും ഒന്നിനു പിറകെ ഒന്നായി വന്നുകൊണ്ടിരുന്നു.
സ്വാമി ഉദിത് ചൈതന്യ 2013-ല്‍ ശോഭയോട് സപ്താഹം ചെയ്തു നോക്കാന്‍ പറഞ്ഞു. ചെന്നൈയില്‍നിന്നും എറണാകുളത്തക്ക് താമസം മാറ്റാന്‍ തീരുമാനിച്ച വര്‍ഷമായിരുന്നു അത്.
പിന്നെ ഭാഗവതം പഠിക്കാന്‍ തുടങ്ങി. പണ്ഡിറ്റ് ഗോപാലന്‍ നായരുടെ എട്ട് വാള്യങ്ങളുള്ള ഭാഗവതത്തിലെ പതിനെണ്ണായിരം ശ്ലോകങ്ങളും അവയുടെ വ്യാഖ്യാനവും വിശദീകരണവുമെല്ലാം മനസ്സിലാക്കാന്‍ ശ്രമം നടത്തി. മൂന്നു മാസത്തിന് ശേഷം ചാലക്കുടിയിലെ സപ്താഹം വില്ലേജിലെ സദസ്സിനു മുമ്പില്‍ ഭാഗവത സപ്താഹം ചെയ്യാമെന്നും നന്നായില്ലെങ്കില്‍ പരിപാടി അവസാനിപ്പിക്കാമെന്നുമായിരുന്നു ശോഭയുടെ പദ്ധതി.
2014 ജൂലൈ 14-ന് ആദ്യ സപ്താഹം ആരംഭിച്ചു. സപ്താഹം കേട്ടവരെല്ലാം നല്ല അഭിപ്രായം പറഞ്ഞു. അതിനിടയില്‍ അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തില്‍ നിന്നും സപ്താഹം അവതരിപ്പിക്കാനായി ക്ഷണം കിട്ടി. അതോടെ ശോഭാ രവീന്ദ്രന്‍റെ ജീവിതം ഭാഗവത സപ്താഹത്തിലേക്ക് ഇറങ്ങിച്ചെന്നു. ഇപ്പോള്‍ എല്ലാ മാസവും സപ്താഹം ചെയ്യുന്നുണ്ട്. ഇതിനകം 32 സപ്താഹങ്ങള്‍ പൂര്‍ത്തിയാക്കി.
മരിച്ചാലും മറ്റുള്ളവരുടെ ഹൃദയത്തില്‍ ജീവിക്കുന്നതിന് അന്തസ്സുണ്ടെന്നും നാലുപേര്‍ ഓര്‍ക്കണമെന്നും ശോഭ ഇപ്പോള്‍ തിരിച്ചറിയുന്നു. മാത്രമല്ല തനിക്ക് പറയാനുള്ളതെല്ലാം ദൈവത്തോട് നേരിട്ട് പറയണമെന്നും ഇടയ്ക്ക് സഹായികളാരും ആവശ്യമില്ലെന്നും അവര്‍ അനുഭവത്തിലൂടെ വിശദമാക്കുന്നു.
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഫോട്ടോ- മില്‍ട്ടന്‍ ആന്‍റണി