ആവേശത്തിന്റെ റഫറന്‍സില്‍ എന്നിലേക്ക് വന്ന കഥാപാത്രമായിരുന്ന ടൂറിസ്റ്റ് ഫാമിലിയിലേത്... - മിഥുന്‍ ജയ്ശങ്കര്‍
'ആവേശത്തിലെ ബിബിമോന്‍ ഐഡന്റിറ്റിയാണ്. അത് തന്ന സൗഭാഗ്യം പറഞ്ഞറിയിക്കാന്‍ സാധിക്കാത്തത്രയും സന്തോഷം നല്‍കുന്ന കാര്യമാണ്. ഇപ്പോള്‍ തമിഴിലേക്ക് എത്തുന്നതും ആവേശം റഫറന്‍സിലൂടെയാണ്. ആദ്യം തമിഴ് സിനിമയ്ക്ക് കേരളത്തില്‍ നിന്ന് ഇത്രയധികം പ്രതികരണം കിട്ടിയപ്പോള്‍ സന്തോഷം തോന്നി. ആവേശത്തിനുശേഷം നവാഗതനായ അഭിഷാന്‍ ജീവന്‍ത് സംവിധാനം ചെയ്ത ശശികുമാര്‍- സിമ്രാന്‍ ജോഡികള്‍ ഒന്നിച്ച ടൂറിസ്റ്റ് ഫാമിലിയില്‍ സുപ്രധാന വേഷത്തിലെത്തിയ സന്തോഷത്തിലാണ് മിഥുന്‍ ജയ്ശങ്കര്‍.
റിലീസിനെത്തി ആദ്യ തമിഴ്‌സിനിമ, എത്രത്തോളം സന്തോഷം നല്‍കുന്നു?
ഒറ്റവാക്കില്‍ പറഞ്ഞാല്‍ സന്തോഷം. ആവേശത്തിലൂടെ എനിക്ക് കിട്ടിയ അതെ സ്‌നേഹം ടൂറിസ്റ്റ് ഫാമിലിയിലൂടെയും കിട്ടുന്നു. ഇന്നലെയാണ് ചിത്രം റിലീസിന് എത്തിയത്. അതിന്റെ മുന്‍പ് കേരളത്തില്‍ ഒരു പ്രിവ്യൂ ഷോയും ഉണ്ടായിരുന്നു. എത്ര ചെറിയ സിനിമകള്‍ ആണെങ്കിലും കണ്ടന്റ് നല്ലതാണെങ്കില്‍ മലയാളികള്‍ അത് സ്വീകരിക്കുമെന്നതില്‍ ഉറപ്പാണ്. അതുതന്നെയാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്. കേരളത്തില്‍ ഇത്രമാത്രം റെസ്‌പോണ്‍സ് ഉണ്ടാകുമെന്ന് കരുതിയില്ല.

ശശികുമാര്‍- സിമ്രാന്‍ കോംബോ?
ശശികുമാര്‍ സാറായാലും സിമ്രാന്‍ മാം ആയാലും ഞാന്‍ ചെറുപ്പം മുതല്‍ കണ്ടുവളര്‍ന്ന ആക്‌ടേഴ്‌സാണ്. അതിന്റെ ചെറിയൊരു ടെന്‍ഷന്‍ തുടക്കസമയത്ത് ഉണ്ടായെങ്കിലും അവരുമായി പെട്ടെന്ന് ജെല്ലായി. അവര്‍ക്കൊപ്പമായിരുന്നു എന്റെ മിക്ക സീനുകളും. എന്റെ അനിയന്‍ വേഷം ചെയ്ത കമലേഷായാലും പെട്ടെന്ന് കണക്റ്റായി. സിനിമയിലെപ്പോലെ ഓഫ് ക്യാമറയിലും ഞങ്ങള്‍ ഫാമിലി പോലെയായിരുന്നു. ശശികുമാര്‍ സാറും സിമ്രാന്‍ മാമും ഓരോ സീനുകളിലേക്ക് നിമിഷനേരം കൊണ്ട് മാറുന്നത് കണ്ട് അത്ഭുതപ്പെട്ടുപോയിരുന്നു.
സീനിയര്‍ ആര്‍ട്ടിസ്റ്റുമാര്‍, എങ്ങനെയുണ്ടായി?
ശശികുമാര്‍ സാര്‍ ആയാലും സിമ്രാന്‍ മാം ആയാലും എന്നോട് ഏറ്റവും കൂടുതല്‍ സംസാരിച്ചിരുന്നത് മലയാള സിനിമകളെക്കുറിച്ചായിരുന്നു. മലയാളത്തില്‍ ഇറങ്ങുന്ന ഒട്ടുമിക്ക സിനിമകളും അവര്‍ കാണും. ഒരു ദിവസം സിമ്രാന്‍ മാം മിന്നല്‍ മുരളി റീ-വാച്ച് ചെയ്തിട്ട് അതിന്റെ വിശേഷങ്ങള്‍ വന്നു സംസാരിച്ചിരുന്നു. അതുപോലെ ആവേശം അവര്‍ക്ക് രണ്ടുപേര്‍ക്കും ഇഷ്ടമുള്ള സിനിമയായതുകൊണ്ടുതന്നെ അതിലെ ഓരോ സീനുകളെക്കുറിച്ചും ഫഹദിക്കയെ(ഫഹദ് ഫാസില്‍)ക്കുറിച്ചെല്ലാം എന്നോട് സംസാരിച്ചിട്ടുണ്ട്. ഫഹദിക്കയുടെ ആക്ടിങ് പാറ്റേണും, ഓരോ സീനുകളും പറഞ്ഞു. അതിനുവേണ്ടി എടുത്ത തയ്യാറെടുപ്പുകളെക്കുറിച്ചെല്ലാം ചോദിക്കുമായിരുന്നു. ഞങ്ങള്‍ക്കിടയിലെ പ്രധാന ചര്‍ച്ച മലയാള സിനിമയായിരുന്നു.

ശ്രീലങ്കന്‍ തമിഴ് എങ്ങനെ പഠിച്ചു?
ഏതൊരു മലയാളികളെയും പോലെ ചെറുപ്പം മുതല്‍ തമിഴ് സിനിമ കണ്ടുവളര്‍ന്നതുകൊണ്ട് അറിയാവുന്ന തമിഴ് മാത്രമേ എനിക്കും അറിയുന്നുണ്ടായിരുന്നുള്ളൂ. ഇത് സാധാരണ തമിഴ് അല്ല, ശ്രീലങ്കന്‍ തമിഴ് ആണെന്ന് കേട്ടപ്പോള്‍ ചെറിയ ടെന്‍ഷന്‍ ഉണ്ടായിരുന്നു. എന്നെക്കൊണ്ട് പുള്ള് ഓഫ് ചെയ്യാന്‍ സാധിക്കുമോയെന്ന പേടി ഉണ്ടായിരുന്നു. പക്ഷേ അതിനുവേണ്ടി കുറച്ച് പ്രയത്‌നിച്ചപ്പോള്‍ തന്നെ അതെനിക്ക് നന്നായി ചെയ്യാന്‍ കഴിഞ്ഞു. ശശികുമാര്‍ സാറും സിമ്രാന്‍ മാമും എല്ലാം പെട്ടെന്ന് ശ്രീലങ്കന്‍ തമിഴിലേക്ക് സ്വിച്ചായി.
കഥാപാത്രം?
ദാസിന്റെയും വാസന്തിയുടെയും മൂത്തമകനാണ്. നീതുഷന്‍ ധര്‍മ്മദാസ് എന്നാണ് കഥാപാത്രത്തിന്റെ പേര്. ഫാമിലിഡ്രാമ ജോണറിലാണ് കഥ പോകുന്നത്. പക്ഷേ നീതുഷന്‍ അത്ര ഹ്യൂമര്‍ ടച്ചുള്ള കഥാപാത്രമല്ല. സിനിമയിലും ഗൗരവമായ സാഹചര്യങ്ങളില്‍ ഹ്യൂമര്‍ സംഭവിക്കുകയാണ്.

ആവേശത്തിന് ശേഷം തമിഴ് ചിത്രം?
ആവേശം പോലെയൊരു സിനിമയിലൂടെ മലയാളസിനിമയിലേക്ക് എത്തുമ്പോള്‍, അത് വലിയ വിജയത്തിലേക്കെത്തി. ഞാന്‍ എന്ന ആക്ടര്‍ക്ക് ഐഡന്റിറ്റിയായി മാറിയ കഥാപാത്രമാണ് ആവേശത്തിലെ ബീബിമോന്‍. ഇപ്പോഴും പലര്‍ക്കും എന്റെ യഥാര്‍ത്ഥ പേര് അറിയില്ല. പുറത്തൊക്കെ പോവുമ്പോള്‍ ബീബി മോന്‍ ഹാപ്പിയല്ലേയെന്നും ബീബിമോനെ എന്ന് വിളിച്ചാണ് പലരും സംസാരിക്കുന്നത്. അതുകൊണ്ടുതന്നെ ആവേശത്തിലൂടെ എന്നെ കണ്ട് സ്‌നേഹിച്ച പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് മറ്റൊരു നല്ല കഥാപാത്രമായിട്ടായിരിക്കണം വരണമെന്നത് എനിക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു. അതെന്റെ ഉത്തരവാദിത്തം കൂടിയാണ്. ആവേശത്തിന്റെ റഫറന്‍സില്‍ എന്നിലേക്ക് വന്ന കഥാപാത്രമായിരുന്ന ടൂറിസ്റ്റ് ഫാമിലിയിലേത്. കഥ കേട്ടപ്പോള്‍ തന്നെ എക്‌സൈറ്റഡായതുകൊണ്ടാണ് ടൂറിസ്റ്റ് ഫാമിലി കമ്മിറ്റ് ചെയ്യുന്നതും. അതിനു കിട്ടുന്ന പോസിറ്റീവ് പ്രതികരണം സന്തോഷം നല്‍കുന്നുണ്ട്. ഒരുപാട് പ്രോജക്ടുകള്‍ ചര്‍ച്ചകളിലുണ്ട്. നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്നാണ് ആഗ്രഹം.