Tuesday, 23 June 2026 | 09:00 PM

Latest

നന്ദി! പാട്ടിന്റെ വസന്തകാലം സമ്മാനിച്ച ഭാവഗായകന്‌

05 May 2026 12:30 PM
നന്ദി! പാട്ടിന്റെ വസന്തകാലം സമ്മാനിച്ച ഭാവഗായകന്‌

വിടപറഞ്ഞത് മലയാളിയും തമിഴനും ഒരു പോലെ സ്നേഹിച്ച ശബ്ദസൗകുമാര്യം. ഇരു സംസ്ഥാനങ്ങളിലേയും മികച്ച ഗായകനുള്ള അവാർഡ് നേടിയിട്ടുണ്ട് തനി തൃശൂർക്കാരനായ ജയചന്ദ്രൻ

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജിൽ നിന്ന് ജയചന്ദ്രൻ ബിരുദം നേടി. ഇരിങ്ങാലക്കുടയിലെ നാഷണൽ ഹൈസ്കൂളിലെ ഒരു വിദ്യാർത്ഥിയായിരുന്ന അദ്ദേഹം അക്കാലത്ത് സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മൃദംഗ വായന, ലൈറ്റ് മ്യൂസിക് എന്നിവയിൽ നിരവധി സമ്മാനങ്ങൾ നേടിയിരുന്നു. 1958 ലെ സംസ്ഥാന യുവജനമേളയിൽ പങ്കെടുക്കവേ ജയചന്ദ്രൻ തന്റെ സമകാലികനായ യേശുദാസിനെ കണ്ടുമുട്ടുകയും മികച്ച ക്ലാസിക്കൽ ഗായകനുള്ള പുരസ്കാരം യേശുദാസ് നേടിയപ്പോൾ അതേ വർഷം മികച്ച മൃദംഗവിദ്വാനുള്ള അവാർഡ് നേടുകയും ചെയ്തിരുന്നു.

ഒരു തവണ മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്കാരം നേടിയ ജയചന്ദ്രന് അഞ്ചുതവണ മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന അവാർഡുകളും നാലു തവണ തമിഴ്‌നാട് സംസ്ഥാന അവാർഡുകളും നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഗാനങ്ങൾ മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിൽ റെക്കോർഡ് ചെയ്യപ്പെട്ടിരിക്കുന്നു.

1967 ൽ പി. വേണു സംവിധാനം ചെയ്ത ഉദ്യോഗസ്ഥ എന്ന ചിത്രത്തിനുവേണ്ടി എം.എസ്. ബാബുരാജ് സംഗീതം നൽകിയ "അനുരാഗ ഗാനം പോലെ" എന്ന പ്രശസ്ത ഗാനം അദ്ദേഹം ആലപിച്ചു. പിന്നീട് പി. വേണുവും ജയചന്ദ്രനും ചേർന്ന് "നിൻമണിയറയിലെ" (സി. ഐ. ഡി. നസീർ, 1971), "മലയാള ഭാഷതൻ മാദക ഭംഗി" (പ്രേതങ്ങളുടെ താഴ്‍‌വര, 1973) തുടങ്ങിയ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക സമ്മാനിച്ചു. പണിതീരാത്ത വീട് എന്ന ചിത്രത്തിനുവേണ്ടി ആലപിച്ച "നീലഗിരിയുടെ സഖികളേ, ജ്വാലാ മുഖികളേ” എന്ന ഗാനത്തിന് 1972 ലെ മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ആദ്യമായി ജയചന്ദ്രന് ലഭിച്ചു. എം എസ് വിശ്വനാഥനായിരുന്നു പ്രസ്തുത ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചത്. എം.എസ്.​വിശ്വനാഥനാണ് അദ്ദേഹത്തെ തമിഴിൽ അവതരിപ്പിക്കുന്നത്. 1973 ൽ പുറത്തിറങ്ങിയ 'മണിപ്പയൽ' എന്ന സിനിമയിലെ 'തങ്കച്ചിമിഴ് പോൽ...' ആയിരുന്നു ജയചന്ദ്രന്റെ ആദ്യ തമിഴ്ഗാനം.

എം. ബി. ശ്രീനിവാസൻ സംഗീതം നൽകിയ ബന്ധനം എന്ന ചിത്രത്തിലെ "രാഗം ശ്രീരാഗം" എന്ന ഗാനത്തിലൂടെ 1978 ൽ അദ്ദേഹത്തിന് മറ്റൊരു കേരള സംസ്ഥാന അവാർഡ് ലഭിച്ചു. 1985 ൽ ജി. ദേവരാജൻ സംഗീതം നൽകിയ ശ്രീ നാരായണ ഗുരു എന്ന ചിത്രത്തിലെ "ശിവശങ്കര സർവ്വ ശരണ്യ വിഭോ" എന്ന ഗാനത്തിന് മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു. നിറം എന്ന ചിത്രത്തിലെ "പ്രായം നമ്മിൽ" എന്ന ഗാനം 1998 ൽ മികച്ച ഗായകനുള്ള മൂന്നാമത്തെ കേരള സംസ്ഥാന പുരസ്കാരത്തിന് അദ്ദേഹത്തെ അർഹനാക്കിയിരുന്നു. 1975 ൽ ആർ.‌കെ ശേഖറിന്റെ സംഗീത സംവിധാനത്തിൽ, അക്കാലത്ത് കേവലം 9 വയസ് പ്രായമുണ്ടായിരുന്ന ദിലീപ് ശേഖർ (ഇപ്പോൾ എ. ആർ റഹ്മാൻ) ആദ്യമായി ചിട്ടപ്പെടുത്തിയ പെൺപട എന്ന മലയാള സിനിമയ്ക്കുവേണ്ടിയുള്ള "വെള്ളിത്തേൻ കിണ്ണം പോൽ" എന്ന ഗാനം അദ്ദേഹം ആലപിച്ചിരുന്നു.


ജയചന്ദ്രൻ സംഗീതസംവിധായകൻ ഇളയരാജയുമായി അടുത്തു സഹകരിച്ചു പ്രവർത്തിക്കുകയും "‘രാസാത്തി ഒന്നെ കാണാതെ നെഞ്ച് കാത്താടി പോലാട്ത്...", "കാത്തിരുന്തു കാത്തിരുന്തു" (1984 ൽ പുറത്തിറങ്ങിയ വൈദേഹി കാത്തിരുന്താൾ), "മയങ്കിനേൻ സൊല്ല തയങ്കിനേൻ" (1985 ൽ പുറത്തിറങ്ങിയ നാനേ രാജ നാനേ മന്തിരിയിൽ നിന്ന്), "വാഴ്കയേ വേഷം" (1979 ൽ പുറത്തിറങ്ങിയ “ആറിലിരുന്തു  അറുപതു വരൈ” എന്ന ചിത്രത്തിലെ), "പൂവാ എടുത്തു ഒരു" (1986 ൽ പുറത്തിറങ്ങിയ  അമ്മൻ കോവിൽ കിഴക്കാലെ), "താലാട്ടുതേ വാനം" (1981 ൽ പുറത്തിറങ്ങിയ കടൽ മീൻകൾ) എന്നിവയുൾപ്പെടെ തമിഴ് ഭാഷയിൽ നിരവധി ജനപ്രിയ ഹിറ്റുകൾ സൃഷ്ടിക്കുകയും ചെയ്തിരുന്നു. 1994 ൽ എ. ആർ. റഹ്മാൻ സംഗീതം നൽകിയ കിഴക്കു ചീമയിലെ എന്ന ചിത്രത്തിലെ ഗാനം ആലപിച്ചതിന്റെ പേരിൽ  മികച്ച ഗായകനുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. തമിഴ് ചലച്ചിത്ര സംഗീതത്തിന് നൽകിയ സംഭാവനകൾക്കുള്ള അംഗീകാരമെന്ന നിലയിൽ 1997 ൽ തമിഴ്‌നാട് സർക്കാരിന്റെ കലൈമാമണി അവാർഡിന് അർഹനായി.


2001 ന്റെ തുടക്കത്തിൽ ജയചന്ദ്രന് ‘സ്വരലയ കൈരളി യേശുദാസ് അവാർഡ്’ നൽകി ആദരിക്കുകയും ഈ പുരസ്കാരം ലഭിച്ച ആദ്യ ഗായകനാകുകയും ചെയ്തു. 30 വർഷക്കാലയളവിലെ ഗായകരിൽ നിന്നും ഗാനരചയിതാക്കളിൽ നിന്നുമുള്ള മികച്ച വ്യക്തിയെ തിരഞ്ഞെടുക്കുക എന്നതാണ് ഈ പുരസ്കാരത്തിനു പിന്നിലെ ലക്ഷ്യം. എം‌എസ്‌ഐ ഇൻഫർമേഷൻ ഡാറ്റാബേസ് അനുസരിച്ച് മലയാള സിനിമകൾക്കായി ഏകദേശം ആയിരത്തോളം ഗാനങ്ങൾ അദ്ദേഹം ആലപിച്ചിട്ടുണ്ട്.

2008 ൽ എ. ആർ. റഹ്മാൻ സംഗീതം നൽകിയ “ADA ... എ വേ ഓഫ് ലൈഫ്” എന്ന ചിത്രത്തിനായി അൽക യാഗ്നിക്കിനൊപ്പം പാടിക്കൊണ്ട്  ജയചന്ദ്രൻ ആദ്യമായി ഹിന്ദി ഗാനരംഗത്തേയ്ക്കും പ്രവേശനം നടത്തി.

മലയാള സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള 2020ലെ ജെ. സി ഡാനിയേൽ അവാർഡ് നൽകി കേരള സർക്കാർ അദ്ദേഹത്തെ ആദരിച്ചു.