Wednesday, 10 June 2026 | 06:30 PM

Interviews

പൃഥ്വി എന്ന മകന്‍ ഒരുപാട് സ്നേഹം ഉള്ളവനാണ്. അവന്‍ ഒന്നും പരസ്യപ്പെടുത്തില്ല എന്നേയുള്ളൂ. സുകു ഏട്ടനും അങ്ങനെതന്നെയായിരുന്നു.

അപ്പൂസ് കെ.എസ് 05 May 2026 12:30 PM
 പൃഥ്വി എന്ന മകന്‍ ഒരുപാട് സ്നേഹം ഉള്ളവനാണ്. അവന്‍ ഒന്നും പരസ്യപ്പെടുത്തില്ല എന്നേയുള്ളൂ. സുകു ഏട്ടനും അങ്ങനെതന്നെയായിരുന്നു.

പേരക്കുട്ടികളെ ഒക്കെ വലിയ രീതിയില്‍ സപ്പോര്‍ട്ട് ചെയ്യുന്ന ഒരു മുത്തശ്ശിയാണ് മല്ലികാമ്മ...?

പുതിയ തലമുറയ്ക്ക് അവരുടേതായ ഇഷ്ടങ്ങള്‍ ഉണ്ടല്ലോ. അത് നമ്മള്‍ അംഗീകരിക്കണം. പ്രാര്‍ത്ഥന ഇപ്പോള്‍ സിനിമയുടെ ഭാഗമാണ്. അത് എന്തൊരു സന്തോഷമുള്ള കാര്യമാണ്. പ്രാര്‍ത്ഥനയുടെ വസ്ത്രധാരണത്തെ കുറിച്ചുള്ള ഒരുപാട് നെഗറ്റീവ് കമന്‍റുകള്‍ കേട്ടിട്ടുണ്ട്. എനിക്ക് തോന്നുന്നില്ല, അവര്‍ എന്താണ് മോശം വസ്ത്രധാരണം നടത്തുന്നത് എന്ന്. അവള്‍ക്ക് അനുയോജ്യമായ വളരെ കംഫര്‍ട്ടബിള്‍ ആയ വസ്ത്രം ആണ് അവള്‍ ധരിക്കാറുള്ളത്. പിന്നെ ഒരു മുത്തശ്ശി എന്ന നിലയില്‍ എപ്പോഴും സദസ്സ് അറിഞ്ഞു പെരുമാറുക എന്ന് ഞാന്‍ മക്കളോട് പറഞ്ഞുകൊടുക്കാറുണ്ട്.

രാജപ്പന്‍, അഹങ്കാരി എന്നൊക്കെ പൃഥ്വിരാജിനെ മുന്നേ ആളുകള്‍ കളിയാക്കി വിളിച്ചിട്ടുണ്ട്. ഇപ്പോള്‍ അത് മാറ്റി അഹങ്കാരം ഓഫ് മലയാളം സിനിമ എന്നാക്കി മാറ്റി. ഇപ്പോഴെന്താണ് തോന്നുന്നത്?

രാജു ഇഷ്ടംപോലെ നെഗറ്റീവ് കമന്‍റുകള്‍ കേട്ടിട്ടുണ്ട്. അവന്‍ അന്നേ ഒന്നും പ്രതികരിക്കാന്‍ പോയിട്ടില്ല. അവന്‍റെ അധ്വാനത്തിലൂടെ മറുപടി കൊടുക്കണം എന്നാണ് അവന്‍ പറഞ്ഞിരുന്നത്. ആ കളിയാക്കിയുള്ള വിളികളും പരിഹാസവും എല്ലാം ഒരു പരിധിവരെ രാജുവിന്‍റെ വളര്‍ച്ചയ്ക്ക് സഹായിച്ചിട്ടുണ്ട്. അതുതന്നെയാണ് അവനെ ഇപ്പോള്‍ ഈ നിലയില്‍ കൊണ്ടെത്തിച്ചതും പൃഥ്വിക്ക് വലിയ ആത്മവിശ്വാസം മുന്നേ തന്നെ കൈമുതലായിട്ടുണ്ട്.

ആടുജീവിതം മല്ലികാമ്മ ഒരു അമ്മ എന്ന നിലയില്‍ ഒരുപാട് വേദനസഹിച്ച സിനിമയാണ്..?

അതില്‍ എനിക്ക് നന്ദി പറയാനുള്ളത്  ബ്ലെസി സാറിനോട് മാത്രമാണ്. കാരണം എനിക്ക് അത്രത്തോളം വലിയ അഭിമാനം ഉണ്ടാക്കിയ ഒരു അനുഭവം വേറെയില്ല. അവന്‍റെ കഷ്ടപ്പാട് എല്ലാവരും തിരിച്ചറിഞ്ഞു. പൃഥ്വിക്ക് ആളുകള്‍ എല്ലാ സ്നേഹവും കൊടുത്ത ഒരു ചിത്രമാണ് ആടുജീവിതം.

പൃഥ്വിരാജ് എന്ന വ്യക്തിയില്‍ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം എന്താണ്?

അമ്മയെ സ്നേഹിക്കുന്നത് തന്നെ. മൂന്നാമതൊരാള്‍ കണ്ടാല്‍ ഇവന് എന്തോ ഭയങ്കര ജാഡയുള്ള പോലെയേ കരുതുകയുള്ളൂ. എന്നാല്‍ പൃഥ്വി എന്ന മകന്‍ ഒരുപാട് സ്നേഹം ഉള്ളവനാണ്. അവന്‍ ഒന്നും പരസ്യപ്പെടുത്തില്ല എന്നേയുള്ളൂ. സുകു ഏട്ടനും അങ്ങനെതന്നെയായിരുന്നു.

 

Tags
Mallika Sukumaran Prithviraj Sukumaran