ശ്രദ്ധ മുഴുവന്‍ സിനിമയില്‍ -നിധി അഗര്‍വാള്‍
ആദ്യസിനിമയായ 'മുന്നാമൈക്കിള്‍' എന്ന സിനിമയില്‍തന്നെ മികച്ച നവാഗത നായികയ്ക്കുള്ള 'സീ സിനി അവാര്‍ഡ്' കരസ്ഥമാക്കിയ തെലുങ്ക് മങ്കയായ നിധി അഗര്‍വാള്‍ തെലുങ്കില്‍ 'സവ്യസാചി'എന്ന ചിത്രത്തിലൂടെ ജന്മദേശത്തും വെള്ളിത്തിരയില്‍ മുഖം കാണിച്ചു. മോഡലിംഗ് രംഗത്തുനിന്നും സിനിമയിലെത്തിയ നിധി തന്‍റെ സൗന്ദര്യഭംഗി കൊണ്ടുമാത്രമല്ല, അഭിനയമികവുകൊണടും തെന്നിന്ത്യന്‍ സിനിമയില്‍ റാണിയാവും എന്നാണ് പ്രതീക്ഷിക്കപ്പെട്ടത്.

എന്നാല്‍ തമിഴില്‍ ചിമ്പുവിനൊപ്പം അഭിനയിച്ച 'ഈശ്വരന്‍', തെലുങ്കില്‍ പവന്‍ കല്യാണിനൊപ്പം 'ഹരിഹര വീരമല്ലു' എന്നീ സിനിമകള്‍ ബോക്സോഫീസില്‍ പ്രതീക്ഷിച്ച വിജയം നേടാനാവാതെ പോയത് താരത്തിന് ക്ഷീണമായി. എന്നിരുന്നാലും ഭാഗ്യാന്വേഷിയായി ഊഴം കാത്തിരിക്കുന്ന നിധി അഗര്‍വാളിന് അവസരങ്ങള്‍ക്ക് കുറവില്ല. ഭാഗ്യം ആരെ എപ്പോഴാണ് കടാക്ഷിക്കുക എന്നറിയില്ലല്ലോ? ഉയരങ്ങള്‍ കീഴടക്കാന്‍ കാത്തിരിക്കുന്ന നിധിയുമായി ഒരു മുഖാമുഖം...
സിനിമയില്‍ അവസരം കിട്ടിയപ്പോള്‍ എന്തായിരുന്നു ഫീലിങ്?
നിധി അഗര്‍വാള്‍: സിനിമയില്‍ നായികയായി അഭിനയിക്കാന്‍ അവസരം കിട്ടിയത് ദൈവത്തിന്‍റെ അത്ഭുത പ്രവൃത്തിയാണ്. അഭിനയിക്കണം എന്ന ആഗ്രഹം ചെറുപ്പം മുതലേ എന്നില്‍ ഉണ്ടായിരുന്നു. ഓരോ സിനിമ കാണുമ്പോഴും ഞാന്‍ എന്നെത്തന്നെ അതിലെ നായികയായി സങ്കല്‍പ്പിക്കുകയായിരുന്നു. അന്നെനിക്ക് പ്രായം പതിനഞ്ചാണ്. ഇന്‍സ്റ്റായില്‍ എന്‍റെ ഫോട്ടോ കണ്ടിട്ട് പല സംവിധായകരും എനിക്ക് അഭിനയിക്കാന്‍ അവസരം നല്‍കാം എന്നുപറഞ്ഞു. അങ്ങനെ കിട്ടിയതൊക്കെ മോഡലിങ്ങും, പരസ്യചിത്ര അവസരങ്ങളുമായിരുന്നു.
എനിക്ക് മോഡലിങ്ങിലും പരസ്യചിത്രങ്ങളിലും തീരെ താല്‍പ്പര്യമില്ലായിരുന്നു. എന്നാല്‍ സിനിമയില്‍ പ്രവേശിക്കാന്‍ അതൊരു വിസിറ്റിങ് കാര്‍ഡാണ് എന്ന് ഞാന്‍ പിന്നീട് മനസ്സിലാക്കി. ഐശ്വര്യാറായ്, സുസ്മിതാസെന്‍, പ്രിയങ്കാചോപ്രാ പോലുള്ളവരൊക്കെ മോഡലിങ്ങിലൂടെയാണ് സിനിമയില്‍ പ്രവേശിച്ചത് എന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഞാനും പരസ്യചിത്രങ്ങളില്‍ അഭിനയിക്കാന്‍ തുടങ്ങി.
'മൂന്നാം മൈക്കിള്‍' എന്ന സിനിമയില്‍ അവസരം ലഭിക്കുവാനായി ഞാന്‍ മുംബയില്‍ ഓഡീഷനുപോയി. എന്നേക്കാള്‍ കഴിവുള്ള ഒട്ടേറെപ്പേര്‍ ഓഡിഷന് വന്നിരുന്നു. എന്നാല്‍ എനിക്കാണ് നറുക്ക് വീണത്. അതിനെ ഭാഗ്യം എന്നല്ലാതെ മറ്റെന്തുപറയാന്‍.

മിക്ക നടിമാരും തങ്ങളുടെ നായികാകഥാപാത്രത്തെ വളരെ ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുക്കുന്നു. നിധി എങ്ങനെയാണ്..?
നിധി അഗര്‍വാള്‍: അതെ, ഞാനും അങ്ങനെതന്നെയാണ് തെരഞ്ഞെടുക്കുന്നത്. 'ദേവദാസ്' ഒരു കൊമേഴ്സ്യല്‍ ചിത്രമാണ്. ഷാരൂഖ്ഖാന്‍, ഐശ്വര്യാറായ്, മാധുരി ദീക്ഷിത് എന്നിവര്‍ അഭിനയിച്ചിരുന്നു. ആ സിനിമയിലും ഗ്ലാമര്‍ ഉണ്ടായിരുന്നു. അതേസമയം മനോഹരമായ കഥാപാത്രങ്ങള്‍, മികച്ച സംവിധായകന്‍, മികച്ച അഭിനേതാക്കള്‍ എന്നിങ്ങനെ പൂര്‍ണ്ണതയും ഉണ്ടാവും. ഞാന്‍ ഒരു സിനിമ തെരഞ്ഞെടുക്കുമ്പോള്‍, ഞാന്‍ ആ സിനിമയില്‍ എങ്ങനെയുണ്ടാവും, കഥ എങ്ങനെയുള്ളതാണ് എന്നുമാത്രമല്ല നോക്കുക. ആ സിനിമയില്‍ സംവിധാനം, കല, വിനോദം എന്നിങ്ങനെ എല്ലാ ഘടകങ്ങളും ഉണ്ടായിരിക്കണം എന്നുകരുതും. ഇതൊക്കെ ആ സിനിമയില്‍ ഉണ്ടോ എന്ന് പരിശോധിച്ചിട്ടാണ് പ്രോജക്ട് സെലക്ട് ചെയ്യുക.
നിധി തമിഴ്സിനിമകളില്‍ അടുത്ത കാലത്തായി അധികം കാണാനില്ലല്ലോ...?
നിധി അഗര്‍വാള്‍: തമിഴ് സിനിമയില്‍ അഭിനയിക്കരുത് എന്ന വാശിയൊന്നുമില്ല. തമിഴ് സിനിമ വളരെയധികം ഇഷ്ടമാണ്. ഇവിടെ നല്ല കഴിവുള്ള സംവിധായകര്‍, സാങ്കേതിക വിദഗ്ദ്ധര്‍, നടീനടന്മാര്‍ എന്നിങ്ങനെ എല്ലാം കൊണ്ടും ഇന്‍ഡസ്ട്രി വെല്‍ത്തിയാണ്. എന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ പത്തുസിനിമകളില്‍ അഭിനയിക്കണം എന്ന ചിന്തയൊന്നും ഇല്ലാ.. ഒരു സിനിമയില്‍ അഭിനയിച്ചാലും വളരെക്കാലം ആ സിനിമയിലൂടെ ഞാന്‍ ആരാധക മനസ്സുകളില്‍ നിറഞ്ഞുനില്‍ക്കണം എന്നാശിക്കുന്നു. അത്തരം കഥാപാത്രങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ്.

ചിമ്പുവിനൊപ്പം 'ഈശ്വരന്‍'എന്ന സിനിമയില്‍ അഭിനയിച്ചുവല്ലോ?
നിധി അഗര്‍വാള്‍: ആ സിനിമയില്‍ എനിക്ക് ഷൂട്ടിങ് കടലിലായിരുന്നു. വളരെക്കുറച്ച് മാത്രമേ അതില്‍ എനിക്ക് അഭിനയിക്കാന്‍ ഉണ്ടായിരുന്നുള്ളുവെങ്കിലും ചിമ്പുവിനൊപ്പം അഭിനയിച്ചത് എനിക്ക് വളരെ നല്ല അനുഭവം തന്നെയായിരുന്നു. വളരെയധികം കഴിവുള്ള മികച്ച നടനാണ് അദ്ദേഹം. അദ്ദേഹത്തില്‍ നിന്നും ധാരാളം കാര്യങ്ങള്‍ പഠിച്ചു.