എത്രയൊക്കെ വലിയ നടന്മാര്‍ക്ക് ശബ്ദം നല്‍കിയിട്ടുണ്ടെങ്കിലും എന്നെ എപ്പോഴും കുട്ടികള്‍ ഓര്‍മ്മിക്കുന്നത് കണ്ടന്‍ പൂച്ചയുടെ ശബ്ദത്തിലൂടെയാണ്... -ഷോബി തിലകന്‍
ഇപ്പോഴും അമ്മമാര്‍ കുട്ടികള്‍ക്ക് ചോറുകൊടുക്കുന്നത് പോലും എന്‍റെ പേര് പറഞ്ഞ് പേടിപ്പിച്ചിട്ടാണ്. എപ്പോഴും നമ്മള്‍ ഡബ് ചെയ്യുമ്പോള്‍ മറ്റൊരാള്‍ക്ക് വേണ്ടി നമ്മുടെ ശബ്ദം നല്‍കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇവിടെ ഞാന്‍ തന്നെയാണ് കണ്ടന്‍പൂച്ച. അതുകൊണ്ട് എനിക്ക് ഡബ് ചെയ്യാന്‍ ഇഷ്ടവും കണ്ടന്‍ പൂച്ചയെയാണ്. അതുപോലെ എന്‍റെ ശബ്ദം വളരെ ഗാംഭീര്യമുള്ള ശബ്ദമാണെന്നാണ് എല്ലാവരും പറയുന്നത്. ചിലര്‍ പാറപ്പുറത്ത് ചിരട്ടയിട്ട് ഉരയ്ക്കുന്ന ശബ്ദമെന്നും എന്‍റെ ശബ്ദത്തെ പറയാറുണ്ട്. സീരിയല്‍ മേഖലയില്‍ തന്നെ ചിലര്‍ എന്നെ കറുമുറു എന്ന് കളിയാക്കി വിളിക്കാറുണ്ട്. അതൊക്കെ ശബ്ദത്തിന്‍റെ ഒരു ദോഷമായിട്ടാണ് കാണുന്നത്. ചില കഥാപാത്രങ്ങള്‍ അതുകൊണ്ടുതന്നെ കിട്ടാറില്ല.

ഇഷ്ടപ്പെട്ടിട്ടും ഡബ്ബ് ചെയ്യാന്‍ പറ്റാതെ പോയ കഥാപാത്രങ്ങള്‍ ഉണ്ടോ?
എനിക്ക് ഇഷ്ടമുള്ള ചില കഥാപാത്രങ്ങള്‍ ഈ ശബ്ദത്തിന്‍റെ ഗാംഭീര്യം കൊണ്ടും ബേസ് കൂടുതലായതുകൊണ്ടും നഷ്ടപ്പെട്ടിട്ടുണ്ട്. ചോക്ലേറ്റ് നായകന്മാരുടെ ശബ്ദം ചെയ്യാന്‍ ഒന്നും എന്‍റെ ശബ്ദം പറ്റില്ല. എല്ലാവര്‍ക്കും അറിയുന്ന ശബ്ദമായതിനാല്‍ ശബ്ദത്തില്‍ വലിയ മാറ്റമൊന്നും വരുത്താനും സാധിക്കില്ല. അങ്ങനെ ഒരു രീതിയില്‍ തനിക്ക് കഥാപാത്രങ്ങള്‍ നഷ്ടപ്പെട്ടതും എല്ലാം വെച്ചുനോക്കുമ്പോള്‍ ഞാന്‍ അഞ്ച് മാര്‍ക്കെ കൊടുക്കൂ. അല്ലെങ്കില്‍ ഞാന്‍ ഒമ്പത് കൊടുക്കും.
അഭിമന്യുവിനെക്കുറിച്ച് ഷോബി തിലകന്‍
അവന് എങ്ങനെയാണ് സിനിമയില്‍ അഭിനയിക്കാന്‍ സ്പാര്‍ക്കുണ്ടായത് എന്നെനിക്കറിയില്ല. എഞ്ചിനീയറിംഗ് പഠിക്കുന്ന സമയത്തൊന്നും അവന് അഭിനയിക്കുന്നതിനെക്കുറിച്ചൊന്നും പറഞ്ഞിരുന്നില്ല. അതിനുശേഷം നല്ല കഥാപാത്രം കിട്ടിയാല്‍ അഭിനയിച്ചേക്കുമെന്ന് പറയുന്നത് കേട്ടിരുന്നു. ഇത് അവന്‍ തന്നെ ഏറ്റെടുത്തതാണ്. അവന്‍റെ സിനിമയെക്കുറിച്ച് പറയുമ്പോള്‍ സന്തോഷമാണ്. മാര്‍ക്കോയില്‍ അഭിനയിക്കാന്‍ പോവും മുമ്പ് എന്നെ വിളിച്ച് അനുഗ്രഹം വാങ്ങിയിരുന്നു. അവന്‍ നന്നായി ചെയ്തുവെന്ന ഒരുപാട് പേര് എന്നെ വിളിച്ച് പറഞ്ഞിരുന്നു. അവന്‍ നന്നായി ഡബ്ബ് ചെയ്തിട്ടുണ്ട്. ശബ്ദം നന്നായിട്ടുണ്ട്. തിലകന്‍റെ പാരമ്പര്യം കാത്തു എന്നാണ് എല്ലാവരും പറഞ്ഞതെന്നാണ് എന്‍റെ മകള്‍ എന്നോട് പറഞ്ഞത്. അതിലെനിക്ക് അതിയായ സന്തോഷമുണ്ട്.

ആവിഷ്ക്കാര സ്വാതന്ത്ര്യം സിനിമകളില്‍
സിനിമയ്ക്ക് ഒരു പേര് ഇടാന്‍ പോലും നൂറുവട്ടം ആലോചിക്കേണ്ട സാഹചര്യം ആണ് ഇപ്പോള്‍ ഉള്ളത്. ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ ഒരു പേരിന്‍റെ പേരില്‍ തടയുന്നത് ശരിയായ കാര്യമല്ല എന്നാണ് എന്‍റെ അഭിപ്രായം. സത്യത്തില്‍ സാമൂഹിക രാഷ്ട്രീയപരമായ ആശയങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്താന്‍ ഭയമാണ്. ആശയങ്ങളെ കോമണ്‍ സെന്‍സോടുകൂടി സമീപിച്ചിട്ടും കാര്യമില്ല. ഒരു സിനിമയ്ക്കും ഇങ്ങനെയൊരു ഗതി വരരുതെ എന്നാണ് എന്‍റെ ആഗ്രഹം.

സുരേഷ്ഗോപിയെക്കുറിച്ച്?
സുരേഷ്ഗോപി എന്ന നടന്‍, വെറും നടന്‍ എന്ന നിലയില്‍ അല്ല അദ്ദേഹത്തെ ഞാന്‍ കാണുന്നത്. ഞാന്‍ എന്‍റെ സ്വന്തം സഹോദരനായിട്ടാണ് അദ്ദേഹത്തെ കാണുന്നത്. എനിക്ക് അത്രത്തോളം പ്രിയപ്പെട്ട ആളാണ് അദ്ദേഹം. അച്ഛനോട് ഭയങ്കര സ്നേഹമുള്ള ആളായിരുന്നു. അച്ഛനെ എപ്പോഴും കൂടെനിര്‍ത്തിയിട്ടുള്ള ആളാണ്. അതുപോലെ എന്നെയും. നമ്മള്‍ എന്ത് ആഗ്രഹിച്ചാലും അത് സാധിച്ചുതരുന്ന ആളായിരുന്നു.