വിലായത്ത് ബുദ്ധയില്‍ ശ്രദ്ധേയ വേഷം ചെയ്ത പഴനിസ്വാമി വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു...
പൃഥ്വിരാജിനെ നായകനാക്കി സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന സിനിമയിലൂടെ മലയാള സിനിമാരംഗത്ത് കൂടുതല്‍ ശ്രദ്ധേയമായി മാറിയ താരമാണ് അട്ടപ്പാടി സ്വദേശിയായ പഴനിസ്വാമി. ഏറ്റവും പുതിയ സിനിമയായ വിലായത്ത് ബുദ്ധയെക്കുറിച്ചും മറ്റു സിനിമകളെക്കുറിച്ചും വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു പഴനിസ്വാമി...
വിലായത്ത് ബുദ്ധയിലെ കഥാപാത്രം
ആട്ടുമല കോളനിയിലെ ഒരാളായിട്ടാണ് ഞാന്‍ വിലായത്ത് ബുദ്ധ എന്ന സിനിമയില്‍ അഭിനയിച്ചിട്ടുള്ളത്. കഥാപാത്രത്തിന്‍റെ പേര് പഴനിസ്വാമി എന്നാണ്. പൃഥ്വിരാജിന്‍റെ കഥാപാത്രത്തിന്‍റെ കൂടെ ചന്ദനം കടത്തുന്ന അഞ്ചുപേരില്‍ ഒരാളായിട്ടാണ് അഭിനയിച്ചത്. സിനിമയില്‍ അഭിനയിച്ച ഒരു കഥാപാത്രമുണ്ട്. ഒരു ചെറിയ പെണ്‍കുട്ടിയാണ്. ആ പെണ്‍കുട്ടിയെ പാമ്പ് കടിക്കുന്ന രംഗമൊക്കെയുണ്ട് സിനിമയ്ക്കകത്ത്. അത് ഞാന്‍ ചെയ്ത കഥാപാത്രത്തിന്‍റെ മകള്‍ കഥാപാത്രമാണ്. സിനിമ കണ്ടവര്‍ക്ക് ഈ രംഗത്തെക്കുറിച്ച് പറഞ്ഞാല്‍ പെട്ടെന്ന് മനസ്സിലാകും എന്ന് എനിക്ക് ഉറപ്പാണ്.

വിലായത്ത് ബുദ്ധയുടെ യാത്രകള്‍
വാസ്തവത്തില്‍ 2022 ലാണ് ഈ സിനിമയുടെ ഷൂട്ട് തുടങ്ങിയത്. മൂന്നുനാല് വര്‍ഷം കൊണ്ടാണ് സിനിമ പുറത്തെത്തിയത്. ഒരുപാട് കാരണങ്ങള്‍ കൊണ്ട് സിനിമ വൈകുകയായിരുന്നു. പ്രത്യേകിച്ച് പൃഥ്വിരാജ് സാറിന്‍റെ ഡേറ്റ് ഒക്കെ ക്ലാഷ് ആയിട്ടുണ്ടായിരുന്നു. അദ്ദേഹത്തിന് കാലിന് പരിക്ക് പറ്റിയത് കാരണം കുറെക്കാലം ഷൂട്ട് നടന്നില്ല. അതിനിടയില്‍ എനിക്ക് വേറെയും ചില സിനിമകളില്‍ ഓഫറുകള്‍ വന്നെങ്കിലും അതൊന്നും ചെയ്യാന്‍ പറ്റിയില്ല. കാരണം വിലായത്ത് ബുദ്ധ സിനിമയ്ക്ക് വേണ്ടി ഞാന്‍ താടിവച്ചിരുന്നു. ആ കണ്ടിന്യൂവിറ്റി നഷ്ടപ്പെടാതിരിക്കാനായി ആ സിനിമകളെല്ലാം എനിക്ക് ഒഴിവാക്കേണ്ടി വന്നു.
സ്നേഹത്തോടെ പെരുമാറുന്ന പൃഥ്വിരാജ്
പൃഥ്വിരാജ് സാര്‍ എന്നോട് ഒരുപാട് സ്നേഹം കാണിക്കാറുണ്ട്. എല്ലാവരോടും കാണിക്കുന്നതിനേക്കാള്‍ കുറച്ചുകൂടി വ്യത്യസ്തമായി എന്നോട് സ്നേഹം കാണിക്കാറുണ്ട്. ഒരുതരം പ്രത്യേക സ്നേഹം എന്നുപറയാം. അയ്യപ്പനും കോശിയും എന്ന സിനിമ അട്ടപ്പാടിയില്‍ ആയിരുന്നു ഷൂട്ട്ചെയ്തിരുന്നത്. 68 ദിവസം ആ സിനിമ മൊത്തം അവിടെ കോര്‍ഡിനേറ്റ് ചെയ്തത് ഞങ്ങള്‍ ആയിരുന്നു. അന്നുമുതലേ അദ്ദേഹത്തിന് വലിയ സ്നേഹമാണ്. അവരൊക്കെ പല അഭിമുഖങ്ങളിലും എന്നെപ്പറ്റി സംസാരിച്ചിട്ടുണ്ട്. അതൊക്കെ വലിയ കാര്യങ്ങള്‍ ആയിട്ടാണ് ഞാന്‍ കാണുന്നത്.

സിനിമാമോഹിയായ പഴനിസ്വാമി
പതിനാറ് പതിനേഴ് വയസ്സുള്ള കാലത്താണ് എനിക്ക് സിനിമാമോഹം മനസ്സില്‍ വരുന്നത്. അഭിനയിക്കണം എന്നായിരുന്നു ആഗ്രഹം. ചെറുപ്പം മുതല്‍ക്കേ തമിഴ് സിനിമ കണ്ടുവളര്‍ന്ന ആളാണ് ഞാന്‍. പിന്നീട് സിനിമാക്കാരെ തന്നെ പരിചയപ്പെടാന്‍ 10 വര്‍ഷത്തോളം സമയം എടുത്തിട്ടുണ്ട്. എങ്ങനെ സിനിമയില്‍ അഭിനയിക്കും എന്നാണ് അപ്പോഴൊക്കെ ആലോചിച്ചത്. പിന്നീട് എന്‍റെ സുഹൃത്ത് വി.എച്ച്. ധീരാര്‍ മലയാള ആഴ്ചപതിപ്പില്‍ എന്നെക്കുറിച്ച് ഒരു ലേഖനം എഴുതി. എന്‍റെ സ്വപ്നങ്ങളെ കുറിച്ചാണ് അദ്ദേഹം എഴുതിയത്. അത് കണ്ടിട്ടാണ് ഹരിഹരന്‍ സാറും സത്യന്‍ അന്തിക്കാട് സാറും എല്ലാം പഴശ്ശിരാജ, ഭാഗ്യദേവത തുടങ്ങിയ സിനിമകളിലെല്ലാം എന്നെ വിളിക്കുന്നത്.
പഴശ്ശിരാജയില്‍ ഞാന്‍ കുറിച്ചി പടയാളികളില്‍ ഒരാളായി അഭിനയിച്ചു. അതില്‍ ഡയലോഗ് ഒന്നും ഇല്ലായിരുന്നു. ഭാഗ്യദേവത സിനിമയില്‍ ഒരു ഓട്ടോ ഡ്രൈവറായി അഭിനയിച്ചു. ജയറാം സാറിനോട് പൈസയ്ക്കുവേണ്ടി തര്‍ക്കിക്കുന്ന ഒരു കഥാപാത്രം. പിന്നീട് അന്‍വര്‍ റഷീദ് സാറിന്‍റെ അന്‍വര്‍ തുടങ്ങിയ സിനിമകളിലൊക്കെ ചെറിയ റോളുകള്‍ ചെയ്തു. ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയിട്ടായിരുന്നു ഞാന്‍ പല സിനിമകളിലും അഭിനയിച്ചത്. അതിനിടയിലാണ് അയ്യപ്പനും കോശിയും എന്ന സിനിമ അട്ടപ്പാടിയില്‍ വരുന്നതും സച്ചി സാറിനെ പരിചയപ്പെടുന്നതും. അവര്‍ക്ക് ഒരു ട്രൈബല്‍ പാട്ട് വേണമെന്ന ആവശ്യം വന്നപ്പോള്‍ ആരൊക്കെയോ സാറിന് എന്നെ പരിചയപ്പെടുത്തുകയായിരുന്നു.

നഞ്ചമ്മ ചേച്ചിയെ ഞാനാണ് പരിചയപ്പെടുത്തി കൊടുക്കുന്നത്. ആ സമയത്ത് എന്‍റെ സിനിമാമോഹം ഞാന്‍ സാറിനോട് പറഞ്ഞിരുന്നു. അങ്ങനെയാണ് സാര്‍ എനിക്ക് അയ്യപ്പനും കോശിയും എന്ന സിനിമയില്‍ ഒരു നല്ല കഥാപാത്രം തരുന്നത്. ആ സിനിമയുടെ അസ്സോസിയേറ്റ് ഡയറക്ടര്‍ ആയിരുന്നു ജയന്‍ നമ്പ്യാര്‍. അന്ന് അദ്ദേഹമാണ് എനിക്ക് ഫുള്‍ സപ്പോര്‍ട്ട് തന്നത്. അദ്ദേഹമാണ് പിന്നീട് വിലായത്ത് ബുദ്ധ സിനിമ ചെയ്തത്. സച്ചി സാര്‍ മരണപ്പെട്ടുവെങ്കിലും ജയന്‍ സാര്‍ എന്നെ കൈവിടാതെ ചേര്‍ത്തുപിടിച്ചു. വിലായത്ത് ബുദ്ധ സിനിമയിലെ എന്‍റെ അഭിനയം കണ്ട ചിത്രത്തിന്‍റെ നിര്‍മ്മാതാവ് എന്നെ പിറ്റേദിവസം നേരിട്ട് അഭിനന്ദിച്ചത് ഒക്കെ എനിക്ക് വലിയ അംഗീകാരമാണ്.

തുടക്കം അയ്യപ്പനും കോശിയും
അയ്യപ്പനും കോശിയും സിനിമ കണ്ടതിനുശേഷം റോഷന്‍ ആന്‍ഡ്രൂസ് സാര്‍ സല്യൂട്ട് എന്ന സിനിമയില്‍ ദുല്‍ഖറിന്‍റെ ഓപ്പോസിറ്റ് ഉള്ള കഥാപാത്രം എനിക്ക് തന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കലാണ് അന്ന് എന്നെ വിളിക്കുന്നത്. സി.ഐ.ജോഷി ആയാണ് ആ സിനിമയില്‍ അഭിനയിച്ചത്. അതുപോലെ വേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. പിന്നെ കൊറോണ വന്നതുകൊണ്ട് കുറെ സിനിമകള്‍ നഷ്ടമായി.
അട്ടപ്പാടിയെ മാറ്റിയെടുത്ത സംവിധായകന്‍ സച്ചി
ചെറുപ്പത്തില്‍ ആകെയുള്ള എന്‍റര്‍ടെയ്ന്‍മെന്‍റ് സിനിമയായിരുന്നു. വീടിന് തൊട്ടടുത്തുള്ള തീയേറ്ററില്‍ സിനിമകള്‍ ഉണ്ടാകുമായിരുന്നു. അവിടെ ചൊവ്വാഴ്ചകളിലും വെള്ളിയാഴ്ചകളിലും സിനിമ മാറി മാറി വരുമായിരുന്നു. അവിടെ തമിഴ് സിനിമകളാണ് കൂടുതല്‍ വരുക. പക്ഷേ അന്നൊന്നും സിനിമയില്‍ എത്തുമെന്ന് വിചാരിച്ചിട്ടില്ല. വിചാരിച്ചാലും എത്തിപ്പെടാന്‍ എളുപ്പവും അല്ലായിരുന്നു. പിന്നീട് ആ സിനിമാ മോഹം തീവ്രമായപ്പോഴാണ് അതിന് പരിശ്രമം നടത്തിയതും അട്ടപ്പാടി പോലുള്ള ഒരു ഉള്‍പ്രദേശത്തുനിന്ന് ഞാന്‍ സിനിമയില്‍ എത്തുന്നതും. ആല്‍ക്കമിസ്റ്റ് നോവലില്‍ പറഞ്ഞതുപോലെ എന്ത് ആഗ്രഹവും തീവ്രമായിട്ടുണ്ടെങ്കില്‍ പ്രപഞ്ചം അതിന്‍റെ കൂടെ നില്‍ക്കും എന്നുപറയുന്നതുപോലെ തന്നെ എന്‍റെ കാര്യത്തിലും സംഭവിച്ചു.

അങ്ങനെ വലിയ വലിയ സ്റ്റാറുകളുടെ കൂടെ അഭിനയിക്കാന്‍ പറ്റി. വിലായത്ത് ബുദ്ധയുടെ പോസ്റ്ററില്‍ എന്‍റെ ഫോട്ടോയും വന്നിരുന്നു. അതിലൊക്കെ സന്തോഷമുണ്ട്. ഇതിലൂടെയൊക്കെ ഒരുപാട് പേര്‍ക്ക് അട്ടപ്പാടിയെ തിരിച്ചറിയാന്‍ പറ്റിയെന്നതും വലിയ കാര്യമാണ്. അട്ടപ്പാടി എന്നുപറയുന്ന സ്ഥലത്തുള്ളവര്‍ക്ക് സിനിമ എന്നു പറയുന്നത് അത്രയും വിദൂരമുള്ള ഒന്നാണ്. എത്തിപ്പെടാന്‍ പോലും പ്രയാസം എന്നുപറയുന്ന അത്രയ്ക്കധികം ദൂരം ഉള്ളത്. പക്ഷേ സച്ചി സാര്‍ ചെയ്ത അയ്യപ്പനും കോശിയും എന്ന സിനിമയ്ക്കുശേഷം ഇവിടെയുള്ള ഒരുപാട് പേര്‍ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ഒരുപാട് സിനിമകളുടെ ഭാഗമായി അട്ടപ്പാടിയില്‍ ഷൂട്ട് നടക്കുന്നുണ്ട്. സാഹചര്യം മൊത്തം മാറി എന്നുതന്നെ പറയാം. അത് വലിയൊരു മാറ്റമാണ്.