Thursday, 25 June 2026 | 12:20 AM

Latest

"ഞാൻ എന്ത് പറഞ്ഞാലും വിവാദം"; പൊതുവേദികളിൽ സംസാരിക്കാൻ മടിയെന്ന് രജനീകാന്ത്

sreyas 24 June 2026 03:03 PM
"ഞാൻ എന്ത് പറഞ്ഞാലും വിവാദം"; പൊതുവേദികളിൽ സംസാരിക്കാൻ മടിയെന്ന് രജനീകാന്ത്

Highlights

മിണ്ടാതിരുന്നാലും ആളുകൾ വിമർശിക്കും

ചെന്നൈ: താൻ നടത്തുന്ന ഓരോ പ്രസ്താവനയും വിവാദങ്ങൾക്ക് വഴിവെക്കുന്നതായതിനാൽ പൊതുവേദികളിൽ സംസാരിക്കാൻ ഇപ്പോൾ വലിയ മടിയാണെന്ന് സൂപ്പർതാരം രജനികാന്ത്. കമൽഹാസന്റെ രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ നിർമ്മിക്കുന്ന രജനീകാന്തിന്റെ 173-ാമത് ചിത്രമായ 'ധർമ്മൻ' എന്ന സിനിമയുടെ ടൈറ്റിൽ, ഫസ്റ്റ് ലുക്ക് ലോഞ്ച് ചടങ്ങിലായിരുന്നു താരത്തിന്റെ പ്രതികരണം.

"ഇപ്പോൾ സംസാരിക്കാൻ വിളിക്കുമ്പോൾ തന്നെ എനിക്ക് ഭയമാണ്. ഞാൻ എന്ത് പറഞ്ഞാലും അത് എനിക്കോ നിങ്ങൾക്കോ പ്രശ്നമായി മാറും. അതേസമയം, മിണ്ടാതിരുന്നാലും ആളുകൾ വിമർശിക്കും. 'എന്താണ് ഒന്നും പറയാത്തത്' എന്ന് ചോദിച്ച് പരിഹസിക്കുകയും ചെയ്യും," രജനീകാന്ത് പറഞ്ഞു.

ജീവിതാനുഭവങ്ങളിൽ നിന്ന് താൻ പഠിച്ച ഒരു കാര്യം കൂടി താരം പങ്കുവെച്ചു. "നമ്മളെ ഇഷ്ടമില്ലാത്തവർക്ക് നമ്മൾ എന്ത് ചെയ്താലും ഇഷ്ടമാകില്ല. അതുപോലെ നമ്മളെ ഇഷ്ടപ്പെടുന്നവർ നമ്മൾ ചെയ്യുന്നതെല്ലാം അംഗീകരിക്കും എന്ന് കരുതുന്നതും തെറ്റാണ്. അതുകൊണ്ട് വളരെ ജാഗ്രതയോടെ മുന്നോട്ടുപോകണം," അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മേയിൽ നടൻ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായതിനെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ച ശേഷം സാമൂഹിക മാധ്യമങ്ങളിൽ നേരിട്ട വിമർശനങ്ങളുടെയും സൈബർ ആക്രമണങ്ങളുടെയും പശ്ചാത്തലത്തിലാണ് രജനീകാന്തിന്റെ പുതിയ പരാമർശങ്ങൾ ശ്രദ്ധ നേടുന്നത്. വിജയിയുടെ വിജയത്തിൽ തനിക്ക് അസൂയയുണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങൾ നിഷേധിച്ച് നേരത്തെ മാധ്യമങ്ങളെ കണ്ട രജനീകാന്ത്, "ഞാൻ രാഷ്ട്രീയത്തിൽ പോലുമില്ല. പിന്നെ എന്തിനാണ് വിജയിയോട് അസൂയപ്പെടുന്നത്?" എന്ന് ചോദിച്ചിരുന്നു. തമാശരൂപേണ, "കമൽ ഹാസൻ മുഖ്യമന്ത്രിയായാൽ ചിലപ്പോൾ അസൂയ തോന്നിയേക്കാം," എന്നും അദ്ദേഹം പറഞ്ഞിരുന്നു.

തനിക്കും വിജയിക്കും ഇടയിൽ ഏകദേശം 25 വർഷത്തെ തലമുറ വ്യത്യാസമുണ്ടെന്നും അതിനാൽ ഇരുവരെയും മത്സരാർത്ഥികളായി കാണുന്നത് യുക്തിസഹമല്ലെന്നും രജനീകാന്ത് വ്യക്തമാക്കിയിരുന്നു. എന്നാൽ ആ പരാമർശങ്ങളും പിന്നീട് വലിയ ചർച്ചകൾക്ക് വഴിവെച്ചു.

വിജയിയുടെ ജന്മദിനത്തിൽ സമൂഹമാധ്യമങ്ങളിലൂടെ ആശംസകൾ അറിയിക്കാത്തതിനെച്ചൊല്ലിയും വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ താൻ വ്യക്തിപരമായി ഫോണിൽ വിളിച്ച് വിജയിയെ അഭിനന്ദിച്ചിരുന്നുവെന്ന് ചടങ്ങിനിടെ രജനീകാന്ത് മാധ്യമങ്ങളോട് വ്യക്തമാക്കി.