അങ്ങനെ ചെയ്തത് ആത്മാഭിമാനമുള്ളതുകൊണ്ട്; ഞാൻ സംഘിയുമല്ല കമ്മിയുമല്ല; നിലപാട് വ്യക്തമാക്കി ശ്വേത മേനോൻ
Highlights
കഴിഞ്ഞ രണ്ട് ടേമിലേയും അക്കൗണ്ടുകൾ, ഞങ്ങളുടേത് ഉൾപ്പടെ, സമഗ്രമായി പരിശോധിക്കണം
താരസംഘടനയിൽ നിന്നും രാജിവെക്കാനുള്ള തന്റെ തീരുമാനം ദുർബലതയിൽ നിന്നുമുണ്ടായതല്ലെന്ന് നടി ശ്വേത മേനോൻ. മറിച്ച്, ആത്മാഭിമാനമുള്ളതുകൊണ്ടായിരുന്നു എന്നും താരം സമൂഹ മാധ്യമത്തിൽ കുറിച്ചു. അമ്മ ജനറൽ ബോഡി യോഗത്തിൽ ഉണ്ടായ നാടകീയ സംഭവവികാസങ്ങൾക്കു പിന്നാലെയാണ് താരത്തിന്റെ പ്രതികരണം.
പ്രസിഡന്റായിരുന്ന ശ്വേത മേനോൻ ഉൾപ്പെടെ ഭരണസമിതിയിലെ മുഴുവൻ അംഗങ്ങളും യോഗത്തിനിടെ രാജിവെച്ചിരുന്നു. തുടർച്ചയായി അടിസ്ഥാനരഹിതമായ വ്യക്തിഹത്യയും വ്യക്തിപരമായ അധിക്ഷേപങ്ങളും നേരിടേണ്ടിവന്ന സാഹചര്യത്തിലാണ് താൻ രാജിവെച്ചതെന്ന് ശ്വേത മേനോൻ വ്യക്തമാക്കി. നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന സ്ത്രീ എന്ന നിലയിൽ ആത്മാഭിമാനം സംരക്ഷിക്കാനാണ് ഈ തീരുമാനമെടുത്തതെന്നും അവർ പറഞ്ഞു. നിലവിലെ ഭരണസമിതിയുടേതു മാത്രമല്ല, കഴിഞ്ഞ രണ്ട് ഭരണകാലങ്ങളിലെ സാമ്പത്തിക കണക്കുകളും സമഗ്രമായി പരിശോധിക്കണമെന്ന ആവശ്യവും ശ്വേത മേനോൻ മുന്നോട്ടുവച്ചു.
സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ശ്വേത മേനോന്റെ പ്രതികരണം. താൻ ഒരു രാഷ്ട്രീയ പക്ഷത്തോടും ചേർന്നിട്ടില്ലെന്നും, "സംഘിയോ കമ്മിയോ അല്ല" എന്ന നിലപാടും അവർ അതിലൂടെ വ്യക്തമാക്കി.
ശ്വേതയുടെ വാക്കുകളിലേക്ക്:
പാർട്ട് 1- എനിക്കൊപ്പം നിന്ന എല്ലാവർക്കും നന്ദി. പൊതുജനങ്ങൾക്ക് മുമ്പിൽ ഞാൻ തന്നെ കാര്യങ്ങൾ വിശദീകരിക്കേണ്ടതുണ്ട്. ആരുടേയും പാവ ആയിരിക്കാൻ ഒരുക്കമല്ലാത്തതിനാലാണ് ഞാൻ രാജിവച്ചത്. അമ്മയുടെ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ക്രൈം നന്ദകുമാർ, മാർട്ടിൻ മേനാച്ചേരി പോലുള്ളവരെ മുന്നിൽ നിർത്തി എനിക്കെതിരെ ദുഷ്പ്രചരണങ്ങളും കെട്ടിച്ചമച്ച ആരോപണങ്ങളും നടത്തി.
എന്നിട്ടും ഞാൻ അമ്മയിലെ ഭൂരിപക്ഷ അംഗങ്ങളുടേയും പിന്തുണയോടെ വിജയിച്ചു. എന്റെ കഴിവിന്റെ പരാമവധി തന്നെ എല്ലാം ചെയ്തിട്ടുണ്ടെന്ന് എനിക്ക് ഉറപ്പ് പറയാനാകും. നിർഭാഗ്യവശാൽ മുൻ കമ്മിറ്റി അംഗങ്ങളിൽ ചിലർ നടത്തിയ തെറ്റായ കാര്യങ്ൾ അന്വേഷിക്കാനുള്ള അവസരം ഞങ്ങൾക്ക് ലഭിക്കരുതെന്ന് ചില നിക്ഷിപ്ത താൽപ്പര്യക്കാർ ഉറപ്പുവരുത്തി.
കഴിഞ്ഞ രണ്ട് ടേമിലേയും അക്കൗണ്ടുകൾ, ഞങ്ങളുടേത് ഉൾപ്പടെ, സമഗ്രമായി പരിശോധിക്കണം. പൂർണമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കാൻ ഒരു ഫോറൻസിക് ഓഡിറ്റ് നടത്തണം. എന്റെ രാജിയ്ക്ക് ശേഷവും, പുതുതായി ഇറക്കുമതി ചെയ്ത ചില കഥാപാത്രങ്ങളിലൂടെ വീണ്ടും ദുഷ്പ്രചരണങ്ങളും കെട്ടിച്ചമച്ച ആരോപണങ്ങളും വ്യക്തിഹത്യാ ശ്രമങ്ങളും തുടരുകയാണ്.
അതിനാൽ ഒരു കാര്യം വ്യക്തമാക്കട്ടെ, ഞാൻ സംഘിയുമല്ല കമ്മിയുമല്ല. ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാരിന്റേയും എൽഡിഎഫ് നയിച്ച മുൻ സർക്കാരിന്റേയും ക്ഷണം ഉണ്ടായിട്ടും അവരുടെ ഒരു പരിപാടിയ്ക്കും ഞാൻ പോയിട്ടില്ല. അമ്മ പ്രസിഡന്റ് ആകുന്നതിന് മുമ്പും ശേഷവും. മറ്റുള്ളവർ ആ ക്ഷണങ്ങൾക്ക് പിന്നാലെ പോയപ്പോഴും ഞാൻ മാറി നിന്നു.
യാതൊരു അടിസ്ഥാനവുമില്ലാത്ത വ്യക്തിഹത്യയും വ്യക്തി അധിക്ഷേപവും തുടർച്ചയായി നേരിട്ടപ്പോൾ, നിലപാടുള്ള ഒരു സ്ത്രീ എന്ന നിലയിൽ അമ്മയിൽ നിന്നും രാജിവെക്കാനാണ് ഞാൻ തീരുമാനിച്ചത്. എന്റെ തീരുമാനം ദുർബലതയിൽ നിന്നുമുണ്ടായതല്ല, ആത്മാഭിമാനമുള്ളതുകൊണ്ടായിരുന്നു. തുടരും, പിക്ച്ചർ അബി ബാക്കി ഹേ മേരെ ദോസ്ത്.