Wednesday, 12 August 2026 | 01:15 AM

Latest

നടി റിമ കല്ലിങ്കൽ ചെണ്ട പഠിക്കുന്നു; അരങ്ങേറ്റം ജൂലൈ 5ന്

sreyas 01 July 2026 01:58 AM
നടി റിമ കല്ലിങ്കൽ ചെണ്ട പഠിക്കുന്നു; അരങ്ങേറ്റം ജൂലൈ 5ന്

Highlights

മാമാങ്കത്തിന്റെ പുതിയ നൃത്താവിഷ്കാരമായ 'വട്ടം' എന്ന പ്രൊഡക്ഷന്റെ ഭാഗമായാണ് സംഘാംഗങ്ങൾ ചെണ്ട പരിശീലനം നേടിയത്. 

 

നടി റിമ കല്ലിങ്കൽ ചെണ്ട കൊട്ടാൻ പഠിക്കുന്നു. ഈ മാസം അ‍ഞ്ചിന് തൃശ്ശൂരിലാണ് അരങ്ങേറ്റം. റിമ കല്ലിങ്കലും അവരുടെ നൃത്തസംഘമായ മാമാങ്കം ഡാൻസ് അക്കാദമിയിലെ അംഗങ്ങളും ചേർന്നാണ് പഞ്ചാരിമേളത്തിൽ ആദ്യമായി പങ്കെടുക്കുന്നത്. തൃശൂർ സംഗീത നാടക അക്കാദമിയിലാണ് അരങ്ങേറ്റം.

മാമാങ്കത്തിന്റെ പുതിയ നൃത്താവിഷ്കാരമായ 'വട്ടം' എന്ന പ്രൊഡക്ഷന്റെ ഭാഗമായാണ് സംഘാംഗങ്ങൾ ചെണ്ട പരിശീലനം നേടിയത്. തൃശൂർ സ്വദേശിയായ വിവേക് കണിമംഗലം ആയിരുന്നു പരിശീലകൻ. മോസ്കോയിൽ അവതരിപ്പിക്കാനൊരുങ്ങുന്ന 'വട്ടം' പ്രൊഡക്ഷന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായാണ് പഞ്ചാരിമേളം അഭ്യസിച്ചതെന്ന് മാമാങ്കം അറിയിച്ചു.

വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് സംഘാംഗങ്ങൾ ചെണ്ട വായിക്കാൻ പരിശീലനം പൂർത്തിയാക്കിയത്. ടീമിലെ മൂന്ന് പേർ ഇതിനുമുമ്പ് ചെണ്ടയിൽ അരങ്ങേറ്റം നടത്തിയിട്ടുള്ളവരാണെന്നും അക്കാദമി വ്യക്തമാക്കി. 'വട്ടം' ഡാൻസ് പ്രൊഡക്ഷന്റെ ലോഗോ പ്രശസ്ത സംഗീതജ്ഞൻ ടി.എം. കൃഷ്ണയാണ് പ്രകാശനം ചെയ്തത്.

റിമ കല്ലിങ്കലിനൊപ്പം പൂജിത മേനോൻ കെ, അഞ്ജു ശ്യാമപ്രസാദ്, അലോഷി അമൽ, ഗോപിക മഞ്ജുഷ, മധു മോഹൻ, അനുരാജ് രാജേന്ദ്രൻ, സന്തോഷ് മാധവ്, അനുശ്രീ പി.എസ്, അമൃതശ്രീ ഓമനക്കുട്ടൻ എന്നിവരും പഞ്ചാരിമേളത്തിൽ പങ്കെടുക്കും.

കേരളത്തിന്റെ പരമ്പരാഗത ക്ഷേത്രകലകളിൽ പ്രധാന സ്ഥാനമുള്ള പഞ്ചാരിമേളം ചെണ്ട, ഇലത്താളം, കൊമ്പ്, കുഴൽ എന്നീ നാല് പ്രധാന വാദ്യങ്ങളുടെ സമന്വയത്തിലാണ് അവതരിപ്പിക്കപ്പെടുന്നത്.