Tuesday, 23 June 2026 | 07:58 PM

Top News

നടി രുക്മിണി വസന്തിന്റെ ഡീപ്‌ഫേക്ക് ബിക്കിനി ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ

sreyas 20 June 2026 02:23 PM
നടി രുക്മിണി വസന്തിന്റെ ഡീപ്‌ഫേക്ക് ബിക്കിനി ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ

Highlights

ചിത്രങ്ങളും വീഡിയോകളും പൂർണമായും വ്യാജമാണെന്നും അവയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും രുക്മിണി വ്യക്തമാക്കിയിരുന്നു

ബെംഗളൂരു: തെന്നിന്ത്യൻ നടി രുക്മിണി വസന്തിന്റെ ഡീപ്‌ഫേക്ക് ബിക്കിനി ചിത്രങ്ങളും വീഡിയോകളും സൃഷ്ടിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതായി സംശയിക്കുന്ന മൂന്ന് പേരെ ബെംഗളൂരു സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. നടി നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണത്തിനൊടുവിലാണ് നടപടി. കർണാടകയിലെ ബഗൽകോട്ട് സ്വദേശിയായ രവികുമാർ (24), ശിവമോഗ സ്വദേശിയും ബെംഗളൂരുവിൽ താമസിക്കുന്ന ചന്ദ്രകാന്ത് (33), ബെംഗളൂരു സ്വദേശിയായ രഞ്ജിത്ത് (25) എന്നിവരാണ് പിടിയിലായത്. 

വ്യാജ ദൃശ്യങ്ങൾ നിർമിക്കാൻ ഉപയോഗിച്ചതായി കരുതുന്ന മൂന്ന് മൊബൈൽ ഫോണുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

കഴിഞ്ഞ മാസം സമൂഹമാധ്യമങ്ങളിൽ രുക്മിണി വസന്തിന്റെ പേരിൽ നിരവധി വ്യാജ ബിക്കിനി ചിത്രങ്ങളും വീഡിയോകളും പ്രചരിച്ചിരുന്നു. സ്വിമ്മിംഗ് പൂളിൽ നടത്തിയ ഫോട്ടോഷൂട്ടിന്റെ അണിയറ ദൃശ്യങ്ങളാണെന്ന തരത്തിലായിരുന്നു പ്രചാരണം. ദൃശ്യങ്ങൾ ഏറെ യാഥാർഥ്യബോധം സൃഷ്ടിച്ചതിനാൽ പലരും അത് സത്യമായാണെന്ന് കരുതുകയും ചെയ്തു. എന്നാൽ, ചിത്രങ്ങളും വീഡിയോകളും പൂർണമായും വ്യാജമാണെന്നും അവയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും രുക്മിണി ഉടൻ തന്നെ വ്യക്തമാക്കിയിരുന്നു. തുടർന്ന് അവർ സൈബർ ക്രൈം പോലീസിൽ പരാതി നൽകുകയായിരുന്നു.

2019-ൽ പുറത്തിറങ്ങിയ 'ബീർബൽ ട്രിലോജി – കേസ് 1: ഫൈൻഡിംഗ് വജ്രമുനി' എന്ന ചിത്രത്തിലൂടെയാണ് രുക്മിണി വസന്ത് അഭിനയരംഗത്തേക്ക് എത്തിയത്. 'സപ്ത സാഗരദാച്ചെ എല്ലോ – സൈഡ് എ', 'സൈഡ് ബി' എന്നീ ചിത്രങ്ങളിലെ പ്രിയ എന്ന കഥാപാത്രത്തിലൂടെയാണ് അവർ ശ്രദ്ധേയയായത്. ഈ പ്രകടനത്തിന് പിന്നാലെ 2023-ലെ മികച്ച നടിക്കുള്ള ഫിലിംഫെയർ ക്രിട്ടിക്‌സ് അവാർഡ് (കന്നഡ) സ്വന്തമാക്കി.

'ബാണാദരിയല്ലി', 'ബഗീര', 'ഭൈരതി രണഗൽ' തുടങ്ങിയ ചിത്രങ്ങളിലൂടെ കരിയർ ശക്തമാക്കിയ രുക്മിണി, ഇന്ന് തെന്നിന്ത്യൻ സിനിമയിലെ തിരക്കേറിയ നായികമാരിൽ ഒരാളാണ്. ഋഷഭ് ഷെട്ടിയുടെ 'കാന്താര: ചാപ്റ്റർ 1', പ്രശാന്ത് നീലിന്റെ 'ഡ്രാഗൺ', യഷിനൊപ്പമുള്ള 'ടോക്‌സിക്' എന്നിവ ഉൾപ്പെടെയുള്ള വമ്പൻ പ്രോജക്ടുകളിലും താരം ഭാഗമാകുന്നുണ്ട്.

Tags
rukmini vasanth deepfake images