Tuesday, 23 June 2026 | 08:54 PM

Latest

സജീവ് കിളികുലത്തിന്‍റെ രുദ്ര ജനുവരി 16ന്

ജി കെ 05 May 2026 12:30 PM
സജീവ് കിളികുലത്തിന്‍റെ രുദ്ര ജനുവരി 16ന്

 

സജീവ് കിളികുലം രചനയും സംവിധാനവും നിർവഹിച്ച് കിളികുലം ഫിലിംസിന്‍റെ ബാനറിൽ നിർമ്മിക്കുന്ന രുദ്ര എന്ന ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് പ്രഖ്യാപനം എറണാകുളത്ത് വെച്ച് നടന്നു.
 പ്രശസ്ത സംവിധായകൻ വിനയനാണ് ജനുവരി 16ന് ചിത്രം തിയറ്ററുകളിൽ എത്തിക്കുമെന്ന് പ്രഖ്യാപിച്ചത്. കൊച്ചു സിനിമകളെ പ്രോത്സാഹിക്കുന്നതിൽ ഞാനെപ്പോഴും താല്പര്യം കാണിക്കാറുണ്ടെന്നും സിനിമ ഒരു പാഷനായി കൊണ്ട് നടക്കുന്നവർക്ക് ഇന്നല്ലെങ്കിൽ നാളെ നല്ല ഫലം കിട്ടുമെന്നും. ഈ സിനിമയുടെ സംവിധായകനും അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും എല്ലാവിധ ആശംസകളും നേരുന്നുവെന്നും വിനയൻ പറയുകയുണ്ടായി..
 രുദ്ര സിനിമയിൽ രുദ്ര എന്ന നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കോഴിക്കോട് സ്വദേശിയായ പുതുമുഖ നടി നിഷി ഗോവിന്ദാണ്. പ്രവാസി മലയാളി കൂടിയായ നിഷി ഗോവിന്ദിനും മലയാള സിനിമ  ഒരു പാഷൻ തന്നെയാണ്. ഏതാനും സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരു ഹീറോയിൻ ഓറിയന്‍റഡായിട്ടുള്ള കഥയിൽ നായികാ വേഷം ചെയ്യുന്നത് ഇതാദ്യമാണെന്നും നിഷി ഗോവിന്ദ് പറഞ്ഞു.
 രുദ്ര ഒരു സ്ത്രീപക്ഷ സിനിമയാണ്.അവള്‍ കുപിതയാണ്, ആർദ്രയാണ്, അനുരാഗിയാണ്.. എന്ന ടാഗ്‌ലൈനോടുകൂടി പുറത്തു വരുന്ന ഈ സിനിമ കുടുംബ പ്രേക്ഷകർ സ്വീകരിക്കുമെന്നും വേറിട്ട കഥ പറച്ചിലാണ് രുദ്രയിലുള്ളതെന്നും സംവിധായകൻ സജീവ് കിളികുലം പറഞ്ഞു.
 കണ്ണകി, അശ്വാരൂഡന്‍.. തുടങ്ങിയ ഏതാനും മലയാള സിനിമകൾക്കു വേണ്ടി രചന നിർവഹിച്ചിട്ടുള്ള സജീവന്‍റെ ആദ്യ സംവിധാന സൃഷ്ടിയാണ് രുദ്ര. 
 ക്യാമറ -മനോജ് നരവൂർ, എഡിറ്റിംഗ് ആന്‍റ് കളറിംഗ് -ജിതിന്‍ നാരായണൻ, ആര്‍ട്ട് - സജേഷ് കിളികുലം, ക്രിയേറ്റീവ് കോൺട്രിബ്യൂഷൻ - സജീന്ദ്രൻ പിണറായി, പ്രൊഡക്ഷൻ കൺട്രോളർ- നിഖിൽ കുമാർ പിണറായി,  പി. ആര്‍. ഓ. അയ്മനം സാജൻ.


 ചടങ്ങിനോട് അനുബന്ധിച്ച് കിളികുലം ഫിലിംസിന്‍റെ രണ്ടാമത്തെ ചിത്രത്തിന്‍റെ പോസ്റ്റർ പ്രകാശനവും
 സംവിധായകൻ വിനയൻ നിർവഹിച്ചു.