Wednesday, 10 June 2026 | 07:54 PM

Interviews

ലാലു അലക്സിനോട് ചോദിച്ചു സത്യന്‍ അന്തിക്കാട് സിനിമയില്‍ ആദ്യമാണല്ലോ..?

05 May 2026 12:30 PM
ലാലു അലക്സിനോട് ചോദിച്ചു  സത്യന്‍ അന്തിക്കാട്  സിനിമയില്‍ ആദ്യമാണല്ലോ..?

 

ണ്ടിപ്പെരിയാറിലെ ലൊക്കേഷനില്‍ ലാലു അലക്സ് അഭിനയിക്കുന്നുണ്ടായിരുന്നു. ആ സീനില്‍ മോഹന്‍ലാലും നായിക മാളവിക മോഹനും ഒപ്പമുണ്ട്.

പച്ചപ്പുനിറഞ്ഞ പുല്‍ത്തകിടിയില്‍ ഷീറ്റ് വിരിച്ച് മോഹന്‍ലാല്‍ വ്യായാമം ചെയ്യുന്നു. ഒരല്‍പ്പം അകലെ നിന്നും ജോഗിംഗ് ഡ്രസ്സില്‍ നടന്നുവരുന്ന ലാലു അലക്സ് മോഹന്‍ലാലിനെക്കണ്ട് വിഷ് ചെയ്ത് ഗുഡ് മോണിംഗ് പറഞ്ഞ് അടുത്തേയ്ക്ക് ചെല്ലുന്നു. ഒന്നുരണ്ട് നിര്‍ദ്ദേശങ്ങള്‍ നല്‍കിയശേഷം ലാലു അലക്സ് ബംഗ്ലാവിനുള്ളിലേയ്ക്ക് നടന്നുകയറുന്നതാണ് രംഗം.

ആ സീന്‍ കഴിഞ്ഞ് ലാലു അലക്സ് വിശ്രമിക്കുമ്പോള്‍ ലാലു അലക്സിനോട് ചോദിക്കുകയുണ്ടായി, സത്യന്‍ അന്തിക്കാട് സിനിമയില്‍ ആദ്യമാണല്ലോ..? സത്യം പറഞ്ഞാല്‍ സത്യന്‍സിനിമയില്‍ ലാലുഅലക്സിന്‍റെ സാന്നിദ്ധ്യം ഉണ്ടായിട്ടുള്ളത് ഓര്‍മ്മയില്‍ ഓടിയെത്തിയതേയില്ല. അതുകൊണ്ടാണങ്ങനെ ചോദിച്ചതും.
ലാലു അലക്സിന്‍റെ മറുചോദ്യം.

'ആദ്യമോ? ഞാന്‍ സത്യേട്ടന്‍റെ പല സിനിമകളിലും അഭിനയിച്ചിട്ടുണ്ടല്ലോ. വിരലുകള്‍ കൊണ്ട് മടക്കിക്കൊണ്ട് ആ സിനിമകളുടെ പേരുകള്‍ പറഞ്ഞു.

'കളിക്കളം, കൊച്ചുകൊച്ചുസന്തോഷങ്ങള്‍ തുടങ്ങി മൂന്നുനാല് സിനിമകളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. സത്യേട്ടന്‍റെ സിനിമകളില്‍ അഭിനയിക്കുമ്പോള്‍ സിനിമയുടെ പേര് പറഞ്ഞതുപോലെ തന്നെ 'കൊച്ച് കൊച്ച് സന്തോഷങ്ങള്‍ ' മാനസികമായി ലഭിക്കാറുണ്ട്. ഈ സിനിമയിലും അത് കിട്ടുന്നുണ്ടെന്നുള്ളതാണ് സത്യം. ഹൃദയപൂര്‍വ്വം എന്ന സിനിമയില്‍ മോഹന്‍ലാലിനൊപ്പം എനിക്ക് കുറെ സീനുകളുണ്ട്. അതുതന്നെ സന്തോഷം തരുന്നു. ജേക്കബ്ബ് എന്നാണ് എന്‍റെ കഥാപാത്രത്തിന്‍റെ പേര്. പൂനയിലെ ഒരു ബിസിനസ്സുകാരനാണ്. ഈ സിനിമയുടെ കഥയില്‍ മെയിന്‍ ഇന്‍സിഡന്‍റുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ഒരാളാണ് ജേക്കബ്ബ്. ഇത്തിരി സസ്പെന്‍സൊക്കെ ഉള്ളതുകൊണ്ട് കൂടുതല്‍ വിശദീകരിക്കുന്നില്ല കേട്ടോ..

നല്ല ക്ലാരിറ്റി... വളരെ സിംപിള്‍

സിനിമയില്‍ ഒരു സംവിധായകന്‍റെ കണ്ണുകളാണല്ലോ ക്യാമറാമാന്‍. ആനന്ദക്കുട്ടന്‍, വിപിന്‍മോഹന്‍, എസ്. കുമാര്‍... തുടങ്ങിയവരൊക്കെ സത്യന്‍ അന്തിക്കാട് സിനിമകളില്‍ ആ സ്ഥാനം അലങ്കരിച്ചവരാണെങ്കില്‍ ഇപ്പോള്‍ ആ സ്ഥാനത്തുള്ളത് ക്യാമറാമാന്‍ അനു മൂത്തേടത്ത് ആണ്.

ഈ വരവിനെക്കുറിച്ച് ചോദിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞതിങ്ങനെ.
'സത്യന്‍സാറിന്‍റെ സിനിമകളൊക്കെ കണ്ടിട്ടല്ലെ എന്നെപ്പോലെയുള്ളവര്‍ സിനിമയിലേക്ക് വന്നത്. സത്യം പറഞ്ഞാല്‍ സത്യന്‍ സാറൊക്കെ അതിന് വലിയ ഇന്‍സ്പിരേഷനാണ്. സത്യന്‍സാറിന്‍റെ ഒരു സിനിമയ്ക്കുവേണ്ടി വര്‍ക്ക് ചെയ്യുക എന്നത് ആര്‍ക്കും ഒരു വലിയ ഡ്രീം തന്നെയായിരിക്കും.

ഞാന്‍ സത്യന്‍സാറിനെ കോണ്‍ടാക്ട് ചെയ്തതാണ്. അങ്ങനെയാണ് ഈ സിനിമയില്‍ വര്‍ക്ക് ചെയ്യാന്‍ എനിക്ക് കഴിഞ്ഞത്. സത്യന്‍സാറിന്‍റെ മകന്‍ അനൂപ് വഴിയാണ് കോണ്‍ടാക്ട് ചെയ്തത്. അന്തിക്കാട് വീട്ടില്‍ പോയി സത്യന്‍ സാറിനെ നേരില്‍ക്കണ്ട് സംസാരിച്ചു. അങ്ങനെയാണ് ഞാന്‍ ഈ പ്രോജക്ടില്‍ ഇന്‍ ആകുന്നത്.

തൃശൂര്‍ തന്നെയാണ് എന്‍റെയും സ്വദേശം. ഞാന്‍ ബോംബെ ബേസ്ഡായി വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുകയാണ്. നാല് മലയാളം സിനിമകള്‍ക്കുവേണ്ടി ഞാന്‍ ക്യാമറമാനായി വര്‍ക്ക് ചെയ്തിട്ടുണ്ട്. അതിരന്‍, സൂഫിയും സുജാതയും, ദി ടീച്ചര്‍, പടക്കളം എന്നീ ചിത്രങ്ങള്‍.

സത്യന്‍സാറിന്‍റെ കൂടെ ഇത്രയും ദിവസങ്ങളായി വര്‍ക്ക് ചെയ്തതിനെക്കുറിച്ച് പറഞ്ഞാല്‍, അത് വളരെ ഡിഫറന്‍റായിട്ടുള്ള ഒരു എക്സ്പീരിയന്‍സാണ്. ഇതുവരെ വര്‍ക്ക് ചെയ്തിട്ടുള്ള രീതിയേ അല്ല. കാര്യങ്ങളെല്ലാം ഭയങ്കര ക്ലാരിറ്റിയാണ്. വളരെ സിംപിളായിട്ടാണ് ഷൂട്ടിംഗ് ജോലികള്‍ നടന്നുപോകുന്നത്. ഒരു സിനിമ ചെയ്യുകയാണെന്നുപോലും തോന്നുന്നില്ല. സത്യന്‍ സാര്‍ പറയുന്നു, നമ്മളതിന് ഫ്രെയിം വച്ചുകൊടുക്കുന്നു, അപ്പോഴേയ്ക്കും അതൊരു സിനിമയായി.

സെറ്റില്‍ അനാവശ്യമായ ലഹളയോ ബഹളങ്ങളോ ഒന്നുമില്ല. എന്നാല്‍ നല്ല ബ്യൂട്ടിഫുള്ളായി എല്ലാം നടക്കുകയും ചെയ്യുകയും ചെയ്യുന്നു. ഞാന്‍ ചെയ്ത സിനിമകളുടെ സംവിധായകരും ഒക്കെ ന്യൂ കമേഴ്സാണ്. അവരുടെ ആരുടെയും രീതികളെ അല്ല, സത്യന്‍ സാറിന്‍റെ സിനിമയ്ക്കുള്ളത്. എവിടുന്ന് കട്ട് ചെയ്യണം, അടുത്ത ഷോട്ടെന്താണ്, സീനെന്താണ് എന്നെല്ലാം കൃത്യമായി അറിയാം. ഒരു സ്പോട്ട് എഡിറ്റര്‍ പോലും സെറ്റിലില്ല.
- അനു മൂത്തേടത്ത് പറഞ്ഞു.

ഏതാനും ഹിന്ദിസിനിമകള്‍ക്കുവേണ്ടി അസോസിയേറ്റായി പ്രവര്‍ത്തിച്ചിട്ടുള്ള അനു മൂത്തേടത്ത് മുംബയ് ആസ്ഥാനമായി വരുന്ന പല പ്രമുഖ കമ്പനികളുടേയും പരസ്യചിത്രങ്ങളുടെ ക്യാമറാമാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 'അതിരന്‍' എന്ന സിനിമയുടെ ക്യാമറാമാനായി വരാനുണ്ടായ സാഹചര്യങ്ങളും ഈ പരസ്യസിനിമകളുടെ പശ്ചാത്തലം തന്നെയായിരുന്നുവെന്ന് അനു മൂത്തേടത്ത് പറയുകയുണ്ടായി.

Tags
sathyan anthikad lalu alex Hridayapoorvam