Tuesday, 23 June 2026 | 09:47 PM

Interviews

Selective Praveena

എം.എസ്. ദാസ് മാട്ടുമന്ത 05 May 2026 12:30 PM
Selective Praveena

പ്രവീണ സെലക്റ്റീവാണ്. ആവര്‍ത്തനവിരസതയില്ലാത്ത ഹൃദയബന്ധമുള്ള നല്ല കഥാപാത്രങ്ങളാണ് പ്രവീണയുടെ മനസ്സിലുള്ളത്. മലയാള സിനിമയില്‍ ഒരിടവേള ഉണ്ടായിരുന്നെങ്കിലും തമിഴിലും, തെലുങ്കിലും പ്രവീണയ്ക്ക് തിരക്കേറുകയാണ്. വൈവിധ്യം നിറഞ്ഞ കഥാപരിസരങ്ങളും ജീവിതഗന്ധിയായ കഥാപാത്രങ്ങളെ അഭിനയിച്ച് പ്രതിഫലിപ്പിക്കാന്‍ കഴിഞ്ഞതും പ്രവീണയെ തമിഴ്- തെലുങ്ക് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറ്റി. തമിഴില്‍ ജനപ്രിയ സീരിയലുകളിലൂടെയാണ് പ്രവീണ കുടുംബസദസ്സുകളുടെ ഹൃദയം കവര്‍ന്നത്. പ്രിയമാനവള്‍ എന്ന തമിഴ് മെഗാസീരിയലില്‍ പ്രവീണ അഭിനയിച്ച ഉമയെന്ന കഥാപാത്രത്തിന്‍റെ തമിഴകമണ്ണിലെ വിജയം പ്രവീണയുടെ കരിയറിലെ ഗ്രാഫ് ഉയര്‍ത്തുകയായിരുന്നു. ഇപ്പോള്‍, തമിഴിലും തെലുങ്കിലും കൈനിറയെ സിനിമകളുമായാണ് പ്രവീണ വിജയപ്രമാണം തുടരുന്നത്.


ഒരിടവേളയ്ക്കുശേഷമാണല്ലോ പ്രവീണ മലയാളത്തിലേക്കെത്തുന്നത്?

അതെ, ഒരു മാറ്റം ഞാനും ആഗ്രഹിച്ചിരുന്നു. ഒരേ ടൈപ്പിലുള്ള കഥാപാത്രങ്ങളില്‍ ഒതുങ്ങിപ്പോവുന്നതുപോലെ തോന്നിയതുകൊണ്ടാണ് ഒരിടവേള വേണമെന്ന് തോന്നിയത്.

നവാഗതനായ യതീന്ദ്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച്...?

നല്ല കഥയാണ്. ഗസ്റ്റ് റോളിലാണ് അഭിനയിക്കുന്നത്. വ്യത്യസ്തതയുള്ള കഥാപാത്രമാണെന്ന് തോന്നിയപ്പോഴാണ് അഭിനയിക്കാന്‍ തീരുമാനിച്ചത്.

നൂറിലധികം സിനിമകളില്‍ അഭിനയിച്ച പ്രവീണയ്ക്ക് മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിക്കുന്ന തരത്തിലുള്ള ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കണമെന്ന് ആഗ്രഹമുണ്ടോ?

തീര്‍ച്ചയായും, അവാര്‍ഡ് ലഭിക്കുകയെന്നത് ഏതൊരാളുടെയും സ്വപ്നം തന്നെയാണ്. അഗ്നിസാക്ഷിയില്‍ അഭിനയിക്കുന്ന സമയത്ത് ഓരോ സീനുകള്‍ കഴിയുമ്പോഴും ക്യാമറാമാന്‍ അഴകപ്പന്‍ സാറ് വെല്‍ഡന്‍.. വെല്‍ഡന്‍ എന്നുപറഞ്ഞ് പ്രവീണയ്ക്ക് അവാര്‍ഡ് കിട്ടുമെന്ന് വിളിച്ചുപറയുമായിരുന്നു. അതെനിക്കൊരു പ്രോത്സാഹനമായിരുന്നു. അഗ്നിസാക്ഷിയിലെ അഭിനയത്തിനാണ് ആദ്യമായി രണ്ടാമത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് എനിക്ക് ലഭിച്ചത്.

അഗ്നിസാക്ഷിക്ക് ശേഷം ക്യാമറാമാന്‍ അഴകപ്പന്‍ സാറ് തന്നെയാണ് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലേക്ക് എന്‍റെ പേര് നിര്‍ദ്ദേശിച്ചത്. ഈ ചിത്രത്തില്‍ വാസന്തിയെന്ന കഥാപാത്രമായി അഭിനയിച്ചതിന് വീണ്ടും രണ്ടാമത്തെ മികച്ചനടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് എനിക്ക് ലഭിച്ചിരുന്നു.

ഇതിനുപുറമെ ഇവന്‍ മേഘരൂപന്‍, ഇലക്ട്ര തുടങ്ങിയ ചിത്രങ്ങളില്‍ ശബ്ദം നല്‍കിയതിന് മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചു. എങ്കിലും മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിക്കുകയെന്നത് എന്‍റെ സ്വപ്നമാണ്.

ഏറെ പ്രതീക്ഷ നല്‍കിയ മറ്റൊരു ചിത്രമായിരുന്നു സുമേഷ് ആന്‍റ് രമേഷ്. ഈ ചിത്രത്തില്‍ ഉഷയെന്ന അമ്മയായ കേന്ദ്രകഥാപാത്രമായി അഭിനയിച്ചിരുന്നു. ജീവിതയാത്രയില്‍ തീരാവേദന അനുഭവിക്കുന്ന സുമേഷിന്‍റെയും രമേഷിന്‍റെയും അമ്മയാണ് ഉഷ. എനിക്കേറെ സംതൃപ്തി നല്‍കിയ കഥാപാത്രമായിരുന്നു ഇത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിക്കുമെന്ന് എല്ലാവരും പറഞ്ഞിരുന്നു. 

പക്ഷേ, സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനായി ഇരുപത്തി അയ്യായിരം രൂപ കെട്ടിവയ്ക്കാനില്ലാത്തതിനാല്‍ ചിത്രം അയയ്ക്കാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞില്ലെന്ന് വൈകിയാണ് ഞാനറിഞ്ഞത്. ഇക്കാര്യം നേരത്തെ അറിഞ്ഞിരുന്നുവെങ്കില്‍ അയയ്ക്കാനുള്ള പണം ഞാന്‍ നല്‍കുമായിരുന്നു. ചിത്രം മത്സരത്തിന് അയച്ചിരുന്നുവെങ്കില്‍ 2020 ലെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് എനിക്ക് ലഭിക്കുമായിരുന്നുവെന്ന് ഞാനിന്നും വിശ്വസിക്കുന്നു. കാരണം അത്രയ്ക്കും നല്ലൊരു ചിത്രമായിരുന്നു സുമേഷ് ആന്‍റ് രമേഷ്.

അഭിനയത്തില്‍ സജീവമായിരുന്ന കാലത്താണ് പ്രവീണ സിനിമയില്‍ നിന്നും മാറി നിന്നത്. അതെന്തിനായിരുന്നു...?

സിനിമയില്‍ നിന്നും ഞാന്‍ ബോധപൂര്‍വ്വം മാറിനിന്നതായിരുന്നു. പ്രവീണയെന്ന ആര്‍ട്ടിസ്റ്റിനെ മലയാള സിനിമ മറന്നുവെന്ന തോന്നല്‍ എല്ലാവരിലും ഉണ്ടാക്കിയതിന് കാരണക്കാരി ഞാന്‍ തന്നെയായിരുന്നു. സോഷ്യല്‍മീഡിയയില്‍ ഞാന്‍ ആക്റ്റീവല്ലായിരുന്നു. അമ്മയുടെ മീറ്റിംഗിന് പോയാല്‍തന്നെ ആരോടും കൂടുതല്‍ സംസാരിക്കാതെ തിരിച്ച് വീട്ടിലേക്ക് വരുമായിരുന്നു. സിനിമയിലെ സഹപ്രവര്‍ത്തകരെയൊന്നും ഞാന്‍ ഫോണില്‍ വിളിക്കാറില്ല. അതുകൊണ്ടുതന്നെ സിനിമയില്‍ എനിക്ക് സുഹൃത്തുക്കളില്ല.

പുതിയ സിനിമകള്‍ കാണുമ്പോള്‍ അഭിനയത്തില്‍ സജീവമാവണമെന്ന് പ്രവീണയ്ക്ക് തോന്നിയിരുന്നില്ലേ..?

ഞാന്‍ സിനിമകള്‍ കാണാറില്ല. പുതിയ സിനിമകളെക്കുറിച്ച് കേള്‍ക്കാറുണ്ടെങ്കിലും ഒറ്റയ്ക്ക് തിയേറ്ററില്‍ പോയി കാണാറില്ല. ഭര്‍ത്താവിന് ബിസിനസ്സിന്‍റെ തിരക്കായതിനാലാണ് തിയേറ്ററില്‍ പോയി സിനിമ കാണാന്‍ കഴിയാത്തത്.

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും അമ്മവേഷങ്ങളില്‍ പ്രവീണ സജീവമാണല്ലോ...?

അതെ. ബാംഗ്ലൂര്‍ ഡെയ്സില്‍ നസ്രിയയുടെ അമ്മയായി അഭിനയിച്ചതോടെയാണ് അമ്മവേഷങ്ങള്‍ എന്നെ തേടിയെത്തിയത്. പിന്നീട്, നിരവധി ചിത്രങ്ങളില്‍ അമ്മവേഷങ്ങള്‍ ചെയ്യാനുള്ള ഓഫര്‍ ലഭിച്ചുകൊണ്ടേയിരുന്നു. മലയാളത്തിന് പുറമെ തമിഴിലും, തെലുങ്കിലുമായി ധനുഷ്, കാര്‍ത്തിക്, ജയംരവി, രാംചരണ്‍, പ്രശാന്ത്, ശ്രീകാന്ത്, രശ്മിക മണ്ടാന ഉള്‍പ്പെടെയുള്ളവരുടെ അമ്മയായി അഭിനയിച്ചിട്ടുണ്ട്.

അമ്മവേഷങ്ങള്‍ക്കിടയിലും ശക്തമായ നായികാകഥാപാത്രത്തെ അവതരിപ്പിക്കണമെന്ന് ആഗ്രഹമുണ്ടോ?

തീര്‍ച്ചയായും, സ്ത്രീകഥാപാത്രങ്ങള്‍ക്ക് പ്രാധാന്യമുള്ള ഒരു സിനിമയില്‍ മുഴുനീള നായികാ കഥാപാത്രമായി അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. ഒരു കലാകാരിയെന്ന നിലയില്‍ സമൂഹത്തിന്‍റെ മുന്നില്‍ കാണിച്ചുകൊടുക്കാന്‍ കഴിയുന്നതരത്തില്‍ മികച്ച കഥാംശമുള്ള സിനിമയില്‍ എല്ലാവര്‍ക്കും മാതൃകയായ സ്ത്രീകഥാപാത്രമാണ് എന്‍റെ മനസ്സിലുള്ളത്. ഭാര്യ, അമ്മ, മകള്‍, കാമുകി എന്നിങ്ങനെ വ്യത്യസ്തമായ തലങ്ങളിലൂടെ സഞ്ചരിക്കുന്ന, സമൂഹത്തില്‍ എല്ലാവര്‍ക്കും മാതൃകയായ ബോള്‍ഡായ സ്ത്രീ കഥാപാത്രത്തിനായി ഞാന്‍ കാത്തിരിക്കുകയാണ്.

 

Tags
praveena