Wednesday, 10 June 2026 | 12:41 PM

Interviews

താരത്തിളക്കത്തില്‍ ഷൈനി

05 May 2026 12:30 PM
താരത്തിളക്കത്തില്‍  ഷൈനി

'പരിവാര്‍' എന്ന ചിത്രത്തില്‍ ജഗദീഷിന്റെ ഭാര്യയായി മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരുടെ അംഗീകാരം നേടിയ ഷൈനി വിജയന്‍ 'റോന്തി'ല്‍ യുവനടന്‍ റോഷന്‍ മാത്യുവിന്റെ അമ്മയായി അഭിനയിച്ചതോടെ ഇപ്പോള്‍ താരത്തിളക്കത്തിലാണ്. ഇപ്പോള്‍ വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യുന്ന ഷറഫുദ്ദീന്‍ നായകനായ മധുവിധു എന്ന സിനിമയില്‍ അഭിനയിക്കുന്നു.

ആരോഗ്യവകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി ജോലി ഉണ്ടായിരുന്ന വേളയിലാണ് സിനിമയിലേക്ക് ഷൈനി വിജയന്‍ കടന്നുവരുന്നത്. ആദ്യമായി അഭിനയിച്ച സിനിമ, ലോകപ്രശസ്ത സംവിധായകനായ ഷാജി എന്‍. കരുണിന്റെ 'ഓള്' എന്ന ചിത്രമാണ്. ലാല്‍ജോസ്, സലീംഅഹമ്മദ് തുടങ്ങിയ സംവിധായകരുടെ സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ അവതരിപ്പിച്ചു.

ദീപന്‍ ശിവരാമന്റെ 'ഖസാക്കിന്റെ ഇതിഹാസം' എന്ന പ്രസിദ്ധമായ നാടകത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതാണ് വഴിത്തിരിവായത്. ഇതിനിടയില്‍ പല സിനിമകളിലും അഭിനയിക്കാന്‍ അവസരങ്ങള്‍ ലഭിച്ചിരുന്നെങ്കിലും ഈ നാടകത്തിനുവേണ്ടി അതൊക്കെ വേണ്ടെന്നുവച്ചു.

എന്നാല്‍ അതേ നാടകവും ആ നാടകത്തില്‍ നിന്ന് ലഭിച്ച ആത്മവിശ്വാസവും കാരണമാണ് രതീഷ് ബാലകൃഷ്ണ പൊതുവാളുടെ ചിത്രമായ സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന സിനിമയുടെ ഓഡിഷനിലേക്ക് വഴിതെളിച്ചതും അമ്പിളി എന്ന വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രം ചെയ്യാന്‍ ഷൈനിക്ക് അവസരം ലഭിച്ചത്. അമ്പിളിയെ കണ്ടിട്ടാണ് ജഗദീഷിന്റെ ഭാര്യ ഗീത എന്ന കഥാപാത്രം കിട്ടിയത്.

ഇതിനിടയിലാണ് ഷാഹി കബീറിന്റെ റോന്ത് സിനിമയിലേക്ക് വിളിവന്നത്. റോഷന്‍ മാത്യുവിന്റെ അമ്മയാണ് റോന്തില്‍. 'ഇനിയും ഇതുപോലെ വ്യത്യസ്തമായ മികച്ച കഥാപാത്രങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് മലയാള സിനിമയില്‍ മുന്നോട്ടുപോകണം എന്നാണ് ആഗ്രഹിക്കുന്നത്.' ഷൈനി വിജയന്‍ പറഞ്ഞു.

ഒട്ടേറെ സിനിമകളില്‍ ചെറുവേഷങ്ങളിലൂടെ കടന്നുവന്ന് ഏറെ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ മികച്ച ചിത്രങ്ങളില്‍ ലഭിക്കുന്നുവെന്നത് ഷൈനിക്ക് ആവേശവും സന്തോഷവും പകരുന്നു.

പ്രാദേശികമായി അറിയപ്പെട്ടിരുന്ന ഒരു നാടകനടന്‍ കൂടിയായിരുന്ന അച്ഛന്‍ വോളിബോള്‍ പ്ലയര്‍ കൂടിയായിരുന്നു. 'അഭിനയകലയിലുള്ള താല്‍പ്പര്യവും ആത്മവിശ്വാസവും എവിടെ നിന്ന് കിട്ടി എന്ന് ചോദിച്ചാല്‍ അച്ഛനില്‍ നിന്നായിരിക്കും'ഷൈനി വിജയന്‍ കൂട്ടിച്ചേര്‍ത്തു. കാസര്‍ഗോഡ് ജില്ലയിലെ ചെറുവത്തൂര്‍ ആണ് ഷൈനിയുടെ സ്വദേശം. അച്ഛന്‍ കെ.വി. അമ്പാടി, അമ്മ രുഗ്മിണി, ഭര്‍ത്താവ് വിജയന്‍, പയ്യന്നൂര്‍ കവ്വായി സ്‌ക്കൂള്‍ ഹെഡ് മാസ്റ്ററാണ്. ഏകമകള്‍ ഐശ്വര്യ പ്ലസ് ടു കഴിഞ്ഞു. പ്രശസ്ത സംവിധായകരുടെ ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ഷൈനി വിജയന്‍. എ.എസ്. ദിനേശ്‌

Tags
Shyni Vijayan Pariwar