Wednesday, 10 June 2026 | 04:10 PM

Interviews

സിനിമാക്കാര നാവാന്‍ ആഗ്രഹിച്ച മകന്‍ -രോഹിത് വി.എസ് വാരിയത്ത്

നിരഞ്ജന ഇന്ദു 05 May 2026 12:30 PM
സിനിമാക്കാര നാവാന്‍ ആഗ്രഹിച്ച മകന്‍ -രോഹിത് വി.എസ് വാരിയത്ത്

 

ഉല്ലാസ് ചെമ്പന്‍ സംവിധാനം ചെയ്ത അഞ്ചക്കള്ളകോക്കാന്‍ എന്ന ചിത്രം എഡിറ്റ് ചെയ്താണ് രോഹിത് വി.എസ് വാരിയത്ത് ശ്രദ്ധ നേടുന്നത്. ഇപ്പോഴിതാ എമ്പുരാനുശേഷം മുരളിഗോപി തിരക്കഥയൊരുക്കുന്ന, ടിയാനുശേഷം ജിയെന്‍ കൃഷ്ണകുമാര്‍ ഒരുക്കിയ ഏറ്റവും പുതിയ ചിത്രം അനന്തന്‍കാടിന്റെ എഡിറ്ററായി എത്തുമ്പോള്‍ ഏറെ പ്രതീക്ഷയിലാണ് രോഹിത്. സിനിമ ആഗ്രഹിച്ച മകന്‍കൂടിയാണ് രോഹിത്...

 

അച്ഛനും ഞാനും സംവിധാനവും

അച്ഛന് പത്രപ്രവര്‍ത്തനം, സിനിമ, സീരിയല്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ എല്ലാം ഉണ്ടായിരുന്നു. ഒരു സംവിധായകനാകണം എന്ന ആഗ്രഹം ബാക്കിനില്‍ക്കെയാണ് അച്ഛന്‍ മരിച്ചത്. അച്ഛനെപ്പോലെ എനിക്കും സംവിധാനം താല്‍പ്പര്യം ഉണ്ട്. പിന്നെ സിനിമ പഠിക്കുന്നതിന്റെ ഭാഗമായി എഡിറ്റിംഗ് മനസ്സിലാക്കി. പക്ഷെ സിനിമയിലെത്തുന്നത് എളുപ്പമല്ലായിരുന്നു. നീണ്ട വര്‍ഷങ്ങള്‍ എടുത്താണ് സിനിമയുടെ ഭാഗമായത്. പിന്നെ എല്ലാ വിഭാഗങ്ങളും ഒത്തുവന്നാല്‍ മാത്രമേ ഒരു നല്ല സിനിമ ഉണ്ടാകൂ എന്നാണ് ഞാന്‍ എല്ലായിപ്പോഴും വിശ്വസിക്കുന്നത്.

എട്ടാമത്തെ സിനിമയായ അനന്തന്‍കാട്

എന്റെ എട്ടാമത്തെ സിനിമയാണ് ഇത്. കഴിഞ്ഞവര്‍ഷം അഞ്ചക്കള്ളകോക്കാന്‍ പല്ലൊട്ടി എന്നീ സിനിമകളാണ് ഇറങ്ങിയത്. അറ്റന്‍ഷന്‍ പ്ലീസ് എന്ന സിനിമയിലൂടെയാണ് ഞാന്‍ കരിയര്‍ തുടങ്ങുന്നത്. കൂട്ടത്തില്‍ കൂടുതല്‍ ശ്രദ്ധ നേടിയത് അഞ്ചക്കള്ളകോക്കാന്‍ സിനിമയിലൂടെയാണ്. ഒരു എഡിറ്റര്‍ എന്ന നിലയ്ക്ക് എന്നെ ആളുകള്‍ തിരിച്ചറിഞ്ഞുതുടങ്ങിയത് ആ സിനിമയിലൂടെയാണ്. നമ്മളെ അറിയുന്ന ആളുകള്‍പോലും ഒരു എഡിറ്റര്‍ ആയി എന്ന അംഗീകരിച്ചത് ആ സിനിമയിലൂടെയാണ്. അതുപോലെ അറ്റന്‍ഷന്‍ പ്ലീസ് സിനിമയുടെ സംവിധായകന്‍ ജിതിന്റെ കൂടെ ഞാന്‍ ഒരു ഷോര്‍ട്ട് ഫിലിം ചെയ്തിരുന്നു. അതുവഴിയാണ് ആ സിനിമയില്‍ എത്തിയത്. അതൊരു  കൂട്ടായ്മയുടെ ഭാഗം പോലെ ചെയ്ത സിനിമയാണ്. പിന്നീട് ആ സിനിമയ്ക്ക് വലിയ സ്വീകാര്യത കിട്ടി.

എമ്പുരാനുശേഷം മുരളിഗോപി

എമ്പുരാനുശേഷം മുരളിഗോപി തിരക്കഥയൊരുക്കിയ സിനിമ എന്നതിനപ്പുറത്തേയ്ക്ക് ടിയാനുശേഷം മുരളിഗോപി-ജീയെന്‍ കൃഷ്ണകുമാര്‍ എന്നിവര്‍ ഒന്നിക്കുന്ന സിനിമയാണ് ഇതെന്നുള്ളത് ഈ മൂവിയെ സംബന്ധിച്ചിടത്തോളം ഞാന്‍ കാണുന്ന ഏറ്റവും വലിയ പ്രത്യേകതയാണ്.  ഇത് വലിയൊരു ക്യാന്‍വാസിലുള്ള പടമാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി 130 ഓളം ദിവസങ്ങള്‍ കൊണ്ട് ഷൂട്ട് ചെയ്തുതീര്‍ത്ത ഒരു പൊളിറ്റിക്കല്‍ ഡ്രാമയാണ്. സാധാരണക്കാര്‍ക്കിഷ്ടപ്പെടുന്ന രീതിക്കാണ് സിനിമ എടുത്തതെങ്കിലും തമിഴ്പടത്തിന്റെയും മലയാള പടത്തിന്റെയും സമ്മിശ്ര രൂപമാണിത്. കൂടാതെ മലയാളം, തമിഴ് ഭാഷകളില്‍ കൂടി സിനിമ വരുന്നുണ്ട്. പിന്നെ എമ്പുരാന്‍ സിനിമയ്ക്കുശേഷം ഇറങ്ങുന്ന ഈ സിനിമ പ്രേക്ഷകരെ നിരാശപ്പെടുത്തില്ല എന്ന പ്രതീക്ഷയിലാണ് എല്ലാവരും. അതുപോലെ തമിഴ്ചിത്രം മാര്‍ക്ക് ആന്റണിക്കുശേഷം മിനി സ്റ്റുഡിയോയുടെ ബാനറില്‍ എസ്. വിനോദ്കുമാര്‍ പ്രൊഡ്യൂസ് ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്.

മുരളിഗോപി- ജീയെന്‍ കൃഷ്ണകുമാര്‍

രണ്ടുപേരുടെയും കൂടെ വര്‍ക്ക് ചെയ്യാന്‍ പറ്റുന്നത് വലിയൊരു ഭാഗ്യമാണ്. നമ്മളെ നല്ലപോലെ കംഫര്‍ട്ട് ആക്കിയിട്ടാണവര്‍ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ നടത്തുന്നത്. കൂടെ നിന്ന് കാര്യങ്ങളെല്ലാം പറഞ്ഞുതരുന്നുണ്ട്. തുടക്കംമുതലേ എഡിറ്റര്‍ കൂടെ ഉണ്ടാകണമെന്ന് അവര്‍ക്ക് നിര്‍ബന്ധമായിരുന്നു. അതുകൊണ്ടുതന്നെ പ്രീപ്രൊഡക്ഷന്‍, ഷൂട്ട് നടക്കുന്ന സമയം, പോസ്റ്റ് പ്രൊഡക്ഷന്‍ എന്നിങ്ങനെ എല്ലാ സമയത്തും ഞാന്‍ അവരുടെ കൂടെയുണ്ട്.  ഇതൊരു വലിയ ക്യാന്‍വാസിലുള്ള മൂവിയാണ് എന്ന ബോധ്യത്തോടെയാണ് തുടക്കം മുതലേ ഞാന്‍ നിന്നിട്ടുള്ളത്. മാത്രമല്ല നമ്മുടെ ആശയങ്ങള്‍ പങ്കുവയ്ക്കാനുള്ള നല്ലൊരു സ്‌പേസും അവര്‍ എനിക്ക് തന്നിട്ടുണ്ട്. അത് ഇഷ്ടപ്പെട്ടാല്‍ അവരത് വര്‍ക്കിലേക്ക് ഇംപ്ലിമെന്റ് ചെയ്യാറുമുണ്ട്. അതുകൊണ്ടുതന്നെയാണ് വര്‍ക്ക് സ്മൂത്തായി മുന്‍പോട്ട് പോകുന്നത്.

ആര്യയുടെ വേറിട്ട കഥാപാത്രം

സിനിമയ്ക്കകത്ത് ആര്യ ചെയ്യുന്ന കഥാപാത്രം ഇത്രകാലത്തിനുള്ളില്‍ ആര്യചെയ്ത കഥാപാത്രങ്ങളില്‍ നിന്നും വളരെയധികം വ്യത്യാസമുള്ള കഥാപാത്രമാണ്. ഈ സിനിമ റിലീസ് ചെയ്തുകഴിഞ്ഞാല്‍ സിനിമയിലെ അദ്ദേഹത്തിന്റെ കഥാപാത്രത്തിലൂടെ ഉറപ്പായും  ഒരു ഹൈപ്പ് കിട്ടും. പെര്‍ഫോമന്‍സ് കൊണ്ടുപോലും അത്രയ്ക്ക് മനോഹരമായാണ് ആര്യ അത് ചെയ്തിരിക്കുന്നത്. ഇമോഷണലി ഒരുപാട് അറ്റാച്ച് ചെയ്തുകിടക്കുന്ന കഥാപാത്രമാണിത്.

ജീയെന്‍ കൃഷ്ണകുമാര്‍

ടിയാന്‍ സിനിമയ്ക്കുശേഷം അദ്ദേഹം മലയാളത്തില്‍ സംവിധാനം ചെയ്യുന്ന സിനിമ ഇതാണ്. അന്യഭാഷകളില്‍ ചില സിനിമകള്‍ ചെയ്തിരുന്നു. പക്ഷേ മലയാളത്തില്‍ ഈ സിനിമയാണ് ചെയ്തിട്ടുള്ളത്. ഈ സിനിമയിലേക്ക് എന്നെ പ്രധാനമായും ആകര്‍ഷിച്ച ഘടകവും അതുതന്നെയാണ്. അദ്ദേഹത്തിന്റെ സംവിധാനം. എനിക്ക് വളരെയധികം ഇഷ്ടപ്പെട്ട ഒരു സിനിമയായിരുന്നു ടിയാന്‍. അദ്ദേഹം ഇപ്പോള്‍ സംവിധാനം ചെയ്ത ഈ സിനിമ തീര്‍ച്ചയായും ടിയാന്‍ സിനിമയ്ക്ക് മുകളില്‍ നില്‍ക്കുന്നതാണ്. മലയാളം, തമിഴ്, കന്നട, തെലുങ്ക് തുടങ്ങിയ ഭാഷകളില്‍ നിന്നെല്ലാം ഉള്ള അഭിനേതാക്കള്‍ ഈ സിനിമയുടെ ഭാഗമായിട്ടുണ്ട്. ഇന്ദ്രന്‍സ്, അപ്പാനി ശരത്, നിഖില വിമല്‍, ശാന്തി ബാലകൃഷ്ണന്‍ തുടങ്ങിയ ആര്‍ട്ടിസ്റ്റുകള്‍ ഒക്കെ മലയാളത്തില്‍ നിന്ന് ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. മറ്റ് ഭാഷകളിലെയും അറിയപ്പെടുന്ന അഭിനേതാക്കള്‍ തന്നെയാണ് കൂടെ അഭിനയിച്ചിരിക്കുന്നത്.

സിനിമയുടെ ഭാഗമാകുന്നത്

അഞ്ചക്കള്ളകോക്കാന്‍ സിനിമ കണ്ടിട്ടാണ് സംവിധായകന്‍ ഈ സിനിമയിലേക്ക് എന്നെ വിളിക്കുന്നത്. അന്ന് ഈ സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ നടക്കുന്ന സമയമാണ്. മാത്രമല്ല അഞ്ചക്കള്ളകോക്കാന്‍ സിനിമയിലെയും ഈ സിനിമയിലെയും കലാസംവിധായകനും ഒന്നായിരുന്നു. അങ്ങനെയാണ് കോണ്‍ടാക്ട് ചെയ്യുന്നത്. ആ വഴിക്ക് വന്ന സിനിമയില്‍ ജോയിന്‍ ചെയ്തു. ഇപ്പോ പോസ്റ്റ് പ്രൊഡക്ഷന്‍ കഴിഞ്ഞപ്പോഴേക്കും നമ്മളെല്ലാം ഹാപ്പിയാണ്. സിനിമ അതിന്റെ പരമാവധി നല്ലതുപോലെ അഭിപ്രായം നേടുമെന്നുള്ള പ്രതീക്ഷയുണ്ട്. സിനിമയുടെ രാഷ്ട്രീയം ശക്തമാണെങ്കില്‍പോലും അതൊരു കമേഴ്‌സ്യല്‍ സിനിമ എന്നുള്ള രീതിയില്‍ പറയാനാണ് എനിക്കിഷ്ടം.

ടെക്‌നിക്കല്‍ സാധ്യതകള്‍

കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സിന്റെ നല്ല സാധ്യതയുള്ള സിനിമയാണിത്. ആള്‍ക്കൂട്ടങ്ങള്‍ വരുമ്പോളൊക്കെ അത്തരം സാദ്ധ്യതകളെ നന്നായി ഉപയോഗിച്ചിട്ടുണ്ട്. പിന്നെ സംവിധായകന്റെ ഭാഗത്തുനിന്നും നല്ല സഹകരണം ഉള്ളതുകൊണ്ട് നല്ല രീതിയില്‍ തന്നെയാണ് വര്‍ക്ക് വരുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ഈ സിനിമ എനിക്ക്  അടുത്തതലത്തിലേക്ക് കാലുകുത്താനുള്ള അവസരമാണ്. അതുകൊണ്ടുതന്നെ മാക്‌സിമം എല്ലാവിധ സാധ്യതകളും ഞാന്‍ ഉപയോഗിച്ചിട്ടുണ്ട്.

 

Tags
rohit v s variyath ANANTHAN KAADU Jiyen Krishnakumar Murali Gopy