Wednesday, 10 June 2026 | 07:54 PM

Interviews

നരിവേട്ട നല്‍കിയ സന്തോഷം... - പ്രശാന്ത് മാധവന്‍

ബിന്ദു പി.പി 05 May 2026 12:30 PM
നരിവേട്ട നല്‍കിയ സന്തോഷം... -  പ്രശാന്ത് മാധവന്‍

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത നരിവേട്ട സിനിമയിലെ മധു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പ്രശാന്ത് മാധവന്‍ തന്‍റെ സിനിമാജീവിത വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു.

നരിവേട്ട നല്‍കിയ സന്തോഷം

നമ്മള്‍ വര്‍ക്ക് ചെയ്ത ഒരു സിനിമ എല്ലാവരിലേക്കും ഒരുപോലെ എത്തുക എന്നുള്ളതാണ് ഒരു നടന്‍ എന്നുള്ള നിലയ്ക്ക് എന്‍റെ ഏറ്റവും വലിയ സന്തോഷം. എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ ചെയ്യുന്ന നാലാമത്തെ സിനിമയാണിത്. അഭിനയിച്ചിട്ട് പുറത്തിറങ്ങാത്ത സിനിമകള്‍ വേറെയുമുണ്ട്. പക്ഷേ ഇതുവരെ മറ്റുസിനിമകളില്‍ ഒന്നും ലഭിക്കാത്ത സ്വീകാര്യത എനിക്ക് നരിവേട്ട വഴി ലഭിച്ചു. അതുകൊണ്ടുതന്നെ ഈ സിനിമയിലൂടെ എന്നെ കുറച്ചു കൂടുതല്‍ പേര്‍ അറിയുമെന്ന് തന്നെ ഞാന്‍ പ്രതീക്ഷിക്കുന്നു.

സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്ന മധു

ഈ സിനിമയിലെ മധു എന്ന കഥാപാത്രം ചെയ്യാന്‍ എന്നെ ആദ്യമായി വിളിക്കുന്നത് പ്രൊഡക്ഷന്‍ കണ്‍ട്രോളറാണ്. കഥാപാത്രത്തിനായി ഒരു ഓഡിഷനോ സ്ക്രീന്‍ ടെസ്റ്റോ ഒന്നും അവര്‍ എന്നെക്കൊണ്ട് നടത്തിച്ചിട്ടില്ല. കഥാപാത്രം ചെയ്യാനുള്ള ഡേറ്റ് അറിയിച്ചുകൊണ്ടാണ് അവര്‍ വിളിക്കുന്നത്. പിന്നീടാണ് ജീവിച്ചിരിക്കുന്ന ഗീതാനന്ദന്‍ എന്നുപറയുന്ന വളരെയധികം വാര്‍ത്താപ്രാധാന്യം നേടിയ ഒരു വ്യക്തിയുടെ ജീവിതമാണ് കഥാപാത്രമായി ഞാന്‍ ചെയ്യാന്‍ പോകുന്നത് എന്ന കാര്യം പോലും എനിക്ക് മനസ്സിലാകുന്നത്. ഷൂട്ട് സമയത്ത് ആദിവാസികളുടെ കൂടെയായിരുന്നു ഏറ്റവും കൂടുതല്‍ സമയം ചെലവഴിച്ചത്. ഒരു പരിധി കഴിഞ്ഞപ്പോള്‍ അവര്‍ അവരുടെ പ്രശ്നങ്ങളെല്ലാം നമ്മളോട് പറയാന്‍ തുടങ്ങി. അവരുടെ ഒരു ലീഡര്‍ ആയിട്ടാണ് പലപ്പോഴും അവര്‍ നമ്മളെ കാണുന്നത്. അതെങ്ങനെ സംഭവിച്ചു എന്നറിയില്ല. എന്നോടും ആര്യയോടും അത്തരത്തിലുള്ള സമീപനമായിരുന്നു അവര്‍ വച്ചുപുലര്‍ത്തിയത്. അത് അത്ഭുതകരമായ ഒരു അനുഭവമാണ്.

അനുരാജ് മനോഹറും അബിന്‍ ജോസഫും

നരിവേട്ടയിലേക്ക് എത്തുന്നതുവരെ രണ്ടുപേരുമായി എനിക്ക് യാതൊരുവിധ പരിചയവുമില്ലായിരുന്നു. സാധാരണ ഞാന്‍ സിനിമകള്‍ ചെയ്യും എന്നല്ലാതെ അതിനപ്പുറത്തേക്കുള്ള സിനിമ ബന്ധങ്ങള്‍ ഒന്നും കാത്തുസൂക്ഷിക്കാറില്ല. ആട്ടം കണ്ടിട്ടാണ് അനുരാജ് മനോഹര്‍ എനിക്ക് ഫേസ്ബുക്കില്‍ റിക്വസ്റ്റ് അയയ്ക്കുന്നത്. അങ്ങനെ ഞങ്ങള്‍ ഫേസ് ബുക്ക് സുഹൃത്തുക്കളായി. അല്ലാതെ അതിന്‍റെ പേരില്‍ മിണ്ടിയിട്ടൊന്നുമില്ല. ഈ സിനിമയിലേക്ക് എന്നെ വിളിക്കുന്നത് പ്രൊഡക്ഷന്‍ കണ്‍ട്രോളറാണ്. അന്നാണ് ഫേസ്ബുക്കില്‍ റിക്വസ്റ്റ് അയച്ചത് ഈ അനുരാജ് ആണെന്ന് ഞാന്‍ മനസ്സിലാക്കുന്നത്. തീര്‍ച്ചയായും അനുരാജ് മനോഹര്‍ നിര്‍ദ്ദേശിച്ചിട്ടായിരിക്കും അദ്ദേഹം എന്നെ വിളിച്ചിരിക്കുക എന്നാണ് ഞാന്‍ കരുതുന്നത്. പിന്നീട് കഥാപാത്രത്തിന്‍റെ മേക്കപ്പ് ഇട്ടുനോക്കാനായി പോകുന്ന സമയത്താണ് അനുരാജിനെ ഞാന്‍ ആദ്യമായി കാണുന്നത്. അബിനെ ആദ്യമായി കാണുന്നത് ലൊക്കേഷനില്‍ വച്ചാണ്.

മധുവാകാനുള്ള തയ്യാറെടുപ്പ്

ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയെയാണ് മധു എന്ന കഥാപാത്രമായി ഞാന്‍ സിനിമയിലേക്ക് കൊണ്ടുവരേണ്ടത്. അതൊരു വെല്ലുവിളി തന്നെയാണ്. ഇന്‍റര്‍നെറ്റ് വഴി ഗീതാനന്ദനെക്കുറിച്ച് അന്വേഷിച്ചു. അദ്ദേഹവുമായി ബന്ധപ്പെട്ട വീഡിയോസ് കണ്ടു. പക്ഷെ അതില്‍ ഒന്നും ആ വ്യക്തിയെക്കുറിച്ച് കാര്യമായി മനസ്സിലാക്കാവുന്ന രീതിയിലുള്ള വിഷ്വല്‍സ് ഒന്നും കിട്ടിയില്ല. സമരശേഷമുള്ള ഗീതാനന്ദനെമാത്രമാണ് ആ വീഡിയോയില്‍ എല്ലാം കാണാന്‍ പറ്റിയത്. 

ഗീതാനന്ദന്‍റെ ശരീരഭാഷയൊന്നും എനിക്ക് അതില്‍ നിന്ന് മനസ്സിലായില്ല. പിന്നീട് എന്‍റെ സൗഹൃദവലയത്തിനുള്ളിലെ സോഷ്യല്‍ ആക്ടിവിസ്റ്റുകളുടെ കോമണ്‍ ആയിട്ടുള്ള ചില രീതികളാണ് സിനിമയ്ക്കുവേണ്ടി റഫറന്‍സ് ആയി ഞാന്‍ എടുത്തത്. അങ്ങനെ മധു എന്ന കഥാപാത്രത്തിനുവേണ്ടി ഞാന്‍ ഡിസൈന്‍ ചെയ്ത രീതിക്കാണ് ആ കഥാപാത്രം ഞാന്‍ അവതരിപ്പിച്ചിരിക്കുന്നത്. 

ആത്യന്തികമായി സിനിമ പറയുന്നത് സി.കെ. ജാനു, ഗീതാനന്ദന്‍ എന്നീ വ്യക്തികളുമായി സാദൃശ്യമുള്ള കഥാപാത്രങ്ങളെ കുറിച്ചാണ്. അതുകൊണ്ടുതന്നെ കഥാപാത്രങ്ങളെ ഡിസൈന്‍ ചെയ്യാനുള്ള സ്വാതന്ത്ര്യം നമുക്ക് അവിടെയുണ്ട്. എന്നാല്‍ ഷൂട്ട് തുടങ്ങി എന്‍റെ ആദ്യത്തെ ഡയലോഗ് പറഞ്ഞ ദിവസം സംവിധായകന്‍ എന്നോട് പറഞ്ഞു മധുവിന് അത്രയ്ക്ക് അധികം ഇമോഷന് ആവശ്യമില്ല എന്ന്. അതായത് ശാന്തി എന്നുപറയുന്ന കഥാപാത്രത്തിന് ലീഗല്‍ സപ്പോര്‍ട്ട് കൊടുക്കുന്ന വ്യക്തിയാണ് മധു. 

അയാള്‍ ശാന്തിയുടെ കമ്മ്യൂണിറ്റിക്ക് പുറത്തുള്ള ആളാണ്. നിയമബിരുദധാരിയായ മധുവിന് ശാന്തിക്ക് ധാര്‍മ്മിക പിന്തുണ നല്‍കുക എന്നുള്ള ഉദ്ദേശമാണ് ഉള്ളത്. അയാള്‍ പങ്കെടുക്കുന്ന നിരവധി സമരങ്ങളില്‍ ഒന്നുമാത്രമാണ് ഇതും. നയങ്ങളെക്കുറിച്ച് വ്യക്തമായി അറിയുന്ന, ഗവണ്‍മെന്‍റിന് സമരത്തോടുള്ള അനുഭാവം തിരിച്ചറിയുന്ന മധുവിന് ട്രൈബ്സിനോടുള്ളത് സഹാനുഭൂതിയും സഹജീവി സ്നേഹവുമാണ്.

ചിരിക്കാത്ത മധു

സിനിമയില്‍ ശാന്തിക്കാണ് പ്രാധാന്യം. സിനിമയില്‍ രണ്ട് വിഭാഗങ്ങളെ കാണിക്കുന്നുണ്ട്. പോലീസുകാരും സമരക്കാരും. അതില്‍ സമരക്കാരുടെ കൂടെയാണ് മധു നില്‍ക്കുന്നത്. ശാന്തിക്ക് സപ്പോര്‍ട്ട് കൊടുക്കുക എന്നതാണ് മധുവിന്‍റെ ദൗത്യം. എന്നാല്‍ ശാന്തി പ്രകോപിതയാകുന്ന പ്രതികരിക്കുന്ന നിമിഷത്തില്‍ എല്ലാം കൂടെ നില്‍ക്കുമ്പോള്‍ ഞാന്‍ എന്ന വ്യക്തിക്ക് കൂടി പ്രതികരിക്കാനുള്ള ത്വര വരും. എന്നിരുന്നാലും പ്രതികരിക്കാന്‍ പറ്റില്ലല്ലോ. കാരണം അവിടെ ഞാന്‍ എന്ന ആളില്ല, കഥാപാത്രം മാത്രമേയുള്ളൂ. അതായത് എന്‍റെ കഥാപാത്രത്തിന് പ്രതികരിക്കേണ്ട ആവശ്യം വരുന്നില്ല. നിശബ്ദതയാണ് അവിടെ മധുവിന് ആവശ്യം. വാസ്തവത്തില്‍ അതൊരു വെല്ലുവിളി തന്നെയാണ്. ശാന്തി എന്ന കഥാപാത്രത്തിന്‍റെ ഒഴുക്കിനനുസരിച്ച് സഞ്ചരിക്കാനുള്ള ഞാനെന്ന വ്യക്തിയുടെ ത്വരയെ അടക്കിവയ്ക്കുക എന്നതാണ് എന്നെ സംബന്ധിച്ചിടത്തോളം വെല്ലുവിളി.

മുത്തങ്ങയിലെ യാഥാര്‍ത്ഥ്യങ്ങള്‍

ഞാന്‍ ഡിഗ്രി പഠിച്ചത് വയനാട്ടിലാണ്. അതുകൊണ്ടുതന്നെ അക്കാലത്തെ എനിക്കറിയാം. അവിടുത്തെ ജനങ്ങള്‍ക്കിടയിലെ ജാതീയമായ വേര്‍തിരിവിനെക്കുറിച്ച്. എന്നാല്‍ മുത്തങ്ങ പ്രശ്നത്തില്‍ നമ്മള്‍ കണ്ടതും കേട്ടതും അല്ല യാഥാര്‍ത്ഥ്യമെന്ന് ഞാന്‍ വ്യക്തമായി അറിയുന്നത് നരിവേട്ട സിനിമയുമായി ബന്ധപ്പെട്ട ഷൂട്ടിംഗ് സമയത്താണ്. നമ്മുടെ കൂടെയുണ്ടായിരുന്ന ആദിവാസികളാണ് അതിനെക്കുറിച്ച് കൂടുതലായി പറഞ്ഞുതരുന്നത്.

 

Tags
prasanth madhavan narivetta