Wednesday, 10 June 2026 | 11:20 AM

Interviews

വിഷ്വല്‍ ഇഫക്റ്റുകളുടെ മായാജാലം

അപ്പൂസ് കെ.എസ് 05 May 2026 12:30 PM
വിഷ്വല്‍ ഇഫക്റ്റുകളുടെ മായാജാലം

 

ദേശീയ പുരസ്ക്കാര വേദിയില്‍ മലയാളികളെ അഭിമാനം കൊള്ളിച്ച താരങ്ങളാണ് ലവനും കുശനും. നാല് സിനിമകളുടെ വി.എഫ്.എക്സിന് പിന്നിലെ സഹോദരങ്ങളുടെ വിശേഷങ്ങളിലേക്ക്...

മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും മികച്ച സൗണ്ട് കൊറിയോഗ്രാഫി അവാര്‍ഡും ലഭിച്ച തെലുങ്ക് പുരാണ സൂപ്പര്‍ഹീറോ ചിത്രമായ ഹനുമാന്‍റെ വി.എഫ്.എക്സ് ടീമിന്‍റെ ഭാഗമായിരുന്നു നിങ്ങള്‍. മാത്രമല്ല, മലയാളത്തിലും തമിഴിലും ഹിന്ദിയിലും ആയി നിങ്ങള്‍ ഭാഗമായ മറ്റ് മൂന്ന് സിനിമകളും വ്യത്യസ്ത വിഭാഗങ്ങളില്‍ ദേശീയ അവാര്‍ഡുകള്‍ നേടുകയുമുണ്ടായി?

ലവന്‍: വളരെ യാദൃച്ഛികമായാണ് അത് സംഭവിച്ചത്. പുറത്തുപറഞ്ഞാല്‍ ആരും അത് അക്സെപ്റ്റ് ചെയ്യാന്‍ തയ്യാറാകില്ല. പത്തുവര്‍ഷത്തിനിടയില്‍ 550 ഓളം സിനിമകള്‍ക്ക് വി.എഫ്.എക്സ് ചെയ്ത് പരിചയമുള്ള ഞങ്ങളുടെ വി.എഫ്.എക്സ് കമ്പനി ഡിജിറ്റല്‍ ടര്‍ബോ മീഡിയ വി.എഫ്.എക്സ് ചെയ്ത നാല് സിനിമകള്‍ക്കാണ് ഇത്തവണ നാഷണല്‍ അവാര്‍ഡ് ലഭിച്ചത്. ഭയങ്കര വലിയ സന്തോഷമാണിത്.

കുശന്‍: വാര്‍ത്ത കേട്ടപ്പോള്‍ ഞങ്ങള്‍ക്ക് ആദ്യം വലിയ വികാരം ഒന്നും ഉണ്ടായിരുന്നില്ല. പിന്നീട് എന്‍റെ ഒരു സുഹൃത്ത് പറഞ്ഞു നാഷണല്‍ അവാര്‍ഡ് ലഭിക്കുക, അതും നാല് ഭാഷകളില്‍ എന്നുള്ളത് എത്ര വലിയ കാര്യമാണ് എന്നത്. അങ്ങനെ ഓര്‍ത്തപ്പോഴാണ് ശരിയാണല്ലോ, ഇത് വലിയൊരു കാര്യമാണ് എന്ന് ഉള്‍ക്കൊള്ളുന്നതുതന്നെ.

നിങ്ങളുടെ യാത്ര തുടങ്ങുന്നത് മുംബൈയില്‍ നിന്നാണ്. ഇപ്പോള്‍ വി.എഫ്.എക്സ് മേഖലയില്‍ പത്തുവര്‍ഷം തികച്ചിരിക്കുകയാണ്. ഒട്ടും എളുപ്പമായിരുന്നില്ല ആ യാത്ര..?

കുശന്‍: ഞങ്ങള്‍ നല്ല ഊര്‍ജ്ജത്തിലാണ്. പത്തുവര്‍ഷം കടന്നുപോയി എന്നുള്ളത് ഞങ്ങള്‍ക്ക് അറിയാനേ കഴിഞ്ഞിട്ടില്ല. ഞങ്ങള്‍ ഒരു ടൈം ലൈനില്‍ ആണ് വര്‍ക്ക് ചെയ്തിരുന്നത്. ബാക്ക് റ്റു ബാക്ക് ഞങ്ങള്‍ക്ക് വര്‍ക്കുകള്‍ ഉണ്ടായിരുന്നു. എന്തായാലും ഇതിലൊരു പാഷന്‍ ഇല്ലാതെ പറ്റില്ല. വലിയ സമ്മര്‍ദ്ദത്തില്‍ തന്നെയാണ് ഓരോ ഡെഡ് ലൈനുകളും പൂര്‍ത്തിയാക്കുന്നത്. ഞങ്ങള്‍ വൈകിയാല്‍ ബാക്കിയുള്ള സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം വൈകും.

എങ്ങനെയാണ് സമ്മര്‍ദ്ദത്തിലൂടെ വര്‍ക്ക് ചെയ്യുമ്പോഴും എല്ലാവരും സഹകരണത്തോടെ മുന്നോട്ടുപോകാനും ഏറ്റവും ബെസ്റ്റ് തന്നെ സിനിമയിലേക്ക് കൊടുക്കണമെന്ന് തീരുമാനിക്കുന്നതും?

കുശന്‍: പല തീരുമാനങ്ങള്‍ക്കിടയിലും ഞങ്ങള്‍ അടിയും വഴക്കും ഒക്കെ ഉണ്ടാക്കാറുണ്ട്. പണ്ടൊക്കെ സ്റ്റോറി ബോര്‍ഡ് വച്ചാണ് അത് പറഞ്ഞ് തരുന്നത്. വലിയ ഐഡിയ നമ്മള്‍ക്ക് ഇന്‍പുട്ട് ആയി കിട്ടില്ല. ഡിസ്ക്രിപ്ഷന്‍ വച്ച് മാത്രമാണ് വര്‍ക്ക് ചെയ്ത് തുടങ്ങുന്നത്. ചിലപ്പോള്‍ ചെയ്തുവരുമ്പോള്‍ തെറ്റിപ്പോയേക്കാം. പിന്നീട് ശരിയാകും. ഇപ്പോള്‍ കുറച്ചുകൂടി കാര്യങ്ങള്‍ എളുപ്പമാണ്. സംവിധായകനും വി.എഫ്.എക്സ് ടീമും തമ്മിലുള്ള അകലം ഇപ്പോള്‍ കുറഞ്ഞു. സംവിധായകന്‍റെ മനസ്സിലുള്ളത് എന്താണ് അത് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് വഴി ഞങ്ങള്‍ക്ക് കാണിച്ചുതരാന്‍ കഴിയും. അപ്പോള്‍തന്നെ നമ്മള്‍ക്ക് ഏകദേശം ഒരു ഐഡിയ കിട്ടും.

ഇപ്പോള്‍ മൊത്തം എത്ര സിനിമകളില്‍ വി.എഫ്.എക്സ് ചെയ്തു? ചെയ്യുന്ന വര്‍ക്കുകളുടെ കണക്കെടുക്കുന്ന സ്വഭാവമുണ്ടോ?

ലവന്‍: കൊറോണക്കാലം വരെ ഞങ്ങള്‍ 99 ശതമാനം സിനിമകളും മലയാള സിനിമകളിലാണ് വി.എഫ്.എക്സ് ചെയ്തിരുന്നത്. അന്യഭാഷകളിലേക്ക് പോയി തുടങ്ങിയത് കൊറോണയ്ക്കുശേഷമാണ്. 400 സിനിമകളോളം മലയാളത്തില്‍തന്നെ ചെയ്തു. 550 നുശേഷം ഞങ്ങള്‍ എണ്ണുന്നത് നിര്‍ത്തുകയാണുണ്ടായത്. കോവിഡ് കാലത്തിനുശേഷമാണ് ഒരു ടെക്നീഷ്യന്‍ എന്ന നിലയ്ക്ക് കൂടുതല്‍ റീച്ച് കിട്ടുന്നത്.

എങ്ങനെയാണ് നിങ്ങളും സംവിധായകനും തമ്മിലുള്ള ഒരു കണക്ഷന്‍? എന്താണ് ആ പ്രക്രിയ?

ലവന്‍: ഞങ്ങള്‍ ഈ ജോലി തുടങ്ങുന്ന സമയത്ത് ഒക്കെ ഷൂട്ട് കഴിഞ്ഞതിനുശേഷം ആണ് ഞങ്ങളെ സംഘം അപ്രോച്ച് ചെയ്യാറുള്ളത്. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. ഇപ്പോള്‍ പ്രൊഡ്യൂസറിന്‍റെ അടുത്ത് പോകുന്നതിന് മുമ്പ് തന്നെ സംവിധായകന്‍ വി.എഫ്.എക്സ് സ്റ്റുഡിയോ ടീമിനെ സമീപിക്കും. സിനിമയുടെ ബജറ്റ് പ്ലാന്‍ ചെയ്യുന്നതിന്‍റെ കൂട്ടത്തില്‍ വി.എഫ്.എക്സ് ടീമിന്‍റെ കൂടി ചെലവുകള്‍ കണക്കാക്കാന്‍ ആണിത്.

കുശന്‍: സത്യം പറഞ്ഞാല്‍ ഇപ്പോള്‍ വി.എഫ്.എക്സ് ടീമിന് വലിയതോതില്‍ സിനിമയ്ക്ക് അകത്തുനിന്നും സ്വീകാര്യത കിട്ടുന്നുണ്ട്. സംവിധായകന്‍ ആണെങ്കിലും ഡി.ഒ.പി ആണെങ്കിലും പ്രൊഡ്യൂസര്‍ ആണെങ്കിലും ആരും അവരുടെ ക്വാളിറ്റിയില്‍ കോംപ്രമൈസ് ചെയ്യാന്‍ തയ്യാറാകുന്നില്ല എന്നുള്ളതാണ്. ചില നിര്‍മ്മാതാക്കള്‍ പറയാറുണ്ട്, ഞാന്‍ നിര്‍മ്മിക്കുന്ന സിനിമകള്‍ ലോകം മുഴുവന്‍ കാണുന്നതാണ്. അതുകൊണ്ട് അതില്‍ വളരെ മികച്ച വി.എഫ്.എക്സ് തന്നെ ഉണ്ടായിരിക്കണമെന്ന്. ഇതെല്ലാം ഞങ്ങള്‍ക്ക് ഗുണം ചെയ്തിട്ടേ ഉള്ളൂ.

ബിഗ് ബജറ്റില്‍ ഇറങ്ങിയ പല സിനിമകളിലെയും വി.എഫ്.എക്സ് വിമര്‍ശിക്കപ്പെടാറുണ്ട്, ചിലത്  കളിയാക്കലുകള്‍ നേരിട്ടിട്ടുണ്ട്. തീയും വെള്ളവും ഒക്കെ റിയലിസ്റ്റിക് ആയി കാണിക്കാന്‍ ബുദ്ധിമുട്ടല്ലേ. എന്തൊക്കെ വെല്ലുവിളികളാണ് ഒരു വി.എഫ്.എക്സ് ഒരുക്കുമ്പോള്‍ നിങ്ങള്‍ നേരിടാറുള്ളത്?

ലവന്‍: സമയമെടുത്ത് പൂര്‍ത്തിയാക്കുക എന്നുള്ളതാണ് ചെയ്യാറുള്ളത്. നടുക്കടല്‍ രംഗം ഒക്കെയുള്ള സിനിമകളില്‍ എല്ലാ വര്‍ക്കും ഒന്നും നടുക്കടലില്‍ പോയി ഷൂട്ട് ചെയ്യാന്‍ കഴിയില്ല. അതൊക്കെ വി.എഫ്.എക്സ് ചെയ്തേ പറ്റൂ. അതിനായി സമയമെടുത്ത് തന്നെ വി.എഫ്.എക്സ് ചെയ്യും. പ്രൊഡക്ഷന്‍ ടീമും അതിന് തയ്യാറായിരിക്കും.

കുശന്‍: പല ടീമും ഞങ്ങളോട് ഞങ്ങള്‍ക്ക് എത്രസമയം വേണമെന്ന് ചോദിക്കും. അവര്‍ പറയുന്ന സമയത്തിന് അനുസരിച്ച് ചെയ്യാന്‍ പറ്റുമോ എന്ന് ചോദിക്കും. ചില സിനിമകളില്‍ റിലീസ് തീയതി ഫിക്സ് ചെയ്തിരിക്കും. ഞങ്ങള്‍ക്ക് പൂര്‍ത്തിയാക്കാന്‍ കഴിയില്ല. എങ്കില്‍ ഫസ്റ്റ് ഹാഫ് ഞങ്ങള്‍ ചെയ്യാം ബാക്കി നമ്മള്‍ക്ക് വേറെ ഏതെങ്കിലും ടീമിനെ വിളിക്കാമെന്ന് പറയും. അങ്ങനെ ചെയ്യാറുണ്ട്. സ്റ്റുഡിയോകള്‍ ഷെയര്‍ ചെയ്യുന്നത് ഈ ഇന്‍ഡസ്ട്രിയില്‍ നടക്കുന്നതാണ്. ഞങ്ങള്‍ക്ക് ഏറ്റെടുക്കാന്‍ കഴിയാതെ പോയ ഒരു സിനിമയാണ് പുഷ്പ. കൃത്യസമയത്ത് ഞങ്ങള്‍ക്ക് അത് ചെയ്ത് തീര്‍ക്കാന്‍ കഴിയില്ലായിരുന്നു. വേഗം ചെയ്ത് തീര്‍ക്കുക എന്നതുമാത്രം ലക്ഷ്യം വച്ചാല്‍ ക്വാളിറ്റി കീപ്പ് ചെയ്യാന്‍ കഴിയില്ല. ഞങ്ങള്‍ അതിന് തയ്യാറല്ല.

നിങ്ങള്‍ ചെയ്ത സിനിമകള്‍ക്ക് ലഭിക്കുന്ന വിമര്‍ശനങ്ങളെ എങ്ങനെ സ്വീകരിക്കും?

ലവന്‍: ആളുകള്‍ പറയുന്നത് എന്തായാലും ശരിയായിരിക്കും. കാണുന്ന ആളുകള്‍ക്ക് എന്തായാലും മനസ്സിലാകുമല്ലോ. ഞങ്ങള്‍ വിമര്‍ശനങ്ങളെ സ്വീകരിക്കും. വിശകലനം ചെയ്യും. എല്ലാം ലേണിംഗ് പ്രോസസ് അല്ലെ. സാങ്കേതികവിദ്യ നമ്മള്‍ക്ക് എങ്ങനെ വേണമെങ്കിലും പഠിക്കാം. എന്നാല്‍ ആളുകള്‍ സിനിമ കണ്ട് വിലയിരുത്തുന്ന കാര്യങ്ങള്‍ അത് തെറ്റാണെങ്കിലും ശരിയാണെങ്കിലും നമ്മള്‍ സ്വീകരിക്കും. ഇതൊക്കെ ചെയ്തുചെയ്ത് പഠിക്കാന്‍ കഴിയൂ.

നിങ്ങള്‍ ആദ്യമായി വി.എഫ്.എക്സ് സ്റ്റുഡിയോയിലേക്ക് മുഴുവനായും മാറിയ സമയത്ത് ഈ മേഖലയുടെ ഭാവിയെക്കുറിച്ച് ആശങ്ക ഉണ്ടായിരുന്നോ?

കുശന്‍: ആശങ്ക ഇപ്പോഴുമുണ്ടല്ലോ. റിസ്ക്ക് ഇപ്പോഴും ഉണ്ട്. എന്‍റര്‍ടെയ്ന്‍മെന്‍റ് മേഖല എപ്പോഴും ആശങ്കയില്‍ തന്നെയാണ്.

ലവന്‍: പത്തുവര്‍ഷത്തിന് മുകളില്‍ മുംബൈയില്‍ വേറെ വി.എഫ്.എക്സ് കമ്പനിയില്‍ വര്‍ക്ക് ചെയ്ത പരിചയം ഉണ്ട് എനിക്ക്. നമ്മള്‍ക്ക് ഇവിടെത്തന്നെ ഇതൊക്കെ ചെയ്യാം എന്ന വിശ്വാസം ഉണ്ടായി വന്നത് വളരെ പതുക്കെയാണ്. അന്യഭാഷാ സിനിമകളില്‍ നിന്നും കേരളത്തില്‍ വന്ന് വി.എഫ്.എക്സ് ചെയ്യാം എന്ന വിശ്വാസം ഉണ്ടായി വരാന്‍ കുറച്ചധികം സമയം എടുത്തു. ഞങ്ങള്‍ക്ക് അതില്‍ വളരെ നിര്‍ണ്ണായകമായ പങ്കുവഹിക്കാന്‍ ആയതില്‍ സന്തോഷം.

ഡിജിറ്റല്‍ ടര്‍ബോ മീഡിയ അഥവാ ഡി.ടി.എം ടീമിനെ എങ്ങനെയാണ് നിര്‍മ്മിച്ചെടുത്തത്?

കുശന്‍: ആദ്യസമയം ഞങ്ങള്‍ വളരെ കുറച്ച് പേര്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. വെറും നാല് പേര്‍. അവരെ വച്ചാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്.

സാങ്കേതിക മേഖലയില്‍ തൊഴില്‍ എടുക്കുന്നവര്‍ക്ക് അപ്ഡേറ്റ് ആവുക എന്നുള്ളത് വളരെ അത്യന്താപേക്ഷിതമായ ഒരു കാര്യമാണല്ലോ? നിങ്ങള്‍ എങ്ങനെയാണ് അപ്ഡേറ്റ് ആവുന്നത്?

കുശന്‍: പുതിയ കാര്യങ്ങള്‍ കണ്ടെത്തിയില്ലെങ്കില്‍ നമ്മള്‍ക്ക് വളരെ ബുദ്ധിമുട്ടുതന്നെയാണ്. ഡെയിലി അപ്ഡേറ്റ് വന്നുകൊണ്ടിരിക്കുകയാണ്.

ലവന്‍: ഇനി ഞങ്ങള്‍ കണ്ടെത്തിയില്ലെങ്കില്‍ നമ്മള്‍ക്ക് വളരെ ബുദ്ധിമുട്ടുതന്നെയാണ്. ഡെയിലി അപ്ഡേറ്റ് വന്നുകൊണ്ടിരിക്കുകയാണ്. ഇനി ഞങ്ങള്‍ എത്ര തിരക്കില്‍ തന്നെയാണെങ്കിലും ഞങ്ങളുടെ മേഖലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളെ ഞങ്ങള്‍ക്ക് മനസ്സിലാക്കിയിരിക്കണം. അത് അറിയാന്‍ ഞങ്ങള്‍ ശ്രമിക്കേണ്ടതായിട്ടുണ്ട്. കാരണം ഈ ജോലി അല്ലാതെ വേറൊരു ജോലി ചെയ്യാന്‍ ഞങ്ങള്‍ക്കറിയില്ല എന്നതുതന്നെ. ഞങ്ങളുടെ ഭാവിയെ തന്നെ ബാധിക്കുന്ന കാര്യം ആണ് അത്.

എവിടെ നിന്നാണ് നിങ്ങള്‍ക്ക് നിങ്ങളുടെ മേഖലയിലെ പുതിയ ഇന്‍ഫര്‍മേഷനുകള്‍, അപ്ഡേഷനുകള്‍ ലഭിക്കുന്നത്? അതിനായി എന്തെങ്കിലും കോഴ്സുകള്‍ അറ്റന്‍ഡ് ചെയ്യാറുണ്ടോ?

ലവന്‍: ഓണ്‍ലൈനില്‍ നിന്നുതന്നെയാണ്. അതിനായി പുറത്തുനിന്നും കോഴ്സുകള്‍ അറ്റന്‍ഡ് ചെയ്യേണ്ട കാര്യമൊന്നുമില്ല. യൂ ട്യൂബ് തന്നെ ഉണ്ടല്ലോ. മിക്ക ട്യൂട്ടോറിയലുകളും യൂ ട്യൂബില്‍ തന്നെ ഇപ്പോള്‍ ലഭ്യമാണ്.

പല വലിയ ബിഗ് ബജറ്റ് സിനിമകളിലെ വി.എഫ്.എക്സ് ഒക്കെ യൂ ട്യൂബില്‍ വലിയ കാഴ്ചക്കാരുള്ള ബ്രേക്ക്ഡൗണ്‍ വീഡിയോകളായി അപ്ലോഡ് ചെയ്യാറുണ്ട്. 

വി.എഫ്.എക്സ് എന്ന ഒരു പ്രക്രിയയെ ഇനിയും മനസ്സിലാക്കാത്ത, അംഗീകരിക്കാത്ത വിലകുറച്ച് കാണുന്ന ആളുകള്‍ ഇപ്പോഴും ഉണ്ടല്ലോ അവരോട് എന്താണ് പറയാനുള്ളത്?

ലവന്‍: സംഗതി ഇത് കാണുമ്പോള്‍ എളുപ്പമാണ് എന്നാണ് ആളുകള്‍ക്ക് തോന്നുന്നത്. ഇത് വളരെ സീരിയസ് ആയ ഒരു ജോലിയാണ്. അതുപോലെ ക്രിയാത്മകവും ആയിരിക്കണം. ആദ്യം ചെയ്ത വര്‍ക്ക് പോലെ ആയിരിക്കില്ല രണ്ടാമത് ചെയ്യുന്നത്. റിപ്പീറ്റേഷന്‍ ഇല്ലേയില്ല. അതുകൊണ്ട് തന്നെ നല്ല സമ്മര്‍ദ്ദം ഉണ്ടായിരിക്കും. ഇതൊന്നും ആളുകള്‍ക്ക് മനസ്സിലാക്കേണ്ട കാര്യമില്ല. പറയുന്നു എന്നേയുള്ളൂ.

വി.എഫ്.എക്സ് പഠിക്കാന്‍ ഇപ്പോള്‍ പുതുതലമുറയിലെ കുട്ടികള്‍ ഒരുപാട് പേര്‍ ആഗ്രഹിക്കുന്നുണ്ട്. അവരോട് എന്താണ് പറയാനുള്ളത്?

കുശന്‍: വലിയ ക്ഷമ വേണ്ടതുണ്ട്. എല്ലാവര്‍ക്കും ഇത് പഠിക്കാന്‍ പറ്റില്ല. നല്ല താല്‍പ്പര്യം ഉണ്ടായിരിക്കണം. നമ്മള്‍ ചെയ്യുന്ന കാര്യത്തിന് ഉടനെ ഒന്നും ഒരു റിസള്‍ട്ട് ഉണ്ടാകില്ല. ഒന്നോ രണ്ടോ വര്‍ഷം എങ്കിലും അതിന് വേണം. ഞങ്ങള്‍ തന്നെ അഞ്ചുവര്‍ഷം മുമ്പ് ഒരു അക്കാഡമി തുടങ്ങിയിട്ടുണ്ട്. അതൊന്ന് ക്ലച്ച് പിടിക്കാന്‍ തന്നെ മൂന്നോ നാലോ വര്‍ഷം എടുത്തിട്ടുണ്ട്. ഇപ്പോള്‍ കേരളത്തില്‍ തന്നെ പല സ്റ്റുഡിയോകളിലും ഉള്ള വി.എഫ്.എക്സ് വിദഗ്ദ്ധര്‍ ഞങ്ങളുടെ അക്കാദമിയില്‍ നിന്നും പഠിച്ചിറങ്ങിയവരാണ് എന്നതില്‍ അഭിമാനം ഉണ്ട്.

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് എന്ന സാങ്കേതിക വിദ്യ ഇപ്പോള്‍ പല തൊഴില്‍ മേഖലകളെയും കുറച്ചൊക്കെ ബാധിച്ചുകഴിഞ്ഞു. വി.എഫ്.എക്സ് മേഖലയെ എങ്ങനെയാണ് എ ഐ ബാധിക്കാന്‍ പോകുന്നത്? എന്തൊക്കെയാണ് ഗുണങ്ങളും ദോഷങ്ങളും?

ലവന്‍: ഞങ്ങളെ ബാധിക്കാന്‍ ഇടയുണ്ട്. ഇപ്പോള്‍ ഞങ്ങള്‍ ഒരു ടീമായി ഒരു കമ്പനിയില്‍ ആണല്ലോ പ്രവര്‍ത്തിക്കുന്നത്. എ ഐ വരുന്നതോടുകൂടി അത് വേണ്ടി വരില്ല എന്നാണ് തോന്നുന്നത്. അപ്പോള്‍ അതിന്‍റേതായി പ്രശ്നങ്ങള്‍ ഉണ്ടാകും.

കുശന്‍: ഗുണങ്ങളും ഒരുപാടുണ്ട് എന്നുതന്നെ പറയണം. സമ്മര്‍ദ്ദങ്ങള്‍ ഇല്ലാതെ ഈ തൊഴില്‍ ചെയ്യാന്‍ കുറച്ചുകൂടി എളുപ്പമാകും. വര്‍ക്ക് ലൈഫ് ബാലന്‍സ് ഉണ്ടാകും.

 

Tags
lavan prakashan and kushan prakashan lavan and kushan