Wednesday, 10 June 2026 | 08:00 PM

Interviews

എപ്പിക് ഫാന്‍റസി എന്ന ജോണറിലാണ് ഈ സിനിമ ചിത്രീകരിച്ചിട്ടുള്ളത്... എന്താണ് എപ്പിക് ഫാന്‍റസി ?

ജി. കൃഷ്ണന്‍ 05 May 2026 12:30 PM
എപ്പിക് ഫാന്‍റസി എന്ന ജോണറിലാണ് ഈ സിനിമ ചിത്രീകരിച്ചിട്ടുള്ളത്... എന്താണ് എപ്പിക് ഫാന്‍റസി ?

ലോകസിനിമയുടെ  ചരിത്രത്തില്‍ പോലും ഒരാളും കാണിക്കാത്ത ഒരു പ്രവൃത്തി ഫ്രൈഡേ സിനിമയുടെ നിര്‍മ്മാതാവും നടനുംകൂടിയായ വിജയ്ബാബു ചെയ്തിട്ടുണ്ട്.

ഇപ്പോള്‍ മൂന്നാം ഭാഗം റിലീസ് ചെയ്യുകയാണല്ലോ?

മൂന്നാം ഭാഗം പുതിയ ഒരു ജോണറിലാണ് എടുത്തിരിക്കുന്നത്. എപ്പിക് ഫാന്‍റസി എന്നുപറയുന്ന ജോണറില്‍. അത് ബഡ്ജറ്റും റിസ്ക്കും കൂട്ടും. വലിയ ഒരു സ്കെയിലില്‍ പത്ത് മടങ്ങ് ബഡ്ജറ്റ് കൂടുതലായിട്ടാണ് ഈ സിനിമയുടെ വരവ്. ഇങ്ങനെ സിനിമയെടുക്കാമോയെന്ന് മിഥുന്‍ മാനുവല്‍ ആദ്യം തന്നെ എന്നോട് ചോദിച്ചിരുന്നു. ഞാന്‍ ഒറ്റയ്ക്ക് ചെയ്യുന്നില്ലെന്ന് തീരുമാനിച്ചു. അങ്ങനെ നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളിയുമായി ചേര്‍ന്ന് ഈ സിനിമ പ്രൊഡ്യൂസ് ചെയ്യാന്‍ തീരുമാനിച്ചു. 'ആട്' സിനിമയ്ക്ക് അത്രയും ഫാന്‍ ഫോളോയിംഗ് വേള്‍ഡ് വൈഡുണ്ട്. നല്ല സിനിമയായി വന്നാല്‍ അത് വര്‍ക്കാകുമെന്ന വിശ്വാസവുമുണ്ട്.

മലയാളസിനിമ രാജ്യാന്തര തലത്തില്‍ ശ്രദ്ധിച്ചുതുടങ്ങിയിരിക്കുന്നതുകൊണ്ടുതന്നെ ആ വലിയ സ്കെയിലില്‍ തന്നെ സിനിമ ചെയ്യണമെന്ന് തീരുമാനിച്ചതിനാലാണ് വേണുവുമായി ഒരുമിച്ചത്. അല്ലെങ്കില്‍ ഈ സിനിമ സംഭവിക്കുമോയെന്ന് അറിയില്ല.

എപ്പിക് ഫാന്‍റസി എന്ന ജോണറിലാണ് ഈ സിനിമ ചിത്രീകരിച്ചിട്ടുള്ളതെന്ന് പറഞ്ഞുവല്ലോ. അതിനെക്കുറിച്ച്?

ഇതുവരെ മലയാളത്തില്‍ ട്രൈ ചെയ്യാത്ത ഒരു ജോണറാണ് എപ്പിക് ഫാന്‍റസി. ഈ സിനിമയില്‍ മൂന്ന് ടൈം ലൈനുണ്ട്. പാസ്റ്റുണ്ട്, പ്രസന്‍റുണ്ട്, ഫ്യൂച്ചറുണ്ട്. ഇതാണ് അതിന്‍റെ ഒരു പ്രത്യേകത. ഈ സിനിമയിലെ കഥാപാത്രങ്ങളെല്ലാം രണ്ട് കാലഘട്ടത്തില്‍ ജീവിച്ചവരാണെന്ന് കാണിക്കുന്നുണ്ട്. ഭൂതകാലത്തിലും വര്‍ത്തമാനകാലത്തിലും ഈ കഥാപാത്രങ്ങള്‍ തന്നെയാണ് ചെയ്യുന്നതെന്നതാണ് അതിന്‍റെ പ്രത്യേകത.
പിന്നെ, ആടിന്‍റെ ഒരു ഫ്ളേവര്‍ എന്നുപറയുന്നത് കോമഡിയാണ്. കോമഡി നിലനിര്‍ത്തിക്കൊണ്ടുതന്നെ ഒരു കഥയിലേയ്ക്ക് ലാന്‍ഡ് ചെയ്തപ്പോള്‍ കോമഡി ത്രൂ ഔട്ട് നിലനില്‍ക്കും. അതിനോടൊപ്പം തന്നെ ഈ കാലഘട്ടവും പുതിയ കഥയും സിനിമയില്‍ വന്നിട്ടുണ്ട്.

മഴക്കാലം അല്ലാത്ത സമയങ്ങളില്‍ പോലും മഴ തിമിര്‍ത്ത് പെയ്ത് ഷൂട്ടിംഗിന് പ്രതിസന്ധികളുണ്ടാക്കിയിരുന്നു. അതുകൊണ്ട് ഷൂട്ടിംഗ് അഞ്ചും ആറും ഷെഡ്യൂളുകളിലായി. മൊത്തം പത്തുമാസക്കാലത്തെ പ്രോസസിംഗാണ് ഈ സിനിമയ്ക്ക് വേണ്ടി വന്നത്. പ്രതികൂല കാലാവസ്ഥ ഇങ്ങനെ വേറെ പല സിനിമകളെയും ബാധിച്ചിരുന്നു. ആ സിനിമകളും പുറകെ വരുന്നുണ്ട്. ഏപ്രില്‍-മെയ് മാസങ്ങള്‍ അവധിക്കാലമായതുകൊണ്ട് 'ആട്' സിനിമയുടെ പിറകെ മറ്റുപല സിനിമകളുടെയും ഒരു കുത്തൊഴുക്കുതന്നെ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്.

എന്‍റെ ഈ സിനിമയുടെ ബഡ്ജറ്റ് കൂടുതലായതിനുകാരണം ഈ പ്രതികൂല കാലാവസ്ഥയാണ്. ഇത്രയും ഭീമമായ ബഡ്ജറ്റിലുള്ള ഒരു സിനിമ ഞാനിതുവരെ ചെയ്തിട്ടില്ല. അതുമാത്രവുമല്ല, കഷ്ടപ്പാടും വളരെ വളരെയുണ്ടായിരുന്നു. എല്ലാം കൊണ്ടും ഈ സിനിമ വിജയിച്ചെ മതിയാകൂ.

ഇത് യൂത്തിനുവേണ്ടിയുള്ള ഒരു സിനിമയാണെന്ന് കരുതാമോ?

അങ്ങനെയല്ല. ഇതിപ്പോള്‍ ഏത് പ്രായക്കാര്‍ക്കും കാണേണ്ടിവരും. 2015 ല്‍ ആട്  വണ്‍ ഇറങ്ങുമ്പോള്‍ അന്ന് സിനിമ കണ്ട പ്രേക്ഷകന് ഇന്ന് പത്ത് വയസ്സ് കൂടി കൂടിയിട്ടുണ്ട്. 15 വയസ്സുണ്ടായിരുന്ന ചെറുപ്പക്കാരന് ഇന്ന് 25 വയസ്സുണ്ട്. 30 വയസ്സുണ്ടായിരുന്ന ആളും 'ആടി'ന്‍റെ ഫാനായിരുന്നു. ആ ആളിന് ഇന്ന് 40 വയസ്സുണ്ട്. അതുകൊണ്ട് ഈ പ്രായക്കാരെല്ലാം 'ആട്' സിനിമ ഫോളോ ചെയ്യുന്നുണ്ട്. അന്ന് അഞ്ചുവയസ്സുണ്ടായിരുന്ന കുട്ടിക്ക് ഇന്ന് പതിനഞ്ച് വയസ്സുണ്ടായിരിക്കുമല്ലോ. അന്നത്തെ അഞ്ചുവയസ്സുകാരന്‍ ഒരു പക്ഷേ, ആട് കണ്ടിട്ടുണ്ടാവില്ല.

എല്ലാ ഏജ് ഗ്രൂപ്പിനും ഇഷ്ടപ്പെടുന്ന ഹ്യൂമറായിരിക്കണം ഈ സിനിമയില്‍ വേണ്ടതെന്ന കാര്യം ഞങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ട്. അത് ഞങ്ങളുടെ ഒരു ചലഞ്ച് തന്നെയായിരുന്നു.

ജയസൂര്യയുടെ സഹകരണം എങ്ങനെയായിരുന്നു? ഇത് ജയസൂര്യയുടെ ഒരു മാസ്സ് സിനിമയെന്ന് പറയാന്‍ കഴിയുമോ?

ജയസൂര്യയുമായി ചേര്‍ന്നുള്ള എന്‍റെ ആറാമത്തെ സിനിമയാണിത്. ഞാന്‍ ഏറ്റവും കൂടുതല്‍ സിനിമകള്‍ ചെയ്തിട്ടുള്ളത് ജയസൂര്യയെ വച്ചിട്ടുതന്നെയാണ്. ജയന്‍റെ ഗെറ്റപ്പ് എങ്ങനെയെന്നറിയാമല്ലോ. അതുകൊണ്ടുതന്നെ ജയസൂര്യക്ക് വേറൊരു പ്രോജക്ടും ഏറ്റെടുക്കാന്‍ കഴിഞ്ഞില്ല. പത്തുമാസക്കാലത്തോളം ജയന്‍ വേറൊരു സിനിമയിലും അഭിനയിച്ചിട്ടില്ല. 'ആട്' സിനിമ ഒരു ഫ്രാഞ്ചൈസിയാണ്. എല്ലാ കഥാപാത്രങ്ങളും ഈ സിനിമയില്‍ ഈക്വലാണെന്ന് പറയാം. ധര്‍മ്മജനാണെങ്കിലും സണ്ണിവെയിനാണെങ്കിലും എന്‍റെ കഥാപാത്രമാണെങ്കിലും ജയനോടൊപ്പം തന്നെ നില്‍ക്കും. എല്ലാവരും ഈ ആട് യൂണിവേഴ്സിന്‍റെ ഭാഗമാണ് - വിജയ്ബാബു പറഞ്ഞുനിര്‍ത്തി.

 

Tags
vijaybabu aadu3 jayasurya