ഞാന്‍ സ്വപ്നം കണ്ട രീതിക്കുള്ള സിനിമകള്‍ ഇറങ്ങാന്‍ പോകുന്നത് ഈ വര്‍ഷം ആയിരിക്കും... -Abhilash Pillai
പ്രിയപ്പെട്ട തിരക്കഥകള്‍ പലതും പ്ലാറ്റ്ഫോമുകളില്‍ ആണ് റിലീസ് ചെയ്തത്. തിയേറ്ററില്‍ റിലീസ് ആകാത്തതുകൊണ്ട് എന്തെങ്കിലും വിഷമം അനുഭവിച്ചിട്ടുണ്ടോ?
ഉണ്ട്. നൈറ്റ് ഡ്രൈവും പത്താം വളവും ഞാന്‍ നിറഞ്ഞ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നതാണ് സ്വപ്നം കണ്ടത്. അത് അങ്ങനെ സംഭവിക്കാത്തത് എനിക്ക് വലിയ നിരാശയായിരുന്നു. ഇപ്പോഴും 'പത്താം വളവ്' ടി.വിയില്‍ ഇടുമ്പോള്‍ ഇന്‍സ്റ്റഗ്രാമിലും മറ്റും ഒരു 30 ടാഗ് എങ്കിലും വരും. കാരണം ആ സിനിമ ഇഷ്ടപ്പെടുന്നവര്‍ പുറത്തുണ്ട് എന്നതാണ്. അടുപ്പിച്ച് സിനിമകളെല്ലാം ഒ.ടി.ടിക്ക് പോയ വിഷമം തീര്‍ന്നത് മാളികപ്പുറത്തിന്‍റെ തിയേറ്റര്‍ റിലീസിലൂടെ ആയിരുന്നു. ഞാന്‍ അതിന്‍റെ തിരക്കഥ വലിയ വാശിയിലാണ് എഴുതിത്തീര്‍ത്തത്. മാളികപ്പുറം സിനിമയ്ക്ക് റിലീസിന് ശേഷം അഞ്ചുദിവസം കഴിഞ്ഞ് ടിക്കറ്റ് കിട്ടാനില്ല എന്നത് അറിഞ്ഞ് അന്ന് ഞാന്‍ ഒരുപാട് സന്തോഷിച്ചിരുന്നു. കാരണം ഞാന്‍ ആഗ്രഹിച്ച ഒരു രംഗമായിരുന്നു അത്. എനിക്ക് ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവമാണത്.
സിനിമ സംസാരിക്കുമ്പോള്‍ തിരക്കഥാകൃത്തിനെ അധികം സംസാരിച്ചു കാണാറില്ല.
പക്ഷേ അഭിലാഷിനെ സംബന്ധിച്ച് അങ്ങനെയല്ല. അഭിലാഷ് ഇപ്പോള്‍ എഴുതിയ തിരക്കഥകളുടെ സ്വഭാവം മനസ്സിലാക്കി ഇനിയുള്ള സിനിമകളും ആ രീതിക്ക് തന്നെയായിരിക്കും എന്ന് വിലയിരുത്തിയതായി എപ്പോഴെങ്കിലും മനസ്സിലാക്കിയിട്ടുണ്ടോ?
ഉണ്ട് മാളികപ്പുറം സിനിമ കണ്ട് പല നിര്‍മ്മാതാക്കളും ഇതുപോലെയുള്ള ഭക്തി സിനിമകള്‍ എന്‍റെ കയ്യിലുണ്ടോ എന്ന് അന്വേഷിച്ചിട്ടുണ്ട്. കാരണം ഞാന്‍ ചെയ്ത ഒരു ഭക്തിസിനിമ വിജയിച്ചതുകൊണ്ട് എന്‍റെ പേരില്‍ മാര്‍ക്കറ്റ് പിടിക്കാന്‍ എളുപ്പമായിരിക്കും എന്ന് കരുതിയാണ് അത്. പക്ഷേ എന്‍റെ കയ്യില്‍ പല ജോണറില്‍ ഉള്ള കഥകള്‍ ഉണ്ടെന്ന് ഞാന്‍ അവരോട് പറയാറുണ്ട്. ഇപ്പോള്‍ ആനന്ദ് ശ്രീബാല എന്ന സിനിമയുടെ പേര് കണ്ട് പലരും ഭക്തി സിനിമയാണെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ട്. എന്നാലും ഞാന്‍ ഇനിയും ഭക്തിപടങ്ങള്‍ ചെയ്യും എന്നതില്‍ സംശയമൊന്നുമില്ല.
ട്രെന്‍ഡ് സെറ്റര്‍ ആവാന്‍ ശ്രമിക്കാറുണ്ടോ?
ഇപ്പോള്‍ മാളികപ്പുറം സിനിമയുടെ രണ്ടാം ഭാഗം എനിക്ക് ഉടനെ ഷൂട്ട് ചെയ്യാം. പക്ഷേ ആ ട്രെന്‍റിന്‍റെ പിറകേ പോകരുത് എന്ന് ഞാന്‍ വളരെയധികം ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടാണ് ഉടനെ ചെയ്യാത്തത്. ആളുകള്‍ക്ക് അത് ബോറടിക്കാനാണ് കൂടുതല്‍ സാധ്യത.
അഭിലാഷ് പിള്ള എന്ന തിരക്കഥാകൃത്തിനെ പ്രേക്ഷകര്‍ക്ക് മുന്നില്‍ പൂര്‍ണ്ണമായും അവതരിപ്പിച്ചിട്ടുണ്ടോ?
ഞാന്‍ ഇല്ല എന്നേ പറയൂ. കാരണം ഞാന്‍ സ്വപ്നം കണ്ട രീതിക്കുള്ള സിനിമകള്‍ ഇറങ്ങാന്‍ പോകുന്നത് ഈ വര്‍ഷം ആയിരിക്കും. വര്‍ഷത്തില്‍ എന്തായാലും രണ്ടോ മൂന്നോ സിനിമകള്‍ സംഭവിക്കും എന്നുതന്നെയാണ് വിചാരിക്കുന്നത്.