'ധീര' ത്തിലൂടെ... -മഹിന്‍ കൃഷ്ണ
പേര്?
എന്‍റെ പേര് മഹിന്‍ കൃഷ്ണ.
സ്വദേശം?
കണ്ണൂരില്‍ ഇരിട്ടിക്കടുത്താണ്.
ആദ്യ സിനിമ?
ധീരം.

കലാരംഗത്തേയ്ക്കുള്ള തുടക്കം?
ഞാന്‍ ചെറുപ്പം മുതലെ ആര്‍ട്ട്സിനോട് താല്‍പ്പര്യം കാണിച്ചിരുന്നു. പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍ കളറിംഗ്.. ഇതൊക്കെ ചെയ്യുമായിരുന്നു. സ്ക്കൂളിലെ ഡ്രാമകളിലൊക്കെ പങ്കെടുത്തിട്ടുണ്ട്. എന്നെ ആദ്യമായി ഒരു സ്റ്റേജില്‍ കയറ്റുന്നത് ഞങ്ങളുടെ മലയാളം അദ്ധ്യാപകനായ ബിനോയ് തോമസ് ആണ്.(ഇദ്ദേഹവും പില്‍ക്കാലത്ത് സിനിമാരംഗത്തെത്തി. ചതുരം, ചുരുളി... തുടങ്ങിയ സിനിമകളുടെ സ്ക്രിപ്റ്റ് റൈറ്ററാണ് ഇദ്ദേഹം).
പതിനഞ്ചോളം ഷോര്‍ട്ട് ഫിലിം, ആല്‍ബം, വെബ് സീരീസ് ഒക്കെ ചെയ്തിട്ടുണ്ട്.
പഠനത്തിന്‍റെ ഭാഗമായി ഞാന്‍ കാനഡയിലേക്ക് പോകുകയും പഠനവും ജോലിയുമായി അവിടെ കുറച്ചുനാള്‍ ഉണ്ടാകുകയും ചെയ്തിരുന്നു. എന്നാല്‍, സിനിമയില്‍ അഭിനയിക്കുക എന്ന ആഗ്രഹം കൊണ്ട് ഞാന്‍ ഇവിടേക്ക് തിരിച്ചുവരികയാണ് ചെയ്തത്.
അമ്മയാണ് എന്നെ പ്രോത്സാഹിപ്പിച്ചിട്ടുള്ളത്. ചെറുപ്പകാലത്ത് എന്നെ ഒരുപാട് സിനിമകള്‍ കാണിക്കാന്‍ അച്ഛന്‍ കൊണ്ടുപോകുമായിരുന്നു. വീടിനടുത്തൊരു 'സി ക്ലാസ്' തീയേറ്ററുണ്ട്. ഏത് സിനിമ ഇറങ്ങിയാലും ആദ്യത്തെ ദിവസം തന്നെ ഞാന്‍ സിനിമ കാണാന്‍ തീയേറ്ററില്‍ പോകുമായിരുന്നു. ഇന്നും ആ പതിവ് മുടക്കാറില്ല എന്നതാണ് ഒരു സത്യം.
'ധീര'ത്തിലെ അഭിനയത്തെക്കുറിച്ച്?
ധീരം സിനിമയില്‍ ഞാന്‍ ഒരു നെഗറ്റീവ് റോളാണ് ചെയ്തത്. അത് എന്‍റെ ആദ്യത്തെ ബിഗ് സ്ക്രീന്‍ എക്സ്പീരിയെന്‍സാണ്. നല്ല ഡയറക്ടര്‍, നല്ല സ്ക്രിപ്റ്റ് റൈറ്റര്‍, നല്ല ക്യാമറാമാന്‍... ഇവരെല്ലാം എനിക്ക് നല്ല സപ്പോര്‍ട്ടാണ് തന്നിട്ടുള്ളത്. ഒരു ന്യൂ കമര്‍ എന്ന നിലയില്‍ എനിക്ക് വേറിട്ടൊരു അനുഭവമില്ല. അവരില്‍ ഒരാളായി എനിക്കും വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞു. എല്ലാവരെയും തുല്യരായി കാണുന്ന ഒരനുഭവമാണുണ്ടായിരുന്നത്.

ഏത് ടൈപ്പ് കഥാപാത്രം ചെയ്യണം എന്നൊക്കെയുള്ള താല്‍പ്പര്യങ്ങളോ
തീരുമാനങ്ങളോ ഉണ്ടോ?
ഫാമിലി ഓഡിയന്‍സിന് സ്വീകാര്യമായിട്ടുള്ള വേഷങ്ങളായാല്‍ സന്തോഷം. നമ്മുടെ മുത്തശ്ശിമാര്‍ക്കും അമ്മമാര്‍ക്കും അതുപോലെ അനിയത്തിമാര്‍ക്കും അനുജന്മാര്‍ക്കുമെല്ലാം സ്വന്തം വീട്ടിലെ ഒരാളായി കാണാന്‍ കഴിയുന്ന തരത്തിലുള്ള കഥാപാത്രങ്ങളോട് ഇഷ്ടമുണ്ട്.
കുടുംബത്തെക്കുറിച്ച്?
വളരെ ചെറിയ ഒരു ഫാമിലിയാണ് എന്‍റേത്. അച്ഛനും അമ്മയും ഞാനും മാത്രമടങ്ങുന്ന ഒരു കുടുംബം. അച്ഛനും അമ്മയും ഗവണ്‍മെന്‍റ് ടീച്ചേഴ്സായിരുന്നു. ഇപ്പോള്‍ റിട്ടയര്‍ ചെയ്തു.
'ധീരം' തന്ന മറ്റ് അനുഭവം?
എന്‍റെ അടുത്ത സുഹൃത്തായ ദീപക്കും ഈ സിനിമയില്‍ അഭിനയിച്ചിരുന്നു. ഞങ്ങള്‍ ഈ സിനിമയെക്കുറിച്ച് എപ്പോഴും എന്നപോലെ ഡിസ്ക്കസ് ചെയ്യുമായിരുന്നു. ദീപക്കും ഈ സിനിമയില്‍ നല്ലൊരു വേഷം ചെയ്തിട്ടുണ്ട്.
പക്ഷേ ദീപക്ക് ഇന്നില്ല. ഒരു ആക്സിഡന്‍റില്‍ ദീപക്ക് ഈയടുത്ത് മരിച്ചു. ദീപക്ക് ഒരിക്കലും ഇനി കൂടെയില്ലല്ലോ എന്ന വിഷമം മാത്രമേ ബാക്കിയുള്ളൂ.