Tuesday, 23 June 2026 | 06:57 PM

Top News

ആരോടും പറയാതെ ഇറങ്ങി പോകുന്നതിൽ നിങ്ങളോട് ക്ഷമ ചോദിക്കുകയാണ്; വികാരനിർഭരമായ തുറന്ന കത്തുമായി നടൻ ടിനി ടോം

sreyas 22 June 2026 04:00 PM
ആരോടും പറയാതെ ഇറങ്ങി പോകുന്നതിൽ നിങ്ങളോട് ക്ഷമ ചോദിക്കുകയാണ്; വികാരനിർഭരമായ തുറന്ന കത്തുമായി നടൻ ടിനി ടോം

Highlights

എല്ലാം ദൈവത്തിനും നീതിക്കും മാത്രം വിട്ടുകൊടുത്തു

താരസംഘടനയായ ‘അമ്മ’യിലെ കൂട്ടരാജികൾക്കിടെ അംഗങ്ങൾക്കായി വികാരനിർഭരമായ തുറന്ന കത്തുമായി നടൻ ടിനി ടോം. അനീതിക്കെതിരെ നിലപാട് സ്വീകരിച്ചതിന്റെ പേരിൽ താൻ ടാർ​ഗറ്റ് ചെയ്യപ്പെട്ടു എന്നാണ് കത്തിൽ അദ്ദേഹം വ്യക്തമാക്കുന്നത്.

ഭാരവാഹി സ്ഥാനത്ത് നിന്ന് പിന്മാറുന്ന സാഹചര്യത്തിൽ ആരോടും മുൻകൂട്ടി അറിയിക്കാതെ തീരുമാനമെടുത്തതിൽ അംഗങ്ങളോട് ക്ഷമ ചോദിക്കുകയും ചെയ്തു. എന്നാൽ സംഘടനയിലെ ഭാരവാഹിത്വത്തിൽ നിന്നുമാത്രമാണ് രാജിവെച്ചതെന്നും ‘അമ്മ’യിലെ അംഗത്വം തുടരുകയാണെന്നും ടിനി ടോം വ്യക്തമാക്കി.

സംഘടനയിലെ സഹപ്രവർത്തകരെയും അംഗങ്ങളെയും ഒരിക്കലും അവഗണിക്കില്ലെന്നും, കഴിയുന്ന എല്ലാ വിധത്തിലും അവരുടെ കൂടെയുണ്ടാകുമെന്നും അദ്ദേഹം തുറന്ന കത്തിലൂടെ ഉറപ്പുനൽകി. നിലവിലെ പ്രതിസന്ധികൾക്കിടയിലും സംഘടനയോടുള്ള തന്റെ പ്രതിബദ്ധത തുടരുമെന്നും ടിനി ടോം വ്യക്തമാക്കി.

താരത്തിന്റെ വാക്കുകളിലേക്ക്:

''ആദ്യം നിങ്ങൾ എല്ലാവരോടും ഞാൻ നന്ദി അറിയിക്കട്ടേ, അമ്മയിൽ നടന്നിട്ടുള്ള എല്ലാ തെരെഞ്ഞെടുപ്പുകളിലും വലിയ ഭൂരിപക്ഷത്തിൽ എന്നെ വിജയിപ്പിച്ചതിനു 2018 മുതൽ ഇന്നലവരെ അമ്മയുടെ എക്സിക്യൂട്ടീവിൽ ലാലേട്ടന്റെ കീഴിലും ഇപ്പോൾ ശ്വേത മേനോന്റെ കീഴിലും സത്യസന്ധമായി എനിക്ക് കഴിയുംവിധം നിങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ സാധിച്ചു, അനീതികൾക്കെതിരെ ഞാൻ ശബ്ദിച്ചതിന്റെ പേരിൽ ഞാൻ ടാർഗറ്റ് ചെയ്യപ്പെട്ടിരുന്നു.

ആരോപണങ്ങൾ പൊലീസ് എഫ്‌ഐആർ എടുക്കാതെ നിരുപാധികം തള്ളി കളയുകയും എനിക്ക് ക്ലീൻ ചിറ്റ് നൽകുകയും ചെയ്തു ഇതൊന്നും ഞാൻ ഒരു ചാനലിലും വിളമ്പാൻ പോയിട്ടില്ല എല്ലാം ദൈവത്തിനും നീതിക്കും മാത്രം വിട്ടുകൊടുത്തു. സത്യമേ ജയിക്കൂ അതാണ് തെളിഞ്ഞത്.

ഇനി നിങ്ങളോട് ക്ഷമ ചോദിക്കുകയാണ്, ആരോടും പറയാതെ ഇറങ്ങി പോകുന്നതിൽ, എന്ന് കരുതി നിങ്ങളുടെ വിളികൾ ഞാൻ അവഗണിക്കില്ല എനിക്ക് പറ്റുന്ന വിധത്തിൽ ഞാൻ നിങ്ങളോടൊപ്പം ഉണ്ടാകും എന്ന് നിങ്ങളുടെ സ്വന്തം സഹോദരൻ ടിനി ടോം''.