Versatile SAAGAR
ജോജു ജോര്‍ജ്ജ് സംവിധാനം ചെയ്ത പണിയില്‍ ഡോണ്‍ സെബാസ്റ്റ്യന്‍ എന്ന വില്ലനായി സിനിമാപ്രേക്ഷകരെ ഞെട്ടിച്ച നടനാണ് സാഗര്‍ സൂര്യ. ക്രൂരതയുടെ അങ്ങേയറ്റമായ ആ കഥാപാത്രത്തിനുശേഷം സാഗര്‍ സൂര്യയുടെ അടുത്ത ചുവടെന്ത് എന്ന പ്രേക്ഷകരുടെ ആകാംക്ഷയ്ക്ക് ഉത്തരമായിട്ടാണ് ഇപ്പോള്‍ 'പ്രകമ്പനം' തിയേറ്ററുകളിലെത്തിയിരിക്കുന്നത്. എന്നാല്‍, ഡോണ്‍ സെബാസ്റ്റ്യന്‍ എന്ന വില്ലന്‍റെ മുഴുവന്‍ ഓര്‍മ്മകളെയും പൂര്‍ണ്ണമായി തുടച്ചുമാറ്റിയ പ്രകമ്പനത്തിലെ 'പുണ്യാളന്‍' എന്ന കഥാപാത്രം നര്‍മ്മവും ഊര്‍ജ്ജവുമുള്ള കോമഡി കഥാപാത്രമായി തീയേറ്ററില്‍ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുകയാണിപ്പോള്‍.
2018 ല്‍ മഴവില്‍ മനോരമയിലെ തട്ടീം മുട്ടീം എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ മിനിസ്ക്രീന്‍രംഗത്ത് ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയ സാഗര്‍ സൂര്യ ഉപചാരപൂര്‍വ്വം ഗുണ്ടാജയന്‍ എന്ന ചിത്രത്തിലൂടെയാണ് ബിഗ് സ്ക്രീന്‍ രംഗത്ത് ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്.
പൃഥ്വിരാജ് ചിത്രമായ കുരുതിയില്‍ സുപ്രധാനവേഷം ചെയ്ത സാഗര്‍ ചിത്രത്തില്‍ വിഷ്ണു എന്ന കഥാപാത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിന്‍റെ ഷൂട്ടിംഗ് വേളയില്‍തന്നെ കുരുതിയിലെ അഭിനേതാക്കളായ സാഗര്‍ സൂര്യ, നസ്ലീന്‍ എന്നിവര്‍ ഭാവിയിലെ മികച്ച രണ്ട് താരങ്ങളാകുമെന്ന നടന്‍ പൃഥ്വിരാജിന്‍റെ പരാമര്‍ശവും ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. തുടര്‍ന്ന് കുറി, ജോ ആന്‍ഡ് ജോ, കാപ്പ, കാസര്‍ഗോള്‍ഡ് തുടങ്ങിയ സിനിമകളിലും ഭാഗമായി.
ബിഗ്സ്ക്രീനിലെ അരങ്ങേറ്റത്തിനുശേഷം, ഇന്ത്യകണ്ട ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ്ബോസിന്‍റെ ഭാഗമായ സാഗറിന്‍റെ കരിയറില്‍ തന്നെ വലിയ മാറ്റമുണ്ടായത് റിയാലിറ്റി ഷോയ്ക്കുശേഷം ജോജുജോര്‍ജ്ജ് സംവിധാനം ചെയ്ത പണിയിലെ ഡോണ്‍ സെബാസ്റ്റ്യന്‍ എന്ന വില്ലന്‍ കഥാപാത്രത്തെ ചെയ്തതിലൂടെയാണ്. സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനവേളയില്‍ ജൂറി ചെയര്‍മാന്‍ പ്രകാശ്രാജ് 'പണി' സിനിമയില്‍ സാഗര്‍ സൂര്യയും ജുനൈസ് വി.പിയും അവതരിപ്പിച്ച നെഗറ്റീവ് വേഷങ്ങളെ പ്രത്യേകം പ്രശംസിച്ചിരുന്നതും ശ്രദ്ധേയമായിരുന്നു.
മാത്രമല്ല, തഗ് ലൈഫ് എന്ന സിനിമയോട് അനുബന്ധിച്ച് പേളി മാണിക്ക് നല്‍കിയ അഭിമുഖത്തില്‍ സിനിമാലോകത്തെ സകലകലാവല്ലഭനായ കമല്‍ഹാസന്‍ ജോജുജോര്‍ജിന്‍റെ സിനിമയില്‍ രണ്ടുപേര്‍ അങ്ങനെ അഭിനയിച്ചിട്ടുണ്ട്, അവരെ നോക്കൂ, അവരുടെ രണ്ടാമത്തെയോ മൂന്നാമത്തെയോ സിനിമയായിരിക്കും അത്, പക്ഷേ അവര്‍ക്ക് ആ വേഷം അത്രയും അറിയാം എന്നത് ആശ്ചര്യപ്പെടുത്തി എന്നൊരു സ്റ്റേറ്റ്മെന്‍റ് പറഞ്ഞതും ഏറെ ശ്രദ്ധേയമായിരുന്നു.
ഡോണ്‍ സെബാസ്റ്റ്യന്‍ എന്ന ക്രൂരവില്ലന്‍റെ ഭാരം ഒരിടത്തും ചുമക്കാതെയാണ് 'പുണ്യാളന്‍' എന്ന കോമഡി കഥാപാത്രത്തെ സാഗര്‍ സമീപിച്ചിരിക്കുന്നത് എന്നതാണ് ഈ പ്രകടനത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്. ശരീരഭാഷയിലും ഡയലോഗ് ഡെലിവറിയിലും റിയാക്ഷനുകളിലും ഒരേസമയം നര്‍മ്മവും ഊര്‍ജ്ജവും നിലനിര്‍ത്താന്‍ കഴിയുന്ന നടനെന്ന നിലയില്‍ സാഗര്‍ സൂര്യ തന്‍റെ അഭിനയനേതൃത്വപരിധികള്‍ വീണ്ടും വികസിപ്പിക്കുന്നു.
നെഗറ്റീവ് ഷേഡുകളില്‍ പ്രേക്ഷകരെ ഞെട്ടിച്ച നടന്‍ അതേ ആത്മവിശ്വാസത്തോടെ കോമഡി സ്പേസിലേക്ക് കടന്ന് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്നതിലൂടെ, 'വേഴ്സറ്റൈല്‍' എന്ന വിശേഷണം വെറും വാക്കല്ലെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നു. മിനിസ്ക്രീനില്‍ നിന്നുള്ള യാത്രയില്‍ നിന്ന് ശക്തമായ വില്ലന്‍ കഥാപാത്രങ്ങളിലേക്കും അവിടെ നിന്ന് പൂര്‍ണ്ണമായും വിപരീതസ്വഭാവമുള്ള കോമഡിവേഷങ്ങളിലേക്കുമുള്ള ഈ സ്വാഭാവികമാറ്റം, മലയാള സിനിമയില്‍ സാഗര്‍ സൂര്യ എന്ന നടന് മുന്നില്‍ തുറന്നുകിടക്കുന്ന സാധ്യതകളെക്കുറിച്ചുള്ള പ്രതീക്ഷകള്‍ കൂടുതല്‍ ശക്തമാക്കുന്നതാണ്.