Wednesday, 10 June 2026 | 07:58 PM

Interviews

ജീവിതം മാറ്റിമറിച്ച തെറ്റായ വാര്‍ത്ത -കണ്ണൂര്‍ ശ്രീലത

എ.എന്‍. മനയ്ക്കല്‍, 05 May 2026 12:30 PM
ജീവിതം മാറ്റിമറിച്ച തെറ്റായ വാര്‍ത്ത -കണ്ണൂര്‍ ശ്രീലത

 

ലയാള സിനിമയില്‍ പ്രശസ്തി നേടിയ സമയത്താണ് കണ്ണൂരില്‍ ഒരു തെറ്റായ വാര്‍ത്ത പ്രചരിക്കുന്നത്. കണ്ണൂര്‍ ശ്രീലത നിരവധി ആളുകളാല്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു എന്ന വാര്‍ത്തയായിരുന്നു. കണ്ണൂരിലെ ഒരു ഹോട്ടലില്‍ വച്ചാണ് ക്രൂരമായ പീഡനത്തിന് ഇരയായതെന്നും. ഈ വാര്‍ത്ത വന്ന സമയത്ത് ഞാന്‍ എറണാകുളത്ത് 'തമ്മില്‍ തമ്മില്‍' എന്ന സിനിമയുടെ ഷൂട്ടിംഗിലായിരുന്നു. ആ വാര്‍ത്ത വ്യക്തിബന്ധങ്ങളെയും കുടുംബബന്ധങ്ങളെയും ബാധിച്ചു.

എന്‍റെ പേരില്‍ അങ്ങനെ ഒരു തെറ്റായ വാര്‍ത്ത കൊണ്ടുവന്നത് എന്തിനാണെന്ന് ഇപ്പോഴും എനിക്കറിയില്ല. അതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ആരാണെന്നുപോലും. എനിക്കെതിരെ തെറ്റായ വാര്‍ത്ത വന്നതില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ നാടകപ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനവും നടത്തിയിരുന്നു. ആ വാര്‍ത്ത എന്‍റെ ജീവിതത്തില്‍ നല്‍കിയത് 
ഒരുപാട് വേദനകളായിരുന്നു.

ആദ്യവിവാഹം തീര്‍ത്തും പരാജയവും ദുരന്തവുമാണ് സമ്മാനിച്ചതെങ്കില്‍ ഭര്‍ത്താവിന്‍റെ മരണശേഷം ഗായകനും കവിയും എഴുത്തുകാരനും ബാല്യകാല സുഹൃത്തുമായ പ്രകാശനെ വിവാഹം കഴിച്ച് കിഴുത്തള്ളിയില്‍ സന്തോഷത്തോടെ താമസിക്കുന്നു. ഗായിക കൂടിയായ കണ്ണൂര്‍ ശ്രീലത പ്രകാശനോടൊപ്പമാണ് പഴയഗാനങ്ങള്‍ ആലപിക്കുന്നത്.

ഹൃദയം തൊട്ടറിയുന്ന ഗാനങ്ങള്‍

തിരുനയിനാര്‍ കുറിച്ചി എഴുതി തൃശൂര്‍ പി. രാമകൃഷ്ണന്‍ ഈണമിട്ട 1957 ല്‍ പുറത്തിറങ്ങിയ രണ്ടിടങ്ങഴിയിലെ തുമ്പപ്പൂ പെയ്യുന്ന പൂനിലാവേ എന്ന ഗാനം ഞാന്‍ വേദിയില്‍ പാടുമ്പോള്‍ നീണ്ട കരഘോഷമാണ് എപ്പോഴും. പുതുതലമുറയും അതിനെ സ്വാഗതം ചെയ്യുന്നു എന്നറിയുമ്പോള്‍ ഏറെ സന്തോഷം. വയലാര്‍, പി. ഭാസ്ക്കരന്‍ മാഷ്, ഒ.എന്‍.വി. കുറുപ്പ്, ശ്രീകുമാരന്‍ തമ്പി, മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ തുടങ്ങിയവരൊക്കെ എഴുതിയ നല്ല അര്‍ത്ഥമുള്ള ആശയമുള്ള സാഹിത്യഭംഗിയും ഗുണവുമുള്ള പഴയ ഗാനങ്ങള്‍ തന്നെയാണ് എന്തുകൊണ്ടും മലയാളത്തിന്‍റെ മനോഹരഗാനങ്ങള്‍.

ആശ്രയം 'അമ്മ' നല്‍കുന്ന കൈനീട്ടം

പല കഴിവുകളുള്ള പഴയ കാല നടീനടന്മാരില്‍ പലരും സാമ്പത്തികമായി വളരെ കഷ്ടത്തിലാണ്. അമ്മ എന്ന സംഘടന ഇല്ലെങ്കില്‍ പലരുടെയും വീട്ടില്‍ തീപുകയില്ല എന്നാണ് എനിക്ക് തോന്നുന്നത്. അമ്മ നല്‍കുന്ന കൈനീട്ടമാണ് എന്നെപ്പോലുള്ളവരുടെ ഏകാശ്രയം.

മാസം തോറും മരുന്നിന് തന്നെ എത്രകാശ് ചെലവാകുമെന്ന് അറിയാമോ, അതും അമ്മ മാസം തോറും കൃത്യമായി വീട്ടില്‍ എത്തിക്കുന്നു എന്നുള്ളതും ഏറെ ആശ്വാസകരമാണ്.
പുതിയ കഥാകൃത്തുക്കളും തിരക്കഥാകൃത്തുകളും എത്രയോ കഴിവുള്ളവരാണ്. എങ്കിലും എന്നെപ്പോലുള്ളവര്‍ക്ക് അഭിനയിക്കാനുള്ള കഥാപാത്രങ്ങളെ അവര്‍ സൃഷ്ടിക്കുന്നില്ല.

ധാരാളം കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ഇപ്പോഴും ആഗ്രഹമുണ്ട്. സിനിമ, സംവിധായകര്‍, നിര്‍മ്മാതാക്കള്‍, അഭിനേതാക്കള്‍ മറ്റ് അണിയറപ്രവര്‍ത്തകര്‍ ഇവരൊക്കെ തന്നെയാണ് എന്‍റെ നല്ല കുടുംബം. കണ്ണൂര്‍ ശ്രീലത പറഞ്ഞുനിര്‍ത്തി.

എ.എന്‍. മനയ്ക്കല്‍,
ഫോട്ടോ: പുഷ്പജന്‍ തളിപ്പറമ്പ്

Tags
Kannur Sreelatha