അഭിനയമോ വൈദ്യശാസ്ത്രമോ? -ശ്രദ്ധ ഗോകുല്
Highlights
ദൃശ്യം 3 യിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയ ശ്രദ്ധ ഗോകുല്‍ 'നാന'യ്ക്കൊപ്പം...
'ദൃശ്യം' എന്ന സിനിമയിലേക്ക് നിങ്ങള്‍ക്ക് എങ്ങനെയാണ് അവസരം ലഭിക്കുന്നത്? അതിനായി ഓഡിഷനില്‍ പങ്കെടുത്തിരുന്നോ?
ഞാന്‍ 'ദൃശ്യം' സിനിമയുടെ ഭാഗമാകാന്‍ കാരണം 'വലതുവശത്തെ കള്ളന്‍' എന്ന ചിത്രമാണ്. ജീത്തു ജോസഫ് സാര്‍ സംവിധാനം ചെയ്ത, ബിജുമേനോനും ജോജുജോര്‍ജ്ജും പ്രധാന വേഷങ്ങളില്‍ എത്തിയ ആ സിനിമയിലേക്ക് ഞാന്‍ ഒരു ഓഡിഷന്‍ വഴിയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ആ സിനിമയിലെ എന്‍റെ പ്രകടനം കണ്ടിട്ടാണ് ജീത്തു സാര്‍ എന്നെ ദൃശ്യത്തിലെ 'ശ്രേയ' എന്ന കഥാപാത്രത്തിലേക്ക് കാസ്റ്റ് ചെയ്യുന്നത്. ദൃശ്യത്തിനു വേണ്ടി പ്രത്യേകം ഓഡിഷന്‍ ഒന്നും ഉണ്ടായിരുന്നില്ല.
പട്ടം പോലെ, ദൃശ്യം എന്നീ സിനിമകള്‍ക്ക് ഇടയില്‍ ഒരു വലിയ ഇടവേള എടുത്തല്ലോ? എവിടെയായിരുന്നു ഇത്രയും വര്‍ഷങ്ങള്‍?
'പട്ടം പോലെ', അതിനുശേഷം 'ദൃശ്യം' ഇതിനിടയില്‍ വലിയൊരു ഗ്യാപ്പ് ഉണ്ടെന്ന് എനിക്കറിയാം. ഇതിനിടയില്‍ വലതുവശത്തെ കള്ളനില്‍ അഭിനയിച്ചു. ആ ഗ്യാപ്പ് സത്യത്തില്‍ ഞാന്‍ പഠിക്കാന്‍ പോയതായിരുന്നു. മെഡിസിന്‍ (ങലറശരശില) പഠിക്കാന്‍ പോയതുകൊണ്ടാണ് സിനിമയില്‍ നിന്ന് അത്രയും നാള്‍ മാറി നിന്നത്. ആ പഠിത്തത്തിന് വേണ്ടി ഞാന്‍ തന്നെ സ്വയം എടുത്ത ഒരു ഇടവേളയായിരുന്നു അത്. അതുകൊണ്ടാണ് ഇത്രയും വര്‍ഷം എന്നെ സ്ക്രീനില്‍ കാണാതിരുന്നത്.
വലതുവശത്തെ കള്ളന്‍ എന്ന സിനിമയിലേക്ക് താങ്കള്‍ എങ്ങനെയാണ് എത്തിപ്പെടുന്നത്? അതിനുമുമ്പ് അഭിനയപരിചയം ഉണ്ടായിരുന്നോ?
സത്യം പറഞ്ഞാല്‍ പഠിത്തം കഴിഞ്ഞ് നില്‍ക്കുന്ന സമയത്ത് എനിക്ക് ആരോടാണ് ചോദിക്കേണ്ടതെന്നോ, എങ്ങനെയാണ് ഓഡിഷനില്‍ പങ്കെടുക്കേണ്ടതെന്നോ ഉള്ള യാതൊരു ധാരണയും ഉണ്ടായിരുന്നില്ല. ഭാഗ്യത്തിന് എന്‍റെ അയല്‍വാസി ബൈജു അങ്കിള്‍(ബൈജു ദേവരാജ്, ഏഷ്യാനെറ്റ് വൈസ് പ്രസിഡന്‍റ്) വഴിയാണ് ഇതിനൊരു വഴിതുറക്കുന്നത്. അദ്ദേഹത്തിന്‍റെ മകന്‍ അലന്‍, ജീത്തു ജോസഫ് സാറിന്‍റെ ആദ്യചിത്രമായ 'വലതുവശത്തെ കള്ളന്‍' എന്ന സിനിമയില്‍ അസിസ്റ്റന്‍റ് ഡയറക്ടര്‍ ആയി ജോലി ചെയ്യുകയായിരുന്നു. അങ്ങനെ ഒരു ഓഡിഷന്‍ ഉണ്ടെന്ന് അറിഞ്ഞ് ഞാന്‍ പങ്കെടുത്തു.
പങ്കെടുത്തുകഴിഞ്ഞ് രണ്ട് ദിവസത്തിനുള്ളില്‍ സെലക്ട് ആയി എന്നുപറഞ്ഞ് കോള്‍ വന്നു. അങ്ങനെയാണ് ഞാന്‍ സിനിമയിലെത്തുന്നത്. എന്നാല്‍ അതിനുമുമ്പ് ഞാന്‍ അമൃത ടി.വിയിലെ 'സൂപ്പര്‍ ഡാന്‍സര്‍ ജൂനിയര്‍' എന്ന റിയാലിറ്റി ഷോയില്‍ ഫൈനലിസ്റ്റ് ആയിരുന്നു. ആ സമയത്താണ് എന്നെ ഏഷ്യാനെറ്റിലെ 'ഹലോ കുട്ടിച്ചാത്തന്‍' എന്ന പരമ്പരയിലേക്ക് കാസ്റ്റ് ചെയ്യുന്നത്. ഞാനും ഷെയ്ന്‍ നിഗവും നവനീത് മാധവും ഒന്നിച്ച് ആ സീരിയലില്‍ അഭിനയിച്ചിരുന്നു. ബൈജു അങ്കിള്‍ ആയിരുന്നു അതിന്‍റെ പ്രൊഡ്യൂസര്‍. അങ്ങനെയാണ് എന്‍റെ അഭിനയജീവിതത്തിന്‍റെ തുടക്കം.
ജീത്തുജോസഫ്, മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചപ്പോഴുള്ള അനുഭവം എങ്ങനെയായിരുന്നു?
ലാലേട്ടനും ജീത്തു സാറും എല്ലാവരും പറയുന്നതുപോലെ തന്നെ ഒപ്പം വര്‍ക്ക് ചെയ്യാന്‍ വളരെ കംഫര്‍ട്ടബിള്‍ ആയ മനുഷ്യരാണ്. ലാലേട്ടനെപ്പോലെ ഇത്രയും വലിയൊരു വ്യക്തിത്വത്തിന് മുന്നില്‍ നില്‍ക്കുമ്പോള്‍ തുടക്കത്തില്‍ നമുക്ക് ടെന്‍ഷന്‍ ഉണ്ടാകുക സ്വാഭാവികമാണ്. എന്നാല്‍ അദ്ദേഹം കൂടെയുള്ളവരെ പെട്ടെന്ന് കംഫര്‍ട്ടബിള്‍ ആക്കാന്‍ കഴിവുള്ള, വലിയ ജാഡകളൊന്നുമില്ലാത്ത തികച്ചും ലാളിത്യമാര്‍ന്ന ഒരു മനുഷ്യനാണ്. അതുപോലെതന്നെയാണ് ജീത്തു സാറും. വലതുവശത്തെ കള്ളന്‍ ചെയ്യുന്ന സമയത്ത് ജീത്തു ജോസഫ് എന്ന പേര് ഒരു ബ്രാന്‍ഡ് ആയതുകൊണ്ട് എനിക്ക് നല്ല പേടിയുണ്ടായിരുന്നു. എന്നാല്‍ ഒപ്പം വര്‍ക്ക് ചെയ്തപ്പോഴാണ് പുള്ളി എത്രത്തോളം കംഫര്‍ട്ടബിള്‍ ആണെന്ന് മനസ്സിലായത്. രണ്ടുപേര്‍ക്കുമൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് മനോഹരമായ അനുഭവമായിരുന്നു.
ഒരു മെഡിക്കല്‍ കരിയറും സിനിമയും ഒരുമിച്ച് എങ്ങനെ മുന്നോട്ടുകൊണ്ടുപോകാനാണ് തീരുമാനം?
ഇത്രയും കഷ്ടപ്പെട്ട് പഠിച്ചതുകൊണ്ട് മെഡിക്കല്‍ കരിയര്‍ പൂര്‍ണ്ണമായ ഉപേക്ഷിക്കാന്‍ എനിക്ക് താല്‍പ്പര്യമില്ല. അതേസമയം അഭിനയത്തില്‍ നന്നായി ശ്രദ്ധ കേന്ദ്രീകരിക്കണമെന്നുണ്ട്. ഞാന്‍ മെഡിസിന്‍ പഠിക്കാന്‍ പോയപ്പോഴാണ് സിനിമയെ എത്രത്തോളം മിസ്സ് ചെയ്യുന്നുണ്ടെന്ന് തിരിച്ചറിഞ്ഞത്. അതിനുമുമ്പ് ഞാന്‍ അഭിനയത്തെ അത്ര ഗൗരവമായി എടുത്തിരുന്നില്ല. വരുന്നു, അഭിനയിക്കുന്നു, പോകുന്നു എന്ന രീതിയിലായിരുന്നു. എന്നാല്‍ പഠിത്തത്തിനിടയില്‍ ഇടവേളയിലാണ് എനിക്ക് അഭിനയത്തോട് എത്രത്തോളം ഇഷ്ടമുണ്ടെന്ന് ബോധ്യപ്പെട്ടത്. അതുകൊണ്ടുതന്നെ രണ്ടും ബാലന്‍സ് ചെയ്തുകൊണ്ടുപോകാന്‍ ഞാന്‍ പരമാവധി ശ്രമിക്കും. നല്ല അവസരങ്ങള്‍ വന്നാല്‍ തീര്‍ച്ചയായും സിനിമകള്‍ ചെയ്യും.