Friday, 21 August 2026 | 11:43 AM

Interviews

ഗൃഹാതുരത്വത്തിന്‍റെ സ്നേഹപ്പൊതികള്

കാര്‍ത്തിക വത്സന്‍ മാത്യു 17 August 2026 07:46 AM
ഗൃഹാതുരത്വത്തിന്‍റെ സ്നേഹപ്പൊതികള്

Highlights

പൂക്കളത്തിന് നടുവിലെ തൃക്കാക്കര അപ്പനെ നോക്കിയിരിക്കുമ്പോള്‍ പടികടന്നെത്തുന്ന അച്ഛന്‍റെ കാല്‍പ്പെരുമാറ്റം കേള്‍ക്കാം. അച്ഛന്‍റെ കയ്യിലെ കടലാസുപൊതിയിലെ മധുരത്തിലേയ്ക്കായിരിക്കും ആദ്യം മനസ്സ് ഓടിയെത്തുക. തിളച്ചുമറിയുന്ന നാടന്‍ വെളിച്ചെണ്ണയില്‍ കിടന്ന് മൊരിഞ്ഞുകൊണ്ടിരിക്കുന്ന വറുത്തുപ്പേരിയിലേയ്ക്ക് കണ്ണും നട്ട് ഷിജിത റിഷില്‍ പറഞ്ഞു. ഓണത്തിന്‍റെ തിരക്കിനിടയിലും അല്‍പ്പസമയം അവര്‍ മഹിളാരത്നത്തിനായി മാറ്റിവെച്ചു. ഓണസദ്യയില്‍ ഒഴിച്ചുകൂടാനാകാത്ത പലഹാരങ്ങളായ വറുത്തുപ്പേരിയും ശര്‍ക്കരവരട്ടിയും(ശര്‍ക്കര ഉപ്പേരിയും) ജോലിക്കാര്‍ തയ്യാറാക്കുന്നത് വളരെ ശ്രദ്ധയോടെ നോക്കുകയാണ് ഷിജില റിഷില്‍ എന്ന സംരംഭക.

 

പൂക്കളത്തിന് നടുവിലെ തൃക്കാക്കര അപ്പനെ നോക്കിയിരിക്കുമ്പോള്‍ പടികടന്നെത്തുന്ന അച്ഛന്‍റെ കാല്‍പ്പെരുമാറ്റം കേള്‍ക്കാം. അച്ഛന്‍റെ കയ്യിലെ കടലാസുപൊതിയിലെ മധുരത്തിലേയ്ക്കായിരിക്കും ആദ്യം മനസ്സ് ഓടിയെത്തുക.

തിളച്ചുമറിയുന്ന നാടന്‍ വെളിച്ചെണ്ണയില്‍ കിടന്ന് മൊരിഞ്ഞുകൊണ്ടിരിക്കുന്ന വറുത്തുപ്പേരിയിലേയ്ക്ക് കണ്ണും നട്ട് ഷിജിത റിഷില്‍ പറഞ്ഞു. ഓണത്തിന്‍റെ തിരക്കിനിടയിലും അല്‍പ്പസമയം അവര്‍ മഹിളാരത്നത്തിനായി മാറ്റിവെച്ചു.
ഓണസദ്യയില്‍ ഒഴിച്ചുകൂടാനാകാത്ത പലഹാരങ്ങളായ വറുത്തുപ്പേരിയും ശര്‍ക്കരവരട്ടിയും(ശര്‍ക്കര ഉപ്പേരിയും) ജോലിക്കാര്‍ തയ്യാറാക്കുന്നത് വളരെ ശ്രദ്ധയോടെ നോക്കുകയാണ് ഷിജില റിഷില്‍ എന്ന സംരംഭക.

ഓണസദ്യയിലെ ഇലയില്‍ വിളമ്പുന്ന മധുരവും മൊരിഞ്ഞ രുചിയും ചേര്‍ന്ന ശര്‍ക്കര ഉപ്പേരിയുടെ സ്വാദ് സദ്യക്ക് മാറ്റുകൂട്ടുന്നു.

നേന്ത്രക്കായ തൊലികളഞ്ഞ് കഷണങ്ങളാക്കി വെളിച്ചെണ്ണയില്‍ വറുത്തെടുക്കുന്നു. ഇതിലേക്ക് പാകത്തിന് ഉരുക്കിയ ശര്‍ക്കരപ്പാനി ചേര്‍ത്ത് ഇളക്കി, ശര്‍ക്കര കഷണങ്ങളില്‍ നന്നായി പുരണ്ട് പിടിക്കുമ്പോള്‍ കുരുമുളക്, ജീരകം, ചുക്ക്, ഏലയ്ക്ക എന്നിവയുടെ പൊടികള്‍ വിതറിയാണ് ശര്‍ക്കര ഉപ്പേരിയുടെ സ്വാദ് വര്‍ദ്ധിപ്പിക്കുന്നത്.

നേന്ത്രക്കായ അരിഞ്ഞ് മഞ്ഞള്‍പ്പൊടിയും ഉപ്പും വെള്ളവും ചേര്‍ത്ത് വെളിച്ചെണ്ണയില്‍ വറുത്തെടുത്ത വറുത്തുപ്പേരിയും ലോകമലയാളികളുടെ ഗൃഹാതുരത്വത്തിന്‍റെ രുചിമുകുളങ്ങളെ തൊട്ടുണര്‍ത്തുന്നതാണ്.
അച്ഛന്‍ വരുമ്പോള്‍ കൊണ്ടുവരുന്ന പലഹാരപ്പൊതികളില്‍ അധികവും ഹലുവയും പിന്നെ ശര്‍ക്കര ഉപ്പേരിയും വറുത്തുപ്പേരിയുമായിരിക്കും.

കാലം കടന്നുപോയി. മുതിര്‍ന്നപ്പോള്‍ അച്ഛന്‍റെ കൂടെ മിഠായിത്തെരുവിലൂടെ നടന്നുപോകുമ്പോള്‍ അച്ഛന്‍ ആ ബേക്കറിയിലേക്ക് കയറി പലഹാരങ്ങള്‍ വാങ്ങി. 

നൂറുവര്‍ഷത്തിലധികം പഴക്കമുള്ള ബേക്കറിയാണിത്. ചന്തുക്കുട്ടി എന്നയാള്‍ തുടങ്ങിവെച്ച ബേക്കറിയാണ്. പിന്നീട് മകന്‍ പ്രകാശനും പ്രകാശനുശേഷം പ്രകാശന്‍റെ മകന്‍ റിഷിലുമാണ് ഈ കട നടത്തിവരുന്നത്. ശുദ്ധമായ വെളിച്ചെണ്ണയിലാണ് ഇവിടെ പലഹാരങ്ങള്‍ ഉണ്ടാകുന്നത്. ചിപ്സിനും ഹലുവയ്ക്കും ഏറെ ആവശ്യക്കാരാണ്. കോഴിക്കോടന്‍ ഹലുവയെ ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തിയത് ഇവരാണ് എന്നുകൂടി അച്ഛന്‍ പറഞ്ഞപ്പോഴും സ്വപ്നത്തില്‍ പോലും ഞാനൊരു ബേക്കറിരംഗത്ത് എത്തുമെന്ന് വിചാരിച്ചില്ല.

ഞങ്ങള്‍ മലബാറുകാര്‍ക്ക് പ്രത്യേകിച്ച് കോഴിക്കോടുകാര്‍ക്ക് ആതിഥ്യമര്യാദ കൂടുതലാണല്ലോ. ഈ നഗരത്തില്‍ ഒരു പ്രാവശ്യമെങ്കിലും വന്നാല്‍ ഇവിടേക്ക് വീണ്ടും വരാന്‍ പ്രേരിപ്പിക്കുന്നതും ഇവിടം വിട്ടുപോകാതിരിക്കാന്‍ മനസ്സ് മന്ത്രിക്കുന്നതുമെല്ലാം ഞങ്ങളുടെ ആതിഥ്യമര്യാദ കൊണ്ടുതന്നെയാണ്.
സ്നേഹബന്ധങ്ങള്‍ കൂട്ടിയുറപ്പിക്കാന്‍ ഭക്ഷണത്തിന്‍റെ രുചിക്കൂട്ടിലൂടെ കഴിയുമെന്ന് തെളിയിച്ച സാമൂതിരിയുടെ പ്രജകള്‍ക്ക് ആതിഥ്യമര്യാദയെക്കുറിച്ചല്ലാതെ എന്തുപറയാനാണ്.

ശ്രീധരന്‍റേയും നിര്‍മ്മലയുടേയും മൂന്ന് മക്കളില്‍ ഇളയവളാണ് ഞാന്‍. കോളേജില്‍  പഠിക്കുമ്പോഴെല്ലാം സര്‍ക്കാര്‍ജോലി ഒന്നും മോഹിച്ചില്ലെങ്കിലും ഏതെങ്കിലും ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യണം അമ്മയ്ക്കും അച്ഛനും ഒരു സഹായകമാകണം അത്രയേ ചിന്തിച്ചുള്ളൂ. പഠനശേഷമാണ് വിവാഹാലോചനകള്‍ വന്നത്.

അങ്ങനെ 2006 ല്‍ ഞാന്‍ വിവാഹിതയായി. വരന്‍ റിഷില്‍ കടപ്പമണ്ണില്‍. പെണ്ണുകാണല്‍ ചടങ്ങിലാണ് ഞാന്‍ അറിയുന്നത് കോഴിക്കോട്ടെ ബേക്കറിരംഗത്ത് പാരമ്പര്യമുള്ള ശങ്കരന്‍ ബേക്കറി പ്രകാശന്‍റെ മകന്‍ റിഷിലാണ് പെണ്ണുകാണാന്‍ വന്നത് എന്ന്. കേട്ടപ്പോള്‍ തന്നെ കുട്ടിക്കാലം മുതല്‍ക്കേ രസമുകുളങ്ങള്‍ പടര്‍ന്നുകയറിയ ശര്‍ക്കര ഉപ്പേരിയും വറുത്തുപ്പേരിയും ഹലുവയും അച്ഛന്‍ കൊണ്ടുവന്നിരുന്ന കടലാസുപൊതികളിലെ മധുരപലഹാരങ്ങളുമെല്ലാം മനസ്സിലൂടെ കടന്നുപോയി. 

വിവാഹത്തിനുശേഷം എത്ര തിരക്കാണെങ്കിലും എന്‍റെയും മക്കളുടെയും ഒരു കാര്യത്തിലും അദ്ദേഹം ഇന്നുവരെ ഒരു കുറവും വരുത്തിയിട്ടില്ല. ഓണമായാലും ഏതൊരു ആഘോഷമായാലും ഉണ്ണാന്‍ സമയമാകുമ്പോള്‍ ഏട്ടന്‍ വീട്ടിലെത്തും. എല്ലാവരും ഒന്നിച്ചാണ് ഭക്ഷണം കഴിക്കാറ്.

ഞങ്ങള്‍ക്ക് രണ്ട് മക്കളാണ്. ബി.ബി.എ വിദ്യാര്‍ത്ഥിയായ റോഷന്‍ റിഷിലും പ്ലസ് ടു വിദ്യാര്‍ത്ഥിയായ രാഹുല്‍ റിഷിലും. റോഷന്‍ ഗായകന്‍ കൂടിയാണ്. റിമി ടോമിയോടൊപ്പവും സിത്താരയോടൊപ്പവുമെല്ലാം ആല്‍ബങ്ങളില്‍ പാടിയിട്ടുണ്ട്.

സ്വന്തമായി ഒരു ബിസിനസ്സ്, ഒരുപാടുപേര്‍ക്ക് ജോലി കൊടുക്കാന്‍ കഴിയണം. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്. എല്ലാ ആവശ്യങ്ങള്‍ക്കും ഭര്‍ത്താവിനോടോ, മക്കളോടോ, അച്ഛനോടോ ഒക്കെ കൈനീട്ടാതെ സ്വന്തം വരുമാനത്തില്‍ അഭിമാനിക്കാന്‍ ഓരോ സ്ത്രീയേയും പ്രാപ്തരാക്കണം എന്ന ചിന്ത മനസ്സിലൂടെ കടന്നുപോയപ്പോള്‍ അത് പങ്കുവച്ചു. അങ്ങനെ നഗരത്തില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ അകലെ വളയനാട് ദേവീക്ഷേത്രത്തിനടുത്തായി ഗോവിന്ദപുരത്ത് കാലിക്കറ്റ് പ്രകാശ് ബേക്കറി ആരംഭിച്ചു.

അപ്പോള്‍ ഏട്ടനും കട്ടയ്ക്ക് സപ്പോര്‍ട്ട്. മക്കളും റെഡി. പിന്നെ ഒന്നും ആലോചിച്ചില്ല. ബിസിനസ് രംഗത്തേയ്ക്ക് കടക്കാന്‍ തന്നെ തീരുമാനിച്ചു. ഞങ്ങള്‍ കോഴിക്കോടുകാര്‍ പരസ്പരം സ്നേഹം കൈമാറുമ്പോഴും കയ്യില്‍ സ്നേഹത്തിന്‍റെ ഒരു മധുരപ്പൊതി കൈമാറാന്‍ മറക്കാറില്ല. എല്ലാവര്‍ക്കും ഓണത്തിന്‍റെ മധുരാശംസകള്‍.

 

Tags
onam 2026 MAHILARATHNAM