Interviews
തിയേറ്ററില്‍ തന്‍റെ പേര് എഴുതിക്കാണിക്കുന്നതായി സ്വപ്നം കണ്ടിട്ടുണ്ട്, written and directed by ജിത്തു സതീശന്‍ മംഗലത്ത്!! അത് സംഭവിച്ചു. ആ ടൈറ്റില്‍ കാര്‍ഡിന്‍റെ സമയത്ത് കയ്യടികള്‍ വന്നു. ആ മൊമന്‍റ്. ഹാ...
രജനികൃഷ്ണ
29 July 2026 06:54 AM
Highlights
വൈക്കം, ചെമ്പ് പഞ്ചായത്തിലെ മുറിഞ്ഞപുഴ എന്ന സ്ഥലത്ത്, ഉപയോഗശൂന്യമായ, കാല്‍ നടയ്ക്ക് മാത്രം ആളുകള്‍ സഞ്ചരിക്കുന്ന ഒരു പാലമുണ്ട്- ദി ഓള്‍ഡ് മുറിഞ്ഞപുഴ ബ്രിഡ്ജ്. നാനയുടെ ഇന്‍റര്‍വ്യൂ സംബന്ധിച്ച് 11 മണിയോടെ ടൂ വീലറില്‍ ഒരു ചെറുപ്പക്കാരന്‍ എത്തുന്നു. നിലവില്‍, താരങ്ങളുടെ സിനിമകള്‍ അരങ്ങുവാണിരുന്ന മലയാളസിനിമ മേഖലയിലേയ്ക്ക് ഒച്ചയും ബഹളവും ഇല്ലാതെ സംഭവം എന്ന കൊച്ചുസിനിമയെ എത്തിച്ച്, ഇന്ന് അതിഗംഭീരസിനിമകളില്‍ ഒന്നായി അന്യഭാഷക്കാര്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യുന്ന കലാസൃഷ്ടിയുടെ ക്രാഫ്റ്റ്മാന്‍- ജിത്തു സതീശന്‍ മംഗലത്ത്.
നമുക്ക് മുന്നിലുള്ള എന്തും അവസരങ്ങളാണ്, പരിമിതികള്‍ അല്ല
സിനിമ അതിന്‍റെ ഏറ്റവും ഡയനാമിക് ആയ വഴിയിലൂടെ ആണ് പോകുന്നത്. ഇവിടെ സിനിമയില്‍ വര്‍ക്ക് ചെയ്തവര്‍ക്കുപോലും വലിയ താരങ്ങളിലേക്ക് എത്തിപ്പെടാന്‍ പറ്റുന്നില്ല. ആഗ്രഹിക്കുന്ന ബഡ്ജറ്റ് കിട്ടുന്നില്ല. അപ്പൊ, പിന്നെ, ഒരു പരിചയവും ഇല്ലാത്ത ഒരാളുടെ കാര്യം പറയണ്ട!! പക്ഷേ, എനിക്ക് ഇവയൊന്നും പരിമിതികള്‍ ആയിരുന്നില്ല. അവസരങ്ങള്‍ ആയിരുന്നു. ഏറ്റവും ചുരുങ്ങിയ ചെലവില്‍, ഏറ്റവും ചുരുങ്ങിയ അഭിനേതാക്കളെ വെച്ച് ചെയ്യാം എന്ന തീരുമാനം ഞാന്‍ എടുത്തത് ഇതുകൊണ്ടാണ്.
സംഭവം സംഭവം ആയി
സിനിമ ചെയ്തെടുത്തത് ഒരു കുടില്‍ വ്യവസായം പോലെ ആം്. നാട്ടുകാരെയും, ഷോര്‍ട്ട് ഫിലിമില്‍ ഉണ്ടായിരുന്ന ആളുകളെക്കൊണ്ടുതന്നെ അഭിനയിപ്പിച്ചു. അടുത്തടുത്തതായി ഞങ്ങള്‍ കുറച്ച് പുതിയ ആളുകള്‍ വീടുകളില്‍ ഇരുന്ന് വര്‍ക്ക് ചെയ്തു. അമ്മയും ഭാര്യയും ഉച്ചയ്ക്ക് ഭക്ഷണം എത്തിക്കും. ഉറക്കം ഇല്ലാതെ വര്‍ക്ക് ചെയ്തു. സിനിമ ഇറങ്ങുന്ന അന്ന് ടെന്‍ഷന്‍ ഉണ്ടായിരുന്നു. ടാര്‍ഗറ്റ് ഓഡിയന്‍സ് ഉണ്ടായിരുന്നു. എല്ലാവര്‍ക്കും മനസ്സിലാകുന്ന ഒരു ജോണര്‍ ആയിരുന്നില്ല ടൈം ലൂപ്/ ട്രാവല്‍ എന്നത്. പക്ഷേ, സിനിമ ഇറങ്ങി, അന്നേദിവസം വൈകുന്നേരം തൊട്ട് അഭിപ്രായങ്ങള്‍ കയറി. സിനിമയ്ക്ക് ആള് കൂടി. തിയേറ്ററുകള്‍ ഫുള്‍ ആയി. എല്ലാ വെള്ളിയാഴ്ചകളിലും സിനിമ കണ്ടുകഴിഞ്ഞു. തിയേറ്ററില്‍ എഴുതി ക്കാണുന്നതായി സ്വപ്നം കണ്ടിട്ടുണ്ട്,written and directed by ജിത്തു സതീശന്‍ മംഗലത്ത്!! അത് സംഭവിച്ചു. ആ ടൈറ്റില്‍ കാര്‍ഡിന്‍റെ സമയത്ത് കയ്യടികള്‍ വന്നു. ആ മൊമന്‍റ്. ഹാ...
അംഗീകാരങ്ങളുടെ കുത്തൊഴുക്ക്
സിനിമ ഇറങ്ങിയ അന്ന് ആസിഫ് അലി സിനിമ കാണാന്‍ എത്തി. അദ്ദേഹം കൈതന്നു നന്നായിട്ടുണ്ട് എന്നുപറഞ്ഞ മൊമെന്‍റ് വലുതായിരുന്നു. സിനിമ ഇറങ്ങുന്നതിന് മുമ്പ്, കളങ്കാവല്‍ സംവിധായകന്‍ ജിതിന്‍ കണ്ടിട്ട്, 'എടാ പടം പൊളിക്കും' എന്ന് അഭിപ്രായപ്പെട്ടിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ സ്റ്റോറി ഇട്ടു. മിഥുന്‍ മാനുവല്‍ പോലുള്ള പല സംവിധായകര്‍ വിളിച്ചു. തരുണ്‍മൂര്‍ത്തി 'എന്‍റെ അയല്‍ക്കാരന്‍റെ സിനിമ, തുടക്കം കുറിക്കുമ്പോള്‍ ഇങ്ങനെവേണം ചെയ്യാന്‍' എന്ന് അഭിപ്രായം എഴുതി ഇട്ടു. സംഭവം ഹോട്ട് സ്റ്റാര്‍ എടുത്തതോടെ, അന്യഭാഷാ ആരാധര്‍ ഏറി. ഹിന്ദിയിലും തെലുങ്കിലും റിവ്യു എത്തുന്നു. മലയാളത്തിലെ ബെസ്റ്റ് സ്ക്രിപ്റ്റ് എന്നൊക്കെ പറഞ്ഞു ഷെയര്‍ ചെയ്യുമ്പോള്‍ സ്വയം അഭിമാനം തോന്നാറുണ്ട്. വലിയ താരങ്ങളുടെ സിനിമ അരങ്ങുവാഴുന്ന അടുത്ത്, ചെറിയ പടങ്ങള്‍ വിജയിക്കും എന്ന തിയറി ഇവിടെ സിനിമ ആഗ്രഹിച്ചിറങ്ങുന്ന പുതിയ ആളുകള്‍ക്ക് ഒരു പാഠം ആണ് എന്ന മട്ടില്‍ പലരും പറഞ്ഞു. അത്തരം ഒരു വഴിത്തിരിവിന്‍റെ ഭാഗം ആകാന്‍ ആയത് സന്തോഷം!!
ഫ്യൂച്ചര്‍ പ്ലാന്‍
രണ്ടാമത്തെ സിനിമയ്ക്ക് ഉള്ള പ്ലാനിംഗ് നടക്കുന്നു. ആദ്യസിനിമയെക്കാള്‍ വെല്ലുവിളി ആണ് രണ്ടാമത്തെ സിനിമ. ആദ്യസിനിമ ഇത്രമേല്‍ പ്രശംസ പറ്റിയത് കൊണ്ടുതന്നെ. രണ്ടാമത്തേയും നല്ലതാക്കണം എന്നൊരു ഉത്തരവാദിത്വം ഉണ്ട്. സംഭവം അധ്യായം രണ്ടും പ്ലാനിംഗ് ഉണ്ട്.