Sunday, 26 July 2026 | 12:04 PM

Latest

ബിഗ് ബജറ്റ് മാസ് എന്റർടൈനറുമായി മമ്മൂക്ക; ഒൻപതാം ചിത്രവുമായി മമ്മൂട്ടി കമ്പനി, പത്താമത് ഫാമിലി ഡ്രാമ

സുരേഷ് വണ്ടന്നൂർ 10 July 2026 05:59 AM
ബിഗ് ബജറ്റ് മാസ് എന്റർടൈനറുമായി മമ്മൂക്ക; ഒൻപതാം ചിത്രവുമായി മമ്മൂട്ടി കമ്പനി, പത്താമത് ഫാമിലി ഡ്രാമ

Highlights

 മമ്മൂട്ടി കമ്പനി നിർമ്മിക്കുന്നതിൽ വച്ച് ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും ഇത്.

​കളങ്കാവൽ' എന്ന ഇൻഡസ്ട്രി ഹിറ്റിന് ശേഷം മമ്മൂട്ടി കമ്പനിയുടെ വമ്പൻ പ്രൊജക്റ്റുകൾ അണിയറയിൽ ഒരുങ്ങുന്നു. മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി 'ഫാലിമി', 'തലൈവർ തമ്പി തലൈമയിൽ' എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ നിതീഷ് സഹദേവ് ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ പൂജ കൊച്ചിയിൽ നടന്നു. കുംഭകോണത്ത് പശ്ചാത്തലമാകുന്ന ചിത്രത്തിന്റെ ചിത്രീകരണം ജൂലൈ 23-ന് ആരംഭിക്കും. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്നതിൽ വച്ച് ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും ഇത്.
​തിരുവനന്തപുരം സ്ലാങ്ങിൽ മാസ് ഗ്യാങ്സ്റ്ററായി മമ്മൂക്ക!
​നാടൻ തല്ലും ഡാർക്ക് ഹ്യൂമറും നിറഞ്ഞ ഒരു ഫുൾ ലെങ്ത് മാസ് എന്റർടൈനറായാണ് ഈ ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിൽ മമ്മൂട്ടി ഒരു ലോക്കൽ ഗ്യാങ്സ്റ്റർ ലുക്കിലാണ് എത്തുന്നതെന്നാണ് സൂചന. തിരുവനന്തപുരം-നാഗർകോവിൽ ബോർഡർ സ്ലാങ്ങിലാണ് താരം ചിത്രത്തിൽ സംസാരിക്കുക. സംവിധായകൻ നിതീഷ് സഹദേവും അനുരാജ് ഒ.ബിയും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.
​വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ സംവിധായകൻ അൽഫോൺസ് പുത്രനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 100 ദിവസത്തെ ഷെഡ്യൂളാണ് ചിത്രത്തിനായി പ്ലാൻ ചെയ്തിരിക്കുന്നത്. ജിംഷി ഖാലിദ് ഛായാഗ്രഹണവും വിഷ്ണു വിജയ് സംഗീതവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹനാണ്.
​മമ്മൂട്ടി കമ്പനിയുടെ പത്താം ചിത്രത്തിൽ നവാഗതൻ ഷിബിൻ മുരുകേഷ്; നായികയ്ക്കായി കാസ്റ്റിംഗ് കോൾ!
​ഒൻപതാം ചിത്രത്തിന് പുറമേ, മമ്മൂട്ടി കമ്പനിയുടെ പത്താമത്തെ പ്രൊജക്റ്റും പ്രഖ്യാപനത്തിനൊരുങ്ങുകയാണ്. 'തണ്ണീർമത്തൻ ദിനങ്ങൾ', 'പ്രേമലു' തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ സഹസംവിധായകനായിരുന്ന ഷിബിൻ മുരുകേഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കോമഡിക്ക് പ്രാധാന്യമുള്ള ഒരു ഫാമിലി ഡ്രാമയായിരിക്കും ഇത്.
​ചിത്രത്തിലേക്ക് 30-നും 35-നും ഇടയിൽ പ്രായമുള്ള, തമിഴ് നന്നായി സംസാരിക്കാനറിയാവുന്ന നായികയെ തേടി മമ്മൂട്ടി കമ്പനി കാസ്റ്റിംഗ് കാളും പുറത്തുവിട്ടിട്ടുണ്ട്. മലയാളത്തിലും തമിഴിലും ഒരേപോലെ തിളങ്ങാൻ കഴിയുന്ന പുതുമുഖങ്ങൾക്കാണ് മുൻഗണന.