അഭിനയത്തിന്‍റെ ഏറ്റവും വലിയ അടിത്തറ എന്നുപറയുന്നത് ഒബ്സര്‍വേഷനാണ്... -വിനയ ജെ.പി
Highlights
അഭിനയരംഗത്തേക്ക് ശ്രദ്ധപതിപ്പിക്കുന്ന 'വിനയ' 'നാന'യ്ക്കൊപ്പം
കുട്ടിക്കാലത്ത് സ്ക്കൂളില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ ഏതെങ്കിലുമൊരു ടീച്ചര്‍ ചോദിക്കാതിരിക്കില്ല. മുതിര്‍ന്ന് വലുതായി കഴിയുമ്പോള്‍ നിങ്ങള്‍ക്ക് ആരാകണമെന്നാണ് ആഗ്രഹമെന്ന്. ഓരോ വിദ്യാര്‍ത്ഥിയും അവരുടെ ആഗ്രഹം പറയുകയും ചെയ്യും.
ചെറുപ്പം മുതലെ വിനയയുടെ മനസ്സിലുണ്ടായിരുന്ന ഒരാഗ്രഹമായിരുന്നു മുതിര്‍ന്നു കഴിയുമ്പോള്‍ ഒന്നുകില്‍ സിനിമാനടിയാകണം, അല്ലെങ്കില്‍ ടീച്ചറാകണം എന്ന്.
മനസ്സിലെ ആ ആഗ്രഹം പോലെ തന്നെ വിനയ സിനിമയിലെത്തിയിരിക്കുന്നു. 'പ്രീഡിഗ്രി ഒരു ചെറിയ ഡിഗ്രി അല്ല' (P.D.C) എന്ന സിനിമയിലൂടെയാണ് തുടക്കം. ഒരു ആഡ് ഫിലിമില്‍ കൂടെ അഭിനയിച്ച സഹപ്രവര്‍ത്തകന്‍ ഈ സിനിമയിലേയ്ക്ക് എന്നെ റഫര്‍ ചെയ്തതുവഴിയാണ് ആ അവസരം കൈവന്നതെന്ന് വിനയ പറഞ്ഞു.
ആദ്യസിനിമയില്‍ എന്തായിരുന്നു കഥാപാത്രം?
മിനി എന്നൊരു ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറായിട്ടാണ് ആ സിനിമയില്‍ ഞാനഭിനയിച്ചത്. റാഫി മതിരയായിരുന്നു ഡയറക്ടര്‍. ജോണി ആന്‍റണി, ബിനു പപ്പു, മഞ്ജു പത്രോസ്, വീണാനായര്‍ തുടങ്ങിയവര്‍ക്കൊപ്പം അഭിനയിച്ചു. ഒരഭിനേത്രി എന്ന നിലയില്‍ എനിക്ക് അതെല്ലാം വലിയ സന്തോഷം തന്ന നിമിഷങ്ങളാണ്.
തുടര്‍ന്ന് അഭിനയിച്ച സിനിമകള്‍?
രണ്ടാമത് അഭിനയിച്ച സിനിമ സുനില്‍ സുബ്രഹ്മണ്യം സംവിധാനം ചെയ്ത 'ഒടിയങ്കം' ആയിരുന്നു. ഒടിയന്‍റെ പിറവി എങ്ങനെയാണ്, എന്താണ് എന്ന് കാണിച്ചുതരുന്ന ഒരു സിനിമയായിരുന്നു അത്. മൂന്ന് നായികമാരില്‍ ഒരു നായിക ഞാനായിരുന്നു. ചിന്നു എന്നാണ് എന്‍റെ കഥാപാത്രത്തിന്‍റെ പേര്. സുജേഷ് സംവിധാനം ചെയ്ത 'ആരംഭ'മാണ് എന്‍റെ മറ്റൊരു ചിത്രം. അത് റിലീസാകാന്‍ പോകുന്നതേയുള്ളൂ. തമിഴ് സിനിമയിലെ നായികനടി കുഷ്ബുവിന്‍റെ മകള്‍ അവന്തിക സുന്ദര്‍ ആദ്യമായി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ഒരു സിനിമയാണിതെന്ന ഒരു പ്രത്യേകതയും 'ആരംഭ'ത്തിനുണ്ട്.
പഠിക്കുന്ന കാലത്ത് കലാമത്സരങ്ങളില്‍ പങ്കെടുക്കുമായിരുന്നോ..?
തീര്‍ച്ചയായും പങ്കെടുക്കുമായിരുന്നു. ഞാന്‍ പഠിത്തത്തില്‍ ഒരു ആവറേജ് സ്റ്റുഡന്‍റായിരുന്നു. എനിക്കേറ്റവും കൂടുതലിഷ്ടം കലാപരമായ കാര്യങ്ങള്‍ തന്നെയായിരുന്നു. ഡാന്‍സ്, പാട്ട്, അഭിനയം.. ഇതൊക്കെയായിരുന്നു എന്‍റെ ഇഷ്ടങ്ങള്‍. അതുകൊണ്ടുതന്നെ ഇതിലെല്ലാം ഞാന്‍ പങ്കെടുക്കുകയും എപ്പോഴും ഫസ്റ്റ് പ്രൈസ് തന്നെ നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്.
അഭിനയത്തിന്‍റെ അടിത്തറ എന്നുപറയുന്നത് എന്താണ്?
അഭിനയത്തിന്‍റെ ഏറ്റവും വലിയ അടിത്തറ എന്നുപറയുന്നത് ഒബ്സര്‍വേഷനാണ്. നമ്മുടെ ചുറ്റുമുള്ള ആളുകളുടെ പെരുമാറ്റം, സംസാരരീതി, നടത്തം, ബോഡി ലാംഗ്വേജ്, ഫെയ്സ് എക്സ്പ്രഷന്‍, അവരുടെയൊക്കെ ഹാബിറ്റ്, ദേഷ്യം, സങ്കടം, സന്തോഷം... തുടങ്ങിയ വികാരങ്ങള്‍, അതെല്ലാം അവര്‍ എക്സ്പ്രസ് ചെയ്യുന്ന രീതി.. ഇതെല്ലാം ശ്രദ്ധയോടെ നിരീക്ഷിക്കാന്‍ ഞാന്‍ മിക്കപ്പോഴും ശ്രമിച്ചിട്ടുണ്ട്. ഇത്തരം നിരീക്ഷണപാടവമാണ് ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുവാന്‍ കഴിയുന്നതെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
പുതിയ സിനിമയുടെ കഥയും കഥാപാത്രത്തെക്കുറിച്ചും ആദ്യമറിയുമ്പോള്‍ ആ വേഷം എങ്ങനെ ചെയ്യണം എന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കാറുണ്ടോ?
തീര്‍ച്ചയായും ചെയ്യാറുണ്ട്. ആദ്യം തന്നെ സ്റ്റോറി കേള്‍ക്കുമ്പോള്‍ ഇന്ന കഥാപാത്രത്തിനുവേണ്ടിയാണ് നിങ്ങളെ കാസ്റ്റ് ചെയ്യുന്നതെന്ന് അവര്‍ പറയും. അപ്പോള്‍തന്നെ ആ കഥാപാത്രം നമ്മള്‍ ഉള്‍ക്കൊള്ളണം എന്നതാണ് ഏറ്റവും വലിയ കാര്യം. എന്‍റെ സംസാരരീതിയും നടത്തവും ഒന്നും അ കഥാപാത്രത്തിലുണ്ടാകരുത്. അക്കാര്യം ഞാന്‍ എന്‍റെ സിനിമകള്‍ ചെയ്തപ്പോഴെല്ലാം വളരെ ശ്രദ്ധിച്ചിട്ടുള്ളതുമാണ്. അതിന്‍റെ തയ്യാറെടുപ്പുകള്‍ വേണ്ടുവോളം നടത്തിയിട്ടുതന്നെയാണ് ഞാന്‍ സിനിമാസെറ്റിലേക്ക് എത്തിയിട്ടുള്ളത്.
ഈ വര്‍ഷത്തെ ഓണം എങ്ങനെ..? എവിടെയായിരിക്കും?
ഈ വര്‍ഷമെന്നല്ല, എല്ലാവര്‍ഷവും ഞാന്‍ ഓണം ആഘോഷിക്കുന്നത് എന്‍റെ അച്ഛന്‍റെയും അമ്മയുടെയും കൂടെ തന്നെയാണ്. അതിനൊരു മാറ്റവും ഉണ്ടാകാറില്ല. കാരണം അത് അമ്മയ്ക്ക് വളരെ നിര്‍ബന്ധമുള്ള ഒരു കാര്യമാണ്. എത്ര തിരക്കുള്ള സമയമാണെങ്കിലും ഓണക്കാലത്ത് എവിടെ പോയിരുന്നാലും ഓണ ദിനത്തില്‍ വീട്ടിലുണ്ടായിരിക്കണമെന്നത് അമ്മയുടെ നിര്‍ബന്ധം തന്നെയാണ്. ഈ വര്‍ഷവും അത് അങ്ങനെതന്നെയായിരിക്കും. സാധാരണ പോലെയുള്ള ഓണാഘോഷങ്ങള്‍ മാത്രം.- വിനയ ജെ.പി പറയുകയുണ്ടായി.