ആദി ദ്രാവിഡർ വിദ്യാത്ഥികളുടെ ഹോസ്റ്റലിൽ മിന്നൽ പരിശോധന നടത്തിയ 'ദളപതി' വിജയ്
Highlights
ഹോസ്റ്റലിൽ നൽകുന്ന ഭക്ഷണത്തിൽ പുഴുക്കളെ കിട്ടുന്നത് പതിവാണെന്നും, ഭക്ഷണത്തിന് ഗുണമേന്മയില്ലെന്നുമുള്ള പരാതികളാണ് മിക്ക വിദ്യാർഥികളു ആദ്യം ഉന്നയിച്ചത്
'ദളപതി' വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായതിനെ തുടർന്ന് ആരും പ്രതീക്ഷിക്കാത്ത തരത്തിലുള്ള പല നടപടികളാണ് സ്വീകരിച്ച് വരുന്നത്. അതിന്റെ ഭാഗമായി ഇന്നലെ ചെന്നൈ സൈദാപ്പേട്ടയിൽ ആദി ദ്രാവിഡർ വിദ്യാർഥികൾക്കായുള്ള എം.സി.രാജ ഹോസ്റ്റലിൽ മിന്നൽ പരിശോധന നടത്തി. മുഖ്യമന്ത്രി ജോസഫ് വിജയ്‌യെ കണ്ടതോടെ വിദ്യാർഥികൾ തങ്ങളുടെ പരാതികൾ നിരത്തിവെച്ചു.
മുഖ്യമന്ത്രി ജോസഫ് വിജയ്‌യെ അപ്രതീക്ഷിതമായി ഹോസ്റ്റലിൽ കണ്ടതോടെ വിദ്യാർത്ഥികൾ തങ്ങൾ നേരിടുന്ന ദുരനുഭവങ്ങൾ വിശദീകരിക്കാൻ തുടങ്ങി! ഭൂരിപക്ഷവും ഭക്ഷണവുമായി ബന്ധപ്പെട്ട പരാതികളായിരുന്നു. ഹോസ്റ്റലിൽ നൽകുന്ന ഭക്ഷണത്തിൽ പുഴുക്കളെ കിട്ടുന്നത് പതിവാണെന്നും, ഭക്ഷണത്തിന് ഗുണമേന്മയില്ലെന്നുമുള്ള പരാതികളാണ് മിക്ക വിദ്യാർഥികളു ആദ്യം ഉന്നയിച്ചത്. അതുപോലെ വെള്ള ക്ഷാമം, വൃത്തിയില്ലാത്ത കുളിമുറികൾ, ജീവനക്കാരുടെ കുറവ്, വൃത്തിയില്ലാത്ത അടുക്കള, ജോലിക്കാർ തുടങ്ങിയ പരാതികളും വിദ്യാർഥികൾ ഉന്നയിച്ചു എന്നാണ് റിപ്പോർട്ട്. പി.എസ്.സി', യു.പി.എസ്.സി പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഒട്ടേറെ വിദ്യാർഥികൾ താമസിക്കുന്ന ഹോസ്റ്റലിൽ രാത്രി 9.30-ന് ഗേറ്റ് അടക്കുന്നതിന്റെ പ്രശ്നവും ചിലർ ചൂണ്ടിക്കാട്ടി. ഇതുകാരണം രാത്രി വൈകി പരിശീലനക്ലാസ് കഴിഞ്ഞെത്തുന്നവർ സമീപത്തെ പാർക്കുകളിൽ കൊതുക് കടി കൊണ്ടാണ് ഉറങ്ങാറുള്ളതെന്നും മുഖ്യമന്ത്രിയുടെ അടുക്കൽ പരാതിപ്പെട്ടു. ഈ പരാതികളുടെ അടിസ്ഥാനത്തിൽ ഉടനെ തന്നെ ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പു നൽകിയതിന് ശേഷമാണ് 'ദളപതി' വിജയ് അവിടെ നിന്ന് പുറപ്പെട്ടത്.