Saturday, 25 July 2026 | 11:29 PM

Latest

ഉണരുണരൂ ഗന്ധർവ്വഗായികേ... കാലപ്രവാഹത്തിൽ ലയിച്ച നാദവിസ്മയം

സുരേഷ് വണ്ടന്നൂർ 12 July 2026 02:27 AM
ഉണരുണരൂ ഗന്ധർവ്വഗായികേ... കാലപ്രവാഹത്തിൽ ലയിച്ച നാദവിസ്മയം

Highlights

​ഇനിയുറങ്ങൂ... സംഗീതദേവതേ, നിത്യശാന്തിയുടെ മടിത്തട്ടിൽ!

 

 


​ഓർമ്മകളുടെ നടുത്തളത്തിൽ, ഏകാന്തതയുടെ വേരുകളാഴ്ത്തി നിന്നിരുന്ന ഒരു വൻമരം കൂടി കടപുഴകി വീണിരിക്കുന്നു. തലമുറകളുടെ ഹൃദയതുടിപ്പുകൾക്ക് പ്രണയത്തിന്റേയും വിരഹത്തിന്റേയും ആർദ്രമായ ഈണം പകർന്നുനൽകിയ തെന്നിന്ത്യയുടെ ആത്മാവ്—ഗന്ധർവ്വഗായിക എസ്. ജാനകി ഇനി ഓർമ്മകളുടെ അനശ്വര തീരത്ത്. മൈസൂരു അപ്പോളോ ആശുപത്രിയുടെ നിശബ്ദതയിൽ ആ നാദബ്രഹ്മം അന്ത്യനിദ്ര പൂകുമ്പോൾ, ശരത്കാലത്തിന്റെ വരണ്ട കാറ്റ് ഒരു വിലാപം പോലെ പെയ്തിറങ്ങുകയാണ്. ശ്വസനസംബന്ധമായ അസുഖങ്ങളോട് പൊരുതി, ഒടുവിൽ ആ ശ്വാസം സംഗതത്തിന്റെ അദൃശ്യലോകത്തേക്ക് ലയിക്കുമ്പോൾ, പ്രകൃതിപോലും മൗനത്തിന്റെ കരിമ്പടം പുതയ്ക്കുന്നു.
​ഒരു കാലഘട്ടത്തിന്റെ മുഴുവൻ വൈകാരിക പ്രപഞ്ചത്തെയും തന്റേതുമാത്രമായ സ്വരമാധുരികൊണ്ട് അളന്നെടുത്ത ജാതവേദസായിരുന്നു അവർ. ഗുണ്ടൂരിന്റെ പാടവരമ്പുകളിൽ നിന്ന് യാത്രതുടങ്ങി, മദ്രാസിലെ എ.വി.എം സ്റ്റുഡിയോയുടെ ഇരുണ്ട അകത്തളങ്ങളിലൂടെ തെന്നിന്ത്യയുടെ ഹൃദയതാളമായി മാറിയ ചരിത്രമാണ് ജാനകിയുടേത്. 'മിന്നുന്നതെല്ലാം പൊന്നല്ല' എന്ന ചിത്രത്തിൽ 'ഇരുൾ മൂടുകയോ എൻ വഴിയിൽ...' എന്ന് പാടിക്കൊണ്ട് ആ സ്വരവിരലുകൾ മലയാളത്തിന്റെ മണ്ണിൽ തൊട്ട നാൾ മുതൽ, ഇളംമഞ്ഞിന്റെ കുളിരുള്ള നാൽപ്പതിനായിരത്തിലേറെ ഗാനങ്ങളിലൂടെ അവർ നമ്മുടെ വിരഹങ്ങളെ സാന്ത്വനിപ്പിച്ചു കൊണ്ടിരുന്നു.
​ചാമരം വീശിയെത്തുന്ന കാറ്റിലും, തുളസിത്തറയിൽ കത്തുന്ന സന്ധ്യാദീപത്തിന്റെ പ്രഭയിലും ആ ശബ്ദം അലിഞ്ഞുചേർന്നിരിക്കുന്നു. 'ഓപ്പോളി'ലെ 'ഏറ്റുമാനൂർ അമ്പലത്തിൽ എഴുന്നള്ളത്ത്...' കേൾക്കുമ്പോൾ ഉള്ളിലുണരുന്ന ഭക്തിയുടെ ആർദ്രതയും, 'പതിനാറു വയതിനിലേ'യിലെ 'സിന്ദൂര പൂവേ...' കേൾക്കുമ്പോൾ യൗവനത്തിന്റെ പ്രണയത്തുടിപ്പും നമ്മുടെ ഉള്ളിലേക്ക് പടർന്നത് ആ അലൗകിക ശബ്ദത്തിന്റെ മാന്ത്രികത കൊണ്ടായിരുന്നു.
​മാഞ്ഞുപോയ കൗമാരത്തിന്റെ ഓർമ്മപ്പെടുത്തലായി 'നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ...' എന്ന് കാതോർത്തിരുന്ന പ്രണയിനിയുടെ ആകുലത മുഴുവൻ ആ കണ്ഠത്തിൽ ഭദ്രമായിരുന്നു. ഒടുങ്ങാത്ത കാത്തിരിപ്പിന്റെ വേദനയുമായി 'താളപ്പൊലി'യിൽ അവരുതിർത്ത 'ഉണരുണരൂ ഗന്ധർവ്വഗായികേ...' എന്ന വിളി ഇനി ആർക്കുവേണ്ടിയാണ്? നിലാവും നിഴലും കെട്ടുപിണയുന്ന രാവുകളിൽ, 'തുഷാരബിന്ദുക്കളേ...' എന്നും 'തുമ്പീ വാ തുമ്പക്കുടത്തിൻ...' എന്നും അവരുതിർത്ത ഓരോ ഈണവും മലയാളിയുടെ ഹൃദയരക്തത്തിൽ കലർന്നവയാണ്. ' 'മൗനമേ നിറയും മൗനമേ' എന്ന വരികളിലെ ശൂന്യതയും ഇനി വരുംകാലങ്ങളിൽ വിരഹത്തിന്റെ നനവുള്ള ഓർമ്മകളായി മാറും.
​നാല് ദേശീയ പുരസ്കാരങ്ങളും പതിനാല് തവണ കേരള സംസ്ഥാന പുരസ്കാരവും ആ സ്വരമാധുരിയെ തേടിയെത്തിയത് ബഹുമതികൾക്ക് മാറ്റ് കൂട്ടാൻ മാത്രമായിരുന്നു. 2013-ൽ പത്മഭൂഷൺ നിരസിച്ചുകൊണ്ട്, പുരസ്കാരങ്ങളുടെ തിളക്കത്തേക്കാൾ വലുത് ആസ്വാദകരുടെ നെഞ്ചിലെ സ്നേഹമാണെന്ന് ആ വലിയ കലാകാരി കാട്ടിത്തന്നു.
​2016-ൽ 'പത്തു കൽപ്പനകൾ' എന്ന ചിത്രത്തിലൂടെ ജാനകിയമ്മ തന്റെ അവസാന സിനിമാഗാനം പാടിയതും മലയാളത്തിലായിരുന്നു എന്നത് ഈ കരിമ്പനകളുടെയും പുഴകളുടെയും നാടിനോടുള്ള ആത്മബന്ധത്തിന്റെ നേർസാക്ഷ്യമാണ്. മനതാരിൽ മലരിട്ട സ്വപ്നങ്ങളെയെല്ലാം കാലത്തിന്റെ കറുത്ത പേടകത്തിൽ ബാക്കിവെച്ച് ആ ഗാനകോകിലം യാത്രയാകുമ്പോൾ, ഒരു യുഗം തന്നെയാണ് അവസാനിക്കുന്നത്. ശരീരം മണ്ണടിയുമെങ്കിലും, നിളയുടെ തീരങ്ങളിൽ കാറ്റടിക്കുമ്പോൾ, പെയ്തു തോരാത്ത ഇടവപ്പാതികളിൽ, മനുഷ്യന്റെ പ്രണയവും വിരഹവും ഉള്ളിടത്തോളം കാലം ആ സ്വരം മായാതെ, മറയാതെ ഇനിയും പാടിക്കൊണ്ടേയിരിക്കും.
​ഇനിയുറങ്ങൂ... സംഗീതദേവതേ, നിത്യശാന്തിയുടെ മടിത്തട്ടിൽ!