Wednesday, 12 August 2026 | 01:16 AM

Latest

‘അമ്മ’യിലെ പാളിച്ചകൾ പരിചയക്കുറവിന്റെ ഫലം; സ്ത്രീകൾക്ക് ശബ്ദമുയർത്താൻ അവസരം ലഭിച്ചില്ലെന്ന് ബീന ആന്റണി

sreyas 25 June 2026 03:59 AM
‘അമ്മ’യിലെ പാളിച്ചകൾ പരിചയക്കുറവിന്റെ ഫലം; സ്ത്രീകൾക്ക് ശബ്ദമുയർത്താൻ അവസരം ലഭിച്ചില്ലെന്ന് ബീന ആന്റണി

Highlights

സംഘടനയ്ക്കുള്ളിൽ രണ്ടും മൂന്നും ഗ്രൂപ്പുകൾ രൂപപ്പെട്ടതോടെ അഭിപ്രായഭിന്നതകൾ രൂക്ഷമായി

കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ അടുത്തിടെ ഉണ്ടായ വിവാദങ്ങളും ഭരണപരമായ പാളിച്ചകളും ഭരണസമിതിയുടെ പരിചയക്കുറവിന്റെ ഫലമാണെന്ന് നടി ബീന ആന്റണി. സംഘടനയ്ക്കുള്ളിൽ ഗ്രൂപ്പിസവും ചേരിതിരിവുകളും ശക്തമായിരുന്നുവെന്നും, നിലവിലെ ഭരണസമിതിയെ പുറത്താക്കണമെന്ന ആഗ്രഹം ചിലർക്കുണ്ടായിരുന്നുവെന്നും അവർ പറഞ്ഞു. വാർത്താ ചാനലായ മാതൃഭൂമി ന്യൂസിനോട് സംസാരിക്കവെയാണ് ബീന ആന്റണിയുടെ പ്രതികരണം. 

ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്തപ്പോഴാണ് സംഘടനയ്ക്കുള്ളിലെ പ്രശ്നങ്ങളുടെ ഗൗരവം വ്യക്തമായതെന്ന് അവർ പറഞ്ഞു. അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ അംഗങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. സംഘടനയ്ക്കുള്ളിൽ രണ്ടും മൂന്നും ഗ്രൂപ്പുകൾ രൂപപ്പെട്ടതോടെ അഭിപ്രായഭിന്നതകൾ രൂക്ഷമായി. ഒരാൾ പറയുന്നത് മറ്റൊരാൾക്ക് അംഗീകരിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായി. ചിലർ പരസ്പരം തകർക്കാൻ ശ്രമിക്കുന്നതുപോലുള്ള അവസ്ഥയും സംഘടനയിൽ നിലനിന്നിരുന്നുവെന്ന് ബീന ആരോപിച്ചു.

ഭരണസമിതിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്കിടയിലും അവരുടെ പ്രവർത്തനം വിലയിരുത്താൻ കൂടുതൽ സമയം നൽകേണ്ടതായിരുന്നുവെന്നാണ് തന്റെ നിലപാടെന്ന് ബീന വ്യക്തമാക്കി. ശ്വേത മേനോൻ ജനറൽ ബോഡിയിൽ സംസാരിച്ചപ്പോൾ ഭരണസമിതിക്ക് തെറ്റുകൾ തിരുത്താൻ ഒരു അവസരം കൂടി നൽകണമെന്ന തോന്നലുണ്ടായിരുന്നുവെന്നും അവർ പറഞ്ഞു. സാമ്പത്തിക ക്രമക്കേടുകൾ ഒന്നും നടന്നിട്ടില്ലെന്നും, ഭരണസമിതി ചുമതലയേറ്റ സമയത്തുണ്ടായിരുന്ന സാമ്പത്തിക സ്ഥിതി ഇപ്പോഴും അതേ നിലയിൽ തുടരുകയാണെന്നും അവർ ചൂണ്ടിക്കാട്ടി.

ജനറൽ ബോഡിയിൽ സ്ത്രീകൾക്ക് തങ്ങളുടെ അഭിപ്രായം ശക്തമായി അവതരിപ്പിക്കാൻ അവസരം ലഭിച്ചില്ലെന്നത് വേദനാജനകമാണെന്നും ബീന പറഞ്ഞു. നിലവിലെ ഭരണസമിതി തുടരേണ്ടതില്ലെന്ന നിലപാട് ചിലർക്ക് നേരത്തേ തന്നെ ഉണ്ടായിരുന്നുവെന്നും അവർ അഭിപ്രായപ്പെട്ടു.

അതേസമയം, ‘കൈനീട്ടം’ സ്വീകരിക്കുന്ന മുതിർന്ന അംഗങ്ങൾക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനോ ഭരണസമിതിയിൽ സ്ഥാനമേറ്റെടുക്കാനോ കഴിയാത്ത നിലവിലെ വ്യവസ്ഥയിൽ മാറ്റം വരണമെന്നും ബീന ആവശ്യപ്പെട്ടു. അവർക്കു വോട്ടവകാശം പോലും ഇല്ലാത്ത സാഹചര്യം ദൗർഭാഗ്യകരമാണെന്നും അവർ പറഞ്ഞു.

സംഘടനയുടെ നേതൃത്വത്തിൽ നടൻ മോഹൻലാൽ തന്നെ തുടരണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും, അദ്ദേഹത്തിന്റെ നിലപാടുകളും വാക്കുകളും അംഗങ്ങൾക്ക് വലിയ ആത്മവിശ്വാസം നൽകുന്നതാണെന്നും ബീന ആന്റണി കൂട്ടിച്ചേർത്തു.