Monday, 13 July 2026 | 10:08 AM

Latest

'അമ്മ'യിൽ നിന്ന് രാജിവച്ച് രേവതിയും പത്മപ്രിയയും; ആത്മാഭിമാനത്തിന്റെ പ്രഖ്യാപനമെന്ന് പ്രതികരണം

sreyas 06 July 2026 04:28 PM
'അമ്മ'യിൽ നിന്ന് രാജിവച്ച് രേവതിയും പത്മപ്രിയയും; ആത്മാഭിമാനത്തിന്റെ പ്രഖ്യാപനമെന്ന് പ്രതികരണം

Highlights

സംഘടനയ്ക്കുള്ളിലെ ഭിന്നതകൾ തുടരുന്നതിനിടെയാണ് രേവതിയുടെയും പത്മപ്രിയയുടെയും രാജി. 

കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ അംഗത്വം രാജിവെച്ച് നടിമാരായ രേവതിയും പത്മപ്രിയയും. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇരുവരും രാജിക്കാര്യം അറിയിച്ചത്.

സംഘടനയിൽ ഇപ്പോൾ നടക്കുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലല്ല രാജിയെന്ന് അവർ വ്യക്തമാക്കുന്നു. കഴിഞ്ഞ പത്ത് വർഷത്തോളമായി സംഘടനയിൽ മാറ്റങ്ങൾ കൊണ്ടുവരാനും വിവിധ വിഷയങ്ങളിൽ ശബ്ദമുയർത്താനും ശ്രമിച്ചെങ്കിലും, സഹപ്രവർത്തകരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ലഭിച്ചത് മൗനവും അകൽച്ചയുമാണെന്ന് കുറിപ്പിൽ പറയുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഉണ്ടായ രാജികൾ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമങ്ങളായിരുന്നുവെന്നും, പിന്നീട് പൊതുശ്രദ്ധ കുറഞ്ഞതോടെ പഴയ അധികാരഘടനകളും പ്രവർത്തനരീതികളും വീണ്ടും ശക്തിപ്പെട്ടുവെന്നും രേവതി വിമർശിച്ചു.

'അമ്മ'യിൽ നിന്ന് പടിയിറങ്ങുന്നത് പിന്മാറ്റമല്ല, ആത്മാഭിമാനത്തിന്റെ പ്രഖ്യാപനമാണെന്ന് അവർ വ്യക്തമാക്കി. ഒരു സംഘടനയുടെ ശക്തി വ്യക്തികളിലല്ല, അതിന്റെ വിശ്വാസ്യതയിലാണെന്നും അവർ കൂട്ടിച്ചേർത്തു.

സംഘടനയ്ക്കുള്ളിലെ ഭിന്നതകൾ തുടരുന്നതിനിടെയാണ് രേവതിയുടെയും പത്മപ്രിയയുടെയും രാജി.