Wednesday, 10 June 2026 | 04:10 PM

Interviews

കഥ ഇഷ്ടപ്പെട്ടാല്‍ അഭിനയിക്കാമെന്ന് സമ്മതിക്കും... -പ്രിയാവാര്യര്‍

അജയ്കുമാര്‍ 05 May 2026 12:30 PM
കഥ ഇഷ്ടപ്പെട്ടാല്‍ അഭിനയിക്കാമെന്ന് സമ്മതിക്കും... -പ്രിയാവാര്യര്‍

അഡാര്‍ ലവ് സിനിമ പുറത്തിറങ്ങും മുമ്പേതന്നെ കോളിവുഡ് മുതല്‍ ബോളിവുഡ് വരെ പ്രിയയെ തിരഞ്ഞു. മലയാളത്തില്‍ മാത്രമല്ല തമിഴിലും ഹിന്ദിയിലുമൊക്കെ തിരക്കുള്ള താരമായിത്തിര്‍ന്നു പ്രിയാവാര്യര്‍ എന്ന മലയാളി പെണ്‍കുട്ടി. തനിക്ക് അപ്രതീക്ഷിതമായി ലഭിച്ച പോപ്പുലാരിറ്റിയെക്കുറിച്ചും, തന്‍റെ കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിലെ മാനദണ്ഡങ്ങളെക്കുറിച്ചുമൊക്കെ അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലൂടെ താരം വ്യക്തമാക്കുന്നു.

'അഡാര്‍ ലവ്' പുറത്തിറങ്ങും മുമ്പേതന്നെ, അതിലെ നിങ്ങളുടെ കണ്ണിറുക്കി കാണിക്കുന്ന വീഡിയോ വൈറലായിരുന്നു. അത് നിങ്ങളുടെ വളര്‍ച്ചയെ എത്രമാത്രം സ്വാധീനിച്ചിരുന്നു..?

സിനിമയില്‍ അവസരം കിട്ടുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ അക്കാര്യത്തില്‍ ഞാന്‍ വളരെ ഭാഗ്യവതിയാണ്. എല്ലാവരും എന്നെ സ്വീകരിച്ചു. ഒരു പുതുമുഖത്തിന് ഇത്രയും വലിയ അംഗീകാരം കിട്ടുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. രണ്ടുമൂന്ന് സിനിമകള്‍ക്കുശേഷം കിട്ടേണ്ട പോപ്പുലാരിറ്റിയും അംഗീകാരവും ആ സമയത്ത് എനിക്ക് കിട്ടിയത് അഭിമാനമായി കരുതുന്നു.

ആ വീഡിയോ ഇത്രയധികം വൈറലാകുമെന്ന് കരുതിയിരുന്നോ?

ഒരിക്കലുമില്ല. ആ വീഡിയോ പുറത്തിറങ്ങുമ്പോള്‍ ഞാന്‍ വളരെ ചെറുപ്പമായിരുന്നു. ആ സമയത്ത് എന്താണ് എനിക്ക് ചുറ്റും നടക്കുന്നത് എന്ന് മനസ്സിലാക്കാനുള്ള വിവേകം എനിക്കില്ലായിരുന്നു. അതുകൊണ്ട് പ്രതീക്ഷിക്കാതെയാണ് അത് സംഭവിച്ചത്.

ഒരു സിനിമ തിരഞ്ഞെടുക്കുമ്പോള്‍ എന്തൊക്കെ നിബന്ധനകളാണ് പ്രിയാവാര്യരുടെ ഭാഗത്തുനിന്നും ഉണ്ടാവുക..?

അങ്ങനെ നിബന്ധനകള്‍ ഒന്നും തന്നെ വയ്ക്കാറില്ല. കഥ ഇഷ്ടപ്പെട്ടാല്‍ അഭിനയിക്കാമെന്ന് സമ്മതിക്കും. കൂടാതെ ശക്തനായ സംവിധായകന്‍, നല്ല കഥ, കഥാപാത്രം, ശക്തമായ നിര്‍മ്മാണ സ്ഥാപനം ഇതില്‍ ഏതെങ്കിലും ഒരു ഘടകം ഉണ്ടെങ്കിലേ ഞാന്‍ സ്വീകരിക്കൂ.

പല ഭാഷകളില്‍ അഭിനയിക്കുന്നുണ്ടല്ലോ? അത് എത്രത്തോളം നിങ്ങളുടെ വളര്‍ച്ചയ്ക്ക് സഹായകമാവുന്നുണ്ട്?

പലതരത്തില്‍ എനിക്ക് സഹായകമാവുന്നുണ്ട്. ഇന്ന് ഒടിടി പ്ലാറ്റ്ഫോമില്‍ സിനിമ കാണുവാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. തിയേറ്ററില്‍ പോയി സിനിമ കാണാന്‍ കഴിയുന്ന ഈ സമയത്ത്, അവര്‍ ഒടിടിയെ ആശ്രയിക്കുന്നു. ആ സമയത്ത് ഭാഷ തടസമാവാതിരിക്കണമെന്നത് നല്ല വിഷയം തന്നെയല്ലേ.

അജിത്തിന്‍റെ 'ഗുഡ് ബാഡ് അഗ്ലി'യില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയപ്പോള്‍ എന്തായിരുന്നു പ്രിയയുടെ മാനസികാവസ്ഥ?

ഏറെ സന്തോഷം തോന്നി. ആ സിനിമയില്‍ വന്നുപോകുന്ന ഒരു കഥാപാത്രമണെങ്കില്‍ പോലും സാരമില്ല എന്ന് തീരുമാനിച്ചിരുന്നു. അജിത്തിന്‍റെയടുത്ത് എന്‍റെ പേര് നിര്‍ദ്ദേശിച്ചപ്പോള്‍ തന്നെ അദ്ദേഹം വളരെയധികം സന്തോഷം പ്രകടിപ്പിച്ചുവെന്ന് സംവിധായകന്‍ ആദിക് രവിചന്ദ്രന്‍ എന്നോട് പറഞ്ഞപ്പോള്‍ അതിനേക്കാള്‍ വലിയ അംഗീകാരം മറ്റൊന്നും വേണ്ടാ എന്ന് മനസ്സ് പറഞ്ഞു.

ആര്‍ക്കൊപ്പം അഭിനയിക്കാനുള്ള ആഗ്രഹമാണ് ബാക്കിയുള്ളത്...?

മമ്മുക്കയുടെ ഒപ്പം അഭിനയിക്കണം എന്ന് ആഗ്രഹമുണ്ട്. വിജയ്ക്കൊപ്പവും അഭിനയിക്കാന്‍ ആഗ്രഹമുണ്ട്. എനിക്ക് അവസരം കിട്ടുമോ എന്നറിയില്ല. എങ്കിലും എന്‍റെ ആഗ്രഹം ഞാന്‍ വെളിപ്പെടുത്തുന്നു. വിജയ്സാര്‍ 'ജനനായകന്‍' എന്ന സിനിമയ്ക്കുശേഷം അഭിനയിക്കില്ല എന്നുപറയുന്നു. അതുകൊണ്ട് അദ്ദേഹത്തോടൊപ്പം ഇനി അഭിനയിക്കാന്‍ കഴിയുമോ എന്നറിയില്ല.

നിങ്ങള്‍ക്കേറ്റവും ഇഷ്ടപ്പെട്ട സംവിധായകന്‍ മണിരത്നമാണെന്ന് പറഞ്ഞിരുന്നു?

അതെ. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സംവിധായകന്‍ അദ്ദേഹമാണ്. അദ്ദേഹത്തിന്‍റെ സിനിമയില്‍ അഭിനയിക്കാന്‍ അത്യധികം ആഗ്രഹമുണ്ട്.

പ്രിയാവാര്യരുടെ ഫിറ്റ്നസ് രഹസ്യം?

അങ്ങനെ വലിയ  രഹസ്യമൊന്നും ഇല്ല. ഞാനൊരു ഭക്ഷണപ്രിയയാണ്. പാരമ്പര്യം കാരണം ചെറുപ്പം തൊട്ടേ എന്‍റെ ശരീരഘടന ഇങ്ങനെതന്നെയാണ്.

 

Tags
priya prakash varrier