Tuesday, 23 June 2026 | 09:00 PM

Interviews

എന്‍റെ റോള്‍മോഡല്‍ എന്നുപറയുന്നത് നടി മഞ്ജുവാര്യരാണ്... -വര്‍ഷ ഇവാലിയ

ജി. കൃഷ്ണന്‍ 05 May 2026 12:30 PM
എന്‍റെ റോള്‍മോഡല്‍ എന്നുപറയുന്നത് നടി മഞ്ജുവാര്യരാണ്... -വര്‍ഷ ഇവാലിയ

ജി.മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന 'ഓട്ടന്‍തുള്ളല്‍' എന്ന സിനിമയില്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന വര്‍ഷ ഇവാലിയയെ പരിചയപ്പെടാം.

വര്‍ഷ ഇവാലിയയുടെ റോള്‍മോഡല്‍ ആരാണ്?

ഒട്ടും ആലോചിക്കാനില്ലായിരുന്നു വര്‍ഷയ്ക്ക്. പെട്ടെന്നായിരുന്നു മറുപടി.
എന്‍റെ റോള്‍മോഡല്‍ എന്നുപറയുന്നത് നടി മഞ്ജുവാര്യരാണ്.  ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നറിയപ്പെടുന്ന മഞ്ജുവാര്യര്‍ എന്‍റെ ജീവിതത്തില്‍ ഒരുപാട് പ്രതീക്ഷകള്‍ തന്ന ഒരാളാണ്. എന്‍റെ ഫോണിലെ വാള്‍പേപ്പര്‍ തന്നെ മഞ്ജുചേച്ചിയാണ്. വിവാഹത്തിനുശേഷമുള്ള മഞ്ജുചേച്ചിയുടെ ഈ ഉയര്‍ത്തെഴുന്നേല്‍പ്പുണ്ടല്ലോ... അതെന്നെ വലിയ രീതിയില്‍ സ്വാധീനിച്ചിട്ടുണ്ട്.

കല്യാണം കഴിച്ച് അടുക്കളയില്‍ത്തന്നെ ഇരുന്ന എന്നെ മഞ്ജുചേച്ചിയുടെ ഓരോരോ നീക്കങ്ങളും ഇംപ്രൂവ്മെന്‍റ്സും ചുവടുവയ്പ്പുകളും കണ്ടപ്പോള്‍ എനിക്കും അതുപോലെ എന്തുകൊണ്ട് ചെയ്തുകൂടായെന്ന് ഇരുത്തി ചിന്തിപ്പിച്ചിരുന്നു. എന്നെക്കൊണ്ടും സിനിമയില്‍ അഭിനയിക്കാന്‍ കഴിയും... എന്നെല്ലാമുള്ള ഉറച്ച ചിന്തകളും തീരുമാനങ്ങളും എന്‍റെ മനസ്സിലേയ്ക്ക് കയറിത്തുടങ്ങിയത് അങ്ങനെയാണ്.

അഭിനയം ആരംഭിച്ചത് എങ്ങനെയായിരുന്നു?

ഞാന്‍ ടെന്‍തില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു സിനിമയില്‍ അഭിനയിച്ചു. അത് റിലീസായി. പക്ഷേ, സ്റ്റാര്‍ വാല്യു ഒന്നുമില്ലാതിരുന്ന ആ സിനിമ അധികം തീയേറ്ററുകളിലൊന്നും വന്നതേയില്ല.

ഞാന്‍ നാലുവയസ്സുള്ളപ്പോള്‍ മുതല്‍ നൃത്തം പഠിക്കാന്‍ തുടങ്ങിയിരുന്നു. എയിറ്റ്ത് ക്ലാസ് കഴിഞ്ഞ് വെക്കേഷനായിരിക്കുമ്പോള്‍ ഡാന്‍സ് ക്ലാസിലുള്ള കുറച്ച് കുട്ടികളെ ഒരു ആല്‍ബം ചെയ്യാന്‍ വേണ്ടി വിളിച്ചിരുന്നു. അതില്‍ മണവാട്ടിക്കുട്ടിയായി അഭിനയിച്ചത് ഞാനാണ്. ആദ്യം ക്യാമറയുടെ മുന്നില്‍ നിന്നത് ഈ ആല്‍ബത്തിന് വേണ്ടിയായിരുന്നു.

പിന്നീട് സിനിമ തന്നെ ആയിരുന്നുവോ ലക്ഷ്യം?

സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ചുകൊണ്ടിരിക്കുമ്പോഴാണ് 'മൗനരാഗം' എന്ന സീരിയലില്‍ അഭിനയിക്കാന്‍ ഒരു ഓഫര്‍ വരുന്നത്. ആ സീരിയലില്‍ പുതിയ ഒരു ക്യാരക്ടര്‍ എന്നിലൂടെ അവതരിപ്പിക്കുവാന്‍ അവര്‍ തീരുമാനിച്ചപ്പോള്‍ അത് ഞാന്‍ സ്വീകരിക്കുകയായിരുന്നു. നായികയുടെ ചേച്ചിയുടെ വേഷമായിരുന്നു.

ഏതുതരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്യണമെന്നുള്ള തീരുമാനങ്ങളുണ്ടോ?

അങ്ങനെയൊന്നുമില്ല. ബോള്‍ഡായിട്ടുള്ളതും റൊമാന്‍റിക്കായിട്ടുള്ളതും പാവപ്പെട്ട പെണ്‍കുട്ടിയായും ചേച്ചിയായും അനുജത്തിയായും ഒക്കെ അഭിനയിക്കാന്‍ ഇഷ്ടമാണ്.

ഒരു സിനിമ ഹിറ്റാകുന്നതിന് പ്രത്യേകമായി വേണ്ട ഘടകം എന്തായിരിക്കും?

ഒരു സിനിമയ്ക്ക് പ്രത്യേകമായി വേണ്ട ഘടകം എന്നുപറയുന്നത് നല്ലൊരു കണ്ടന്‍റാണ്. പുതുമയുള്ളതും വ്യത്യസ്തവുമായ നല്ല കണ്ടന്‍റുള്ള സിനിമകള്‍ പ്രേക്ഷകര്‍ ഏറ്റെടുക്കുന്നു എന്നതാണ് ഇപ്പോള്‍ മലയാളത്തില്‍ കണ്ടുവരുന്നത്.

 

Tags
Varsha Evaliya Manju Warrier Ottam Thullal G. Marthandan