Sunday, 26 July 2026 | 01:01 AM

Latest

എസ്. ജാനകി ഇനി ഓർമ; അന്ത്യം 88-ാം വയസ്സിൽ

sreyas 11 July 2026 03:20 PM
എസ്. ജാനകി ഇനി ഓർമ; അന്ത്യം 88-ാം വയസ്സിൽ

Highlights

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഉൾപ്പെടെ 17 ഭാഷകളിലായി 40,000-ത്തിലധികം ഗാനങ്ങൾ ആലപിച്ച എസ്. ജാനകി ഇന്ത്യൻ സംഗീതചരിത്രത്തിലെ ഏറ്റവും മികച്ച പിന്നണി ഗായികമാരിൽ ഒരാളായി വിലയിരുത്തപ്പെടുന്നു. 

ചെന്നൈ: പതിറ്റാണ്ടുകളായി ഇന്ത്യൻ ചലച്ചിത്ര സംഗീതലോകത്തെ തന്റെ അനുപമ ശബ്ദസൗന്ദര്യത്തോടെ സമ്പന്നമാക്കിയ പ്രശസ്ത പിന്നണി ഗായിക എസ്. ജാനകി (88) അന്തരിച്ചു. കൊച്ചുമകൾ അപ്സര വിദ്യുലയാണ് സാമൂഹികമാധ്യമത്തിലൂടെ മരണവാർത്ത അറിയിച്ചത്. കുടുംബം ദുഃഖത്തിലാണെന്നും ഈ സമയത്ത് സ്വകാര്യതയ്ക്ക് മാന്യം നൽകണമെന്നുമാണ് അവർ അഭ്യർഥിച്ചത്.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഉൾപ്പെടെ 17 ഭാഷകളിലായി 40,000-ത്തിലധികം ഗാനങ്ങൾ ആലപിച്ച എസ്. ജാനകി ഇന്ത്യൻ സംഗീതചരിത്രത്തിലെ ഏറ്റവും മികച്ച പിന്നണി ഗായികമാരിൽ ഒരാളായി വിലയിരുത്തപ്പെടുന്നു. ആന്ധ്രപ്രദേശ് സ്വദേശിനിയായ അവർ നിരവധി തലമുറകളിലെ സംഗീതാസ്വാദകരുടെ പ്രിയഗായികയായിരുന്നു.

മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നാല് തവണ നേടിയ ജാനകിക്ക് കേരളം ഉൾപ്പെടെ വിവിധ സംസ്ഥാന സർക്കാരുകളുടെ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. സംഗീതരംഗത്തെ സമഗ്ര സംഭാവനകൾക്ക് രാജ്യം 2013-ൽ പത്മഭൂഷൺ പ്രഖ്യാപിച്ചെങ്കിലും, ദക്ഷിണേന്ത്യൻ കലാകാരന്മാർക്ക് മതിയായ അംഗീകാരം ലഭിക്കുന്നില്ലെന്ന നിലപാട് വ്യക്തമാക്കി അവർ പുരസ്കാരം സ്വീകരിക്കാൻ വിസമ്മതിച്ചിരുന്നു.

ആയിരക്കണക്കിന് അനശ്വര ഗാനങ്ങളുടെ ഉടമയായ എസ്. ജാനകിയുടെ വിയോഗം ഇന്ത്യൻ സംഗീതലോകത്തിന് നികത്താനാകാത്ത നഷ്ടമായാണ് വിലയിരുത്തപ്പെടുന്നത്.