എസ്. ജാനകിക്ക് മൈസൂരുവിൽ അന്തിമവിശ്രമം
Highlights
ചെറുമകൾ അപ്സര വൈദ്യുല അന്ത്യകർമങ്ങൾ നിർവഹിച്ചു.
മൈസൂരു: പതിറ്റാണ്ടുകളായി മലയാളം ഉൾപ്പെടെ ഇന്ത്യൻ ഭാഷകളിലെ സംഗീതാസ്വാദകരുടെ മനസ്സിൽ മായാത്ത മുദ്ര പതിപ്പിച്ച ഇതിഹാസ ഗായിക എസ്. ജാനകിക്ക് മൈസൂരുവിൽ വികാരനിർഭരമായ യാത്രാമൊഴി. ആയിരങ്ങളുടെ അന്ത്യാഞ്ജലികൾ ഏറ്റുവാങ്ങിയ ശേഷം ഗായികയുടെ ഭൗതികദേഹം കനിയനഹുണ്ഡി ഫാം ഹൗസിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.
മൈസൂരു മഹാരാജാസ് കോളജ് മൈതാനത്ത് മണിക്കൂറുകളോളം പൊതുദർശനത്തിന് വച്ച ഭൗതികദേഹം കാണാൻ സിനിമ, സംഗീത, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും ആരാധകരും അടക്കം വലിയ ജനക്കൂട്ടമാണ് എത്തിയത്. പൊതുദർശനം അവസാനിച്ചതിന് പിന്നാലെ മൃതദേഹം ഫാം ഹൗസിലേക്ക് കൊണ്ടുപോയി. അവിടെയും അവസാനമായി ആദരാഞ്ജലി അർപ്പിക്കാൻ നിരവധി പേർ ഒഴുകിയെത്തി.
മൈസൂരുവിൽ തന്നെ അന്ത്യവിശ്രമം ലഭിക്കണമെന്നത് എസ്. ജാനകിയുടെ ആഗ്രഹമായിരുന്നുവെന്ന് കുടുംബം അറിയിച്ചു. ചെറുമകൾ അപ്സര വൈദ്യുല അന്ത്യകർമങ്ങൾ നിർവഹിച്ചു.
ശനിയാഴ്ച രാത്രി 7.30ഓടെയാണ് 88-ാം വയസ്സിൽ എസ്. ജാനകി അന്തരിച്ചത്. മൈസൂരുവിലെ വസതിയിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ വർഷം ജനുവരിയിൽ ഏകമകനും നർത്തകനുമായ മുരളീകൃഷ്ണയുടെ നിര്യാണത്തിന് ശേഷം ചെറുമകൾ അപ്സര വൈദ്യുലയ്ക്കൊപ്പമായിരുന്നു അവർ താമസിച്ചിരുന്നത്.
പതിനായിരക്കണക്കിന് ഗാനങ്ങളിലൂടെ തലമുറകളെ സംഗീതത്തിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ എസ്. ജാനകിയുടെ വിടവാങ്ങൽ ഇന്ത്യൻ സംഗീതചരിത്രത്തിലെ ഒരു യുഗത്തിന്റെ അവസാനമായാണ് ആരാധകരും സംഗീതലോകവും വിലയിരുത്തുന്നത്.