സുകു ഏട്ടന്‍ സിനിമയ്ക്കായി ഒരു സ്ക്രിപ്റ്റ് ഒക്കെ എഴുതി എല്ലാം റെഡിയാക്കിവച്ചിരുന്നതാണ്. പക്ഷേ അത് നടന്നില്ല. അദ്ദേഹത്തിന് നടക്കാത്ത കാര്യം ഇന്ന് അദ്ദേഹത്തിന്‍റെ മകന്‍ ചെയ്തു എന്നതാണ് ഇപ്പോഴത്തെ സന്തോഷം... -മല്ലികാ സുകുമാരന്‍
മകന്‍റെ സംവിധാനമികവില്‍ അഭിമാനവും പേരക്കുട്ടികളുടെ വളര്‍ച്ചയില്‍ ആനന്ദവും മല്ലികാ സുകുമാരന്‍ പങ്കുവയ്ക്കുന്നു
ലോകപ്രേക്ഷകരുടെയെല്ലാം ക്ഷമയോടെയുള്ള കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് എമ്പുരാന്‍ സിനിമ തിയേറ്ററില്‍ റിലീസ് ആയിരിക്കുകയാണ്. ഒരു അമ്മ എന്ന നിലയില്‍ പൃഥ്വിരാജ് എന്ന സംവിധായകന്‍റെ കഠിനാധ്വാനത്തെക്കുറിച്ച് എന്ത് തോന്നുന്നു?
സിനിമ വലിയ വിജയം നേടിയതില്‍ ഒരുപാട് സന്തോഷമുണ്ട്. റിലീസ് ആവുന്നതിന് മുന്‍പുവരെ ആളുകള്‍ എന്നോട് ഫോണില്‍ കൂടെയും മറ്റും എന്നാണ് റിലീസ് എന്നു ചോദിച്ചു കൊണ്ടേയിരിക്കുമായിരുന്നു. രാജു ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്.
അതിനുള്ള ഒരു റിസള്‍ട്ട് അവന് കിട്ടിയിട്ടുണ്ട്. ഈ സിനിമയുടെ തിരക്കിനിടയില്‍ അവന്‍റെ അമ്മയായ എനിക്ക് പോലും അവനോട് നേരെ ഒന്ന് മിണ്ടാന്‍പോലും സമയം കിട്ടിയിരുന്നില്ല. അത്രമാത്രം അവന്‍ സിനിമയുടെ ഭാഗമായി തിരക്കിലായിരുന്നു. സിനിമ വലിയ വിജയം നേടുമെന്ന് എല്ലാവരും എന്നോട് പറയുമായിരുന്നു. അത് സംഭവിച്ചു.
മോഹന്‍ലാലും പൃഥ്വരാജും തമ്മിലുള്ള സാഹോദര്യബന്ധം എങ്ങനെയാണ്?
എനിക്ക് ആറുവയസ്സ് മുതല്‍ തന്നെ ലാലുവിനെ(മോഹന്‍ലാല്‍) അറിയാം. ഇന്ദ്രന്‍റെ(ഇന്ദ്രജിത്ത്) ചേട്ടനായിട്ട് വേണമെങ്കിലും എനിക്ക് ലാലുവിനെ കാണാം. അത്രമാത്രം അടുപ്പം ഞങ്ങള്‍ സൂക്ഷിക്കുന്നുണ്ട്. ലാലുവിനും രാജുവിനും തമ്മിലും അത്രയധികം ആത്മബന്ധമുണ്ട്. ചെറുപ്പം മുതലേ രാജു ലാലുവിന്‍റെ അഭിനയം കണ്ടാണല്ലോ വളര്‍ന്നത്. അതുകൊണ്ടുതന്നെ മോഹന്‍ലാല്‍ എന്ന നടന്‍റെ വലിയ ആരാധകന്‍ കൂടിയാണ് പൃഥ്വിരാജ്. ലാലുവിന് തിരിച്ചും പൃഥ്വിയോട് ഒരു സ്നേഹമുണ്ട്. പൃഥ്വിയുടെ വളര്‍ച്ചയില്‍ ലാലുവിന് വലിയ അഭിമാനമുണ്ട്.
ലൂസിഫര്‍ സിനിമയുടെ തുടക്കത്തില്‍ തന്നെ സുകുമാരന്‍ സാറിന്‍റെ പടം കാണിച്ചിരിക്കുന്നു. ആ സമയത്ത് എന്താണ് തോന്നിയത്?
അപ്പോള്‍ സത്യം പറഞ്ഞാല്‍ എന്‍റെ കണ്ണ് നിറഞ്ഞുപോയി. ഒപ്പം ഒരുപാട് സന്തോഷവും അഭിമാനവും. സുകു ഏട്ടന്‍ സിനിമയ്ക്കായി ഒരു സ്ക്രിപ്റ്റ് ഒക്കെ എഴുതി എല്ലാം റെഡിയാക്കിവച്ചിരുന്നതാണ്. പക്ഷേ അത് നടന്നില്ല. അദ്ദേഹത്തിന് നടക്കാത്ത കാര്യം ഇന്ന് അദ്ദേഹത്തിന്‍റെ മകന്‍ ചെയ്തു എന്നതാണ് ഇപ്പോഴത്തെ സന്തോഷം.