'AK-64' - ഒരു രൂപ പോലും അഡ്വാൻസ് വാങ്ങാതെ അഭിനയിക്കുന്ന അജിത്ത്...
അജിത്ത്, മകിഴ്തിരുമേനി കൂട്ടുകെട്ടിലൊരുങ്ങി റിലീസായ 'വിടാമുയർച്ചി' എന്ന ചിത്രം പരാജയപ്പെട്ടെങ്കിലും, അതിന് ശേഷം കഴിഞ്ഞ ഏപ്രിലിൽ റിലീസായ അജിത്തിന്റെ 'ഗുഡ് ബാഡ് അഗ്ലി' ബോക്സ് ഓഫീസിൽ നല്ല കളക്ഷൻ നേടിയ ചിത്രമായിരുന്നു. ആദിക് രവിചന്ദ്രനാണ് ഈ ചിത്രം സംവിധാനം ചെയ്തത്. 'ഗുഡ് ബാഡ് അഗ്ലി'യുടെ വിജയത്തിന് ശേഷം, അജിത്തിന്റെതായി ഒരുങ്ങാനിരിക്കുന്ന ചിത്രമായ 'AK-64'-നെക്കുറിച്ചുള്ള അപ്‌ഡേറ്റുകളും ഇടയ്ക്കിടെ പുറത്തുവന്നിട്ടുണ്ട്.
ഈ ചിത്രം സംവിധാനം ചെയ്യാൻ നിരവധി സംവിധായകർ മത്സരിച്ചെങ്കിലും ആദിക് രവിചന്ദ്രനാണ് ആ അവസരം ലഭിച്ചിരിക്കുന്നത്. 'ഗുഡ് ബാഡ് അഗ്ലി'യിൽ ജോലി ചെയ്യുമ്പോൾ തന്നെ ആദിക്കിന്റെ പ്രവർത്തന ശൈലിയിൽ ആകൃഷ്ടനായ അജിത്ത് തന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യാനും അദ്ദേഹത്തോട് ആവശ്യപ്പെട്ടു എന്നാണ് റിപ്പോർട്ട്.
നിലവിൽ 'AK-64'യുടെ പ്രാരംഭഘട്ട ജോലികൾ പുരോഗമിക്കുകയാണ്. 'കെ.ജി.എഫ്' ചിത്രത്തിൽ നായികയായി അഭിനയിച്ച ശ്രീനിധി ഷെട്ടിയെ ഈ ചിത്രത്തിനായി കരാർ ചെയ്തു എന്നുള്ള വാർത്ത പുറത്തുവന്നിരുന്നു. അതുപോലെ 'ഗുഡ് ബാഡ് അഗ്ലി'ക്ക് സംഗീതം നൽകിയ ജി.വി.പ്രകാശ് കുമാർ തന്നെയാണ് ഈ ചിത്രത്തിനും സംഗീതം ഒരുക്കുന്നതെന്നും റിപ്പോർട്ടുണ്ട്. ആദ്യം 'AK-64' നിർമ്മിക്കുന്നത് 'വേൽസ് ഫിലിംസാണ് എന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നത്.
എന്നാൽ ആധിക് രവിചന്ദ്രൻ നൽകിയ ചിത്രത്തിന്റെ ബഡ്‌ജറ്റിനോട് ഒത്തുപോകാൻ സാധിക്കാത്ത കാരണത്തിനാൽ 'വേൽസ് ഫിലിംസ്' ഈ ചിത്രത്തിന്റെ നിർമ്മാണത്തിലിരുന്ന് പിന്മാറി . ഇതിനെ തുടർന്ന് 'റോമിയോ പിക്‌ചേഴ്‌സ്' എന്ന വിതരണ കമ്പനിയുടെ ഉടമയായ രാഹുലാണ് ഈ ചിത്രം നിർമ്മിക്കുന്നതെന്നുള്ള വാർത്തകൾ പുറത്തുവന്നിരുന്നു.
എന്നാൽ അജിത്ത് 200 കോടിയിലധികം പ്രതിഫലം ആവശ്യപ്പെട്ടതിനാൽ രാഹുലും ഈ ചിത്രം നിർമ്മിക്കുന്നതിലിരുന്ന് പിന്മാറിയതായി പറയപ്പെട്ടിരുന്നു. ഇങ്ങിനെയുണ്ടായ സാഹചര്യത്തിലാണ് അജിത് പുതിയ ഒരു തീരുമാനം എടുത്തിരിക്കുന്നു എന്നുള്ള വാർത്തകൾ വൈറലായിക്കൊണ്ടിരിക്കുന്നത്.
അതനുസരിച്ച്, അജിത്തും, രാഹുലും നടത്തിയ ചർച്ചയിൽ അജിത്ത് ഒരു രൂപ പോലും അഡ്വാൻസ് വാങ്ങാതെ ചിത്രത്തിൽ അഭിനയിക്കാൻ സമ്മതിച്ചു എന്നാണ് പറയപ്പെടുന്നത്. അതിന് പകരമായി ചിത്രത്തിന്റെ ഒ.ടി.ടി, ഡിജിറ്റൽ അവകാശങ്ങൾ വിറ്റഴിക്കുന്നതിലൂടെ ലഭിക്കുന്ന മുഴുവൻ തുകയും രാഹുൽ, അജിത്തിന് നൽകണമത്രേ! തിയേറ്ററിൽ നിന്ന് ലഭിക്കുന്ന വരുമാനം രാഹുലിനും! ഈ വ്യവസ്ഥകളോടെയാണത്രെ അജിത്തിന്റെ അടുത്ത ചിത്രം ഒരുങ്ങുന്നത്.
ഇങ്ങിനെ ഒരു രൂപ പോലും അഡ്വാൻസ് വാങ്ങിക്കാതെ അജിത്ത് ഒരു ചിത്രത്തിൽ അഭിനയിക്കുന്നത് ഇത് ആദ്യമാണ് എന്നുള്ളത് ഇവിടെ ശ്രദ്ധേയമാണ്. ഇത് സംബന്ധമായുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നാണ് . പറയപ്പെടുന്നത്.