Tuesday, 23 June 2026 | 11:48 PM

Latest

ബോളിവുഡ് താരം രൺവീർ സിംഗിനെതിരെ ബംഗളൂരുവിൽ കേസ്

05 May 2026 12:30 PM
ബോളിവുഡ് താരം രൺവീർ സിംഗിനെതിരെ ബംഗളൂരുവിൽ കേസ്

കാന്താര സിനിമയിലെ ദൈവീക രൂപത്തെ പരിഹസിച്ചുവെന്ന പരാതിയിൽ ബോളിവുഡ് താരം രൺവീർ സിംഗിനെതിരെ ബംഗളൂരുവിൽ പോലീസ് കേസെടുത്തു. തീരദേശ കർണാടകയിലെ പവിത്രമായ ചാവുണ്ടി ദൈവത്തെ 'പെൺപ്രേതം' എന്ന് വിളിച്ച് അപമാനിക്കുകയും മോശമായ രീതിയിൽ അനുകരിക്കുകയും ചെയ്തുവെന്നാരോപിച്ചാണ് ഹൈഗ്രൗണ്ട്സ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

2025 നവംബർ 28-ന് ഗോവയിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (IFFI) സമാപന ചടങ്ങിലാണ് വിവാദമായ സംഭവം നടന്നത്. വേദിയിൽ കാന്താര: ചാപ്റ്റർ 1 എന്ന ചിത്രത്തിലെ നായകൻ ഋഷഭ് ഷെട്ടിയുടെ സാന്നിധ്യത്തിൽ രൺവീർ സിംഗ് സിനിമയിലെ ദൈവീക ഭാവങ്ങളെ ഹാസ്യാത്മകമായി അനുകരിക്കുകയായിരുന്നു. ചാവുണ്ടി ദൈവത്തെ ഒരു 'പെൺപ്രേതം' എന്ന് വിശേഷിപ്പിക്കുകയും അത്തരം പ്രകടനങ്ങൾ ചെയ്യരുതെന്ന ഋഷഭ് ഷെട്ടിയുടെ അഭ്യർത്ഥന താരം നിരസിച്ചതായും പരാതിയിൽ പറയുന്നു.

ബംഗളൂരു ഒന്നാം അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഈ കേസ് എത്തിയത്. ഡിസംബർ 27-ന് നൽകിയ സ്വകാര്യ പരാതിയിൽ ജനുവരി 23-ന് കോടതി പോലീസിന് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നിർദ്ദേശം നൽകുകയായിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷൻ 196, 299, 302 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഏപ്രിൽ എട്ടിന് കോടതി ഈ കേസിൽ വാദം കേൾക്കും.

സംഭവം വിവാദമായതോടെ രൺവീർ സിംഗ് സോഷ്യൽ മീഡിയയിലൂടെ മാപ്പ് പറഞ്ഞിരുന്നു. ഋഷഭ് ഷെട്ടിയുടെ മികച്ച പ്രകടനത്തെ അഭിനന്ദിക്കാനാണ് താൻ ശ്രമിച്ചതെന്നും ആരുടെയും മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നുമാണ് താരം നൽകിയ വിശദീകരണം. എന്നാൽ പവിത്രമായ ചാവുണ്ടി ദൈവത്തെ അപമാനിച്ചതിനെതിരെ തീരദേശ കർണാടകയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

Tags
ranveer singh Kantara