'കൽക്കി'യുടെ രണ്ടാം ഭാഗത്തിൽ ദീപികാ പദുകോൺ ഇല്ല...
പ്രഭാസ്, ദീപിക പദുകോൺ, അമിതാഭ് ബച്ചൻ, കമൽഹാസൻ തുടങ്ങിയ വമ്പൻ താരങ്ങൾ അഭിനയിച്ച് നാഗ് അശ്വിൻ സംവിധാനം ചെയ്ത ചിത്രമാണ് 'കൽക്കി 2898 എഡി'. കഴിഞ്ഞ വർഷം റിലീസായ ഈ ചിത്രം 1000 കോടിയിലധികം കളക്ഷൻ നേടി എന്നാണ് റിപ്പോർട്ട്. ഇതിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ്ങ് ഉടൻ ആരംഭിക്കുമെന്നാണ് പറയപ്പെടുന്നത്. അതിനായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ, രണ്ടാം ഭാഗത്തിൽ ദീപിക പദുകോൺ ഉണ്ടാകില്ലെന്നുള്ള റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. ഇക്കാര്യം ചിത്രം നിർമ്മിക്കുന്ന വൈജയന്തി മൂവീസ് തന്നെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം ഒരു കുഞ്ഞിന് ജന്മം നൽകിയ ദീപികാ പദുകോൺ ഇപ്പോൾ സിനിമയിൽ അഭിനയിക്കാൻ ഒരു പാട് വ്യവസ്ഥകൾ വെക്കുന്നതായുള്ള റിപ്പോർട്ടുകളുണ്ട്. ഇതിനെ തുടർന്നാണത്രെ പ്രഭാസ് നായകനായി അഭിനയിക്കുന്ന മറ്റൊരു ചിത്രമായ 'സ്പിരിറ്റ്'-ൽ നിന്നും താരം പിന്മാറിയത്. ഇപ്പോൾ 'കൽകി' രണ്ടാം ഭാഗത്തിൽ ദീപിക പദുകോൺ ഉണ്ടാകില്ലെന്ന വാർത്ത ബോളിവുഡിൽ മാത്രമല്ല, തെന്നിന്ത്യൻ സിനിമാ മേഖലകളിലും വാർത്തയായിരിക്കുകയാണ്.