Tuesday, 23 June 2026 | 11:47 PM

Latest

സംഗീതത്തിലെ ഇരട്ട ചക്രവര്‍ത്തിനിമാര്‍

ഡോ. എം.സി. വസിഷ്ഠ് 05 May 2026 12:30 PM
സംഗീതത്തിലെ ഇരട്ട ചക്രവര്‍ത്തിനിമാര്‍

 

ന്ത്യയിലെ ഏറ്റവും ജനപ്രിയ സംഗീതശാഖ ചലച്ചിത്രഗാനശാഖയാണ്. ചലച്ചിത്രഗാനശാഖയില്‍തന്നെ ഒരു കാലത്ത് ഹിന്ദി സിനിമാപ്പാട്ടുകളായിരുന്നു ഇന്ത്യന്‍ ജനപ്രിയ സംഗീതത്തിന്‍റെ മുഖമുദ്രയായി അറിയപ്പെട്ടിരുന്നത്. ഹിന്ദി ചലച്ചിത്ര സംഗീതത്തെ ദശകങ്ങളോളം തങ്ങളുടെ മാസ്മരികമായ ശബ്ദംകൊണ്ട് കീഴടക്കിയ രണ്ട് ഗായികമാരാണ് ലതാമങ്കേഷ്കറും അവരുടെ സഹോദരി ആശാഭോണ്‍സ്ലെയും.

'ഇന്ത്യയുടെ വാനമ്പാടി' എന്നറിയപ്പെടുന്ന ലതയും, വൈവിധ്യമാര്‍ന്ന ഗാനങ്ങളിലൂടെ പേരുകേട്ട ആശാ ഭോണ്‍സ്ലെയും, വര്‍ഷങ്ങളായി ഇന്ത്യന്‍ സംഗീതരംഗത്ത്, പ്രത്യേകിച്ച് ജനപ്രിയ ചലച്ചിത്ര ഗാനരംഗത്ത് തങ്ങളുടെ സ്വരമാധുരിയില്‍ ആധിപത്യം സ്ഥാപിച്ചവരാണ്. രണ്ട് സഹോദരിമാരും പ്രശസ്തമായ മങ്കേഷ്കര്‍ കുടുംബത്തില്‍ നിന്നുള്ളവരാണ്. ലതയും ആശയും മാത്രമല്ല, മങ്കേഷ്കര്‍ സഹോദരങ്ങള്‍ എല്ലാവരും ഗായകരും സംഗീതജ്ഞരുമാണ്.

ലതയുടെ അനുജത്തിയായ മീനാ ഖാദികറും മങ്കേഷ്കര്‍ എന്നാണ് അറിയപ്പെടുന്നത്. മീനയുടെ അനുജത്തി ഉമാ മങ്കേഷ്കറാണ് സഹോദരികളില്‍ ഏറ്റവും ഇളയ ആള്‍. രണ്ടുതവണ ഫിലിം ഫെയര്‍ അവാര്‍ഡ് നേടിയ ഗായികയാണ് ഉഷാമങ്കേഷ്കര്‍. ഉഷയുടെ ഇളയതാണ് സഹോദരിമാരുടെയെല്ലാം ഏക സഹോദരന്‍ ഹൃദയ്നാഥ് മങ്കേഷ്കര്‍. അദ്ദേഹം അറിയപ്പെടുന്ന ഒരു സംഗീത സംവിധായകനാണ്.

ലതാമങ്കേഷ്കറില്‍ നിന്ന് വ്യത്യസ്തശൈലിയിലും ഈണത്തിലുമുള്ള ഗാനങ്ങളാണ് ആശാ ഭോണ്‍സ്ലെയെ ഏറെ ശ്രദ്ധേയയാക്കിയത്. എന്നാല്‍ നിരവധി സംഗീത വിഭവങ്ങള്‍ തനതായ ആലാപനശൈലിയില്‍ പരീക്ഷിച്ചുകൊണ്ട് ആശ സ്വയം തന്‍റെ അസ്തിത്വം സംഗീതലോകത്ത് ഉറപ്പിച്ചു.

ഈ സംഗീത ചക്രവര്‍ത്തിനിമാരുടെ ജനനമാസമാണ് സെപ്തംബര്‍. ലതാമങ്കേഷ്കര്‍ 1929 സെപ്റ്റംബര്‍ 29 നും ആശാ ഭോണ്‍സ്ലെ 1933 സെപ്റ്റംബര്‍ 8 നും ജനിച്ചു. അവര്‍ക്കിടയില്‍ നാല് വര്‍ഷത്തെ വ്യത്യാസമുണ്ട്. ലതാമങ്കേഷ്ക്കര്‍ക്കൊപ്പം ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ ആലപിച്ച ഗായിക ആശാഭോണ്‍സ്ലെയാണ്. 72 ഗാനങ്ങളാണ് അവര്‍ ചേര്‍ന്ന് ആലപിച്ചിട്ടുള്ളത്. അവരുടെ അറിയപ്പെടുന്ന ഗാനങ്ങളില്‍ ചിലത് താഴെ പറയുന്നവയാണ്.

1. മന്‍ ഭവന്‍ കി ഘര്‍ ആയേ(ചോരി ചോരി(1956), സംഗീതം: ശങ്കര്‍ ജയ്കിഷന്‍
2. സുന്‍രി സുന്‍ പാപി ഹബോലെ(മിസ് മേരി(1957) സംഗീതം: ഹേമന്ത് കുമാര്‍.
3. ഓ ചാന്ദ് ജഹാ വോ ജായേ(ശാരദ(1957) സംഗീതം: സി. രാമചന്ദ്രന്‍.
4. മേ ചലി മേ ചലി (പഡോസന്‍(1968) സംഗീതം: ആര്‍.ഡി. ബര്‍മന്‍.
5. മന്‍ ക്യൂന്‍ ബെവ്ക(ഉത്സവ്(1984) സംഗീതം: ലക്ഷ്മികാന്ത്- പ്യാരേലാല്‍.

ഭൂരിപക്ഷം ബോളിവുഡ് ഗായകരും വളരെ കുറച്ച് മലയാള ഗാനങ്ങള്‍ മാത്രമേ ആലപിച്ചിട്ടുള്ളൂ. ലതയും ആശയും, ഇരുവരും ഓരോ മലയാള ഗാനം ആലപിച്ചിട്ടുണ്ട്. മുഹമ്മദ് റഫി, കിഷോര്‍ കുമാര്‍, മന്നാഡേ, തലത് മഹ്മൂദ്, ഹേമലത, കുമാര്‍ സാനു, ഉദിത് നാരായണന്‍, സോനു നിഗം തുടങ്ങിയ ഇതിഹാസ ഗായകരും തങ്ങളുടെ വശ്യമാര്‍ന്ന ശബ്ദം മലയാള സിനിമയ്ക്കായി നല്‍കിയിട്ടുണ്ട്.

രാമുകാര്യാട്ട് സംവിധാനം ചെയ്ത് 1974 ല്‍ പുറത്തുവന്ന നെല്ല് എന്ന സിനിമയ്ക്കാണ് ലതാമങ്കേഷ്കര്‍ പാടിയത്. വയലാറിന്‍റെ വരികള്‍ക്ക് സംഗീതം നല്‍കിയത് സലീല്‍ ചൗധരിയായിരുന്നു. ആശാ ഭോണ്‍സ്ലെയുടെ ഗാനം മൂന്നുവര്‍ഷങ്ങള്‍ക്കുശേഷം പുറത്തുവന്ന ഹരിഹരന്‍ സംവിധാനം ചെയ്ത ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്‍റെ സുജാത എന്ന സിനിമയായിരുന്നു. അതില്‍ മങ്കൊമ്പ് ഗോപാലകൃഷ്ണന്‍റെ വരികള്‍ക്ക് സംഗീതം നല്‍കിയത് ഹിന്ദി ചലച്ചിത്രരംഗത്തെ മുടിചൂടാമന്നനായ രവീന്ദ്ര ജെയിനുമായിരുന്നു.

ഈ സംഗീത ചക്രവര്‍ത്തിനിമാരുടെ മലയാള സിനിമാഗാനങ്ങള്‍ക്ക് വെള്ളിത്തിരയില്‍ ജന്മം നല്‍കിയത് മലയാളസിനിമയിലെ അനുഗൃഹീത നടി, മലയാള സിനിമാപ്രേക്ഷകരുടെ സ്വപ്നസുന്ദരി ജയഭാരതിയായിരുന്നു.

ഏതാണ്ട് അരനൂറ്റാണ്ടായി ഈ രണ്ട് ഗാനങ്ങളും പിറന്നിട്ടെങ്കിലും പാട്ടുകള്‍ ഇഷ്ടപ്പെടുന്ന മലയാളികള്‍ ഈ രണ്ട് ഗാനങ്ങളും ഹൃദയത്തില്‍ തങ്ങളുടെ പ്രിയപ്പെട്ട ഗാനങ്ങളായി ഇപ്പോഴും സൂക്ഷിക്കുന്നു.

 

Tags
lata mangeshkar asha bhosle